ബഹുഭാഷാ പണ്ഡിതനും വിവര്‍ത്തകനും ഗവേഷകനും സഞ്ചരിക്കുന്ന സര്‍വ്വ വിജ്ഞാന കോശമായിരുന്നു സി രാഘവൻ. കയ്യൂര്‍ സമരത്തെ ആസ്പദമാക്കി കന്നഡയില്‍ നിരഞ്ജന എഴുതിയ ചിരസ്മരണ എന്ന നോവല്‍ അതേ പേരില്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തുകൊണ്ടാണ് രാഘവന്‍ മാസ്റ്റര്‍ വിവര്‍ത്തന മേഖലയില്‍ ചുവടുറപ്പിച്ചത്.
കന്നഡ, മലയാളം ഭാഷകള്‍ക്കിടയില്‍ നിന്നു കൊണ്ട് അദ്ദേഹം ഇരു ഭാഷകളിലെയും കൃതികള്‍ അങ്ങോട്ടുമിങ്ങോട്ടും വിവര്‍ത്തനം ചെയ്തു. തുളു ഭാഷയെയും സാഹിത്യത്തെയും കുറിച്ച് അദ്ദേഹം എഴുതിയ തുളുനാടും ഭാഷയും നാട്ടറിവും എന്ന പുസ്തകം ഏറെ പ്രധാനമാണ്. കാസര്‍കോടിന്റെയും തുളുനാടിന്റെയും ചരിത്രവും നാടോടി വിജ്ഞാനീയവും പുറം ലോകത്തെ അറിയിക്കാനും അതു രേഖപ്പെടുത്തിവെക്കാനും രാഘവന്‍ മാസ്റ്റര്‍ നടത്തിയ സേവനങ്ങള്‍ ശ്രദ്ധേയമാണ്.
എം.ടി.യുടെ രണ്ടാമൂഴം, ഭീമായണ എന്ന പേരില്‍ കന്നഡയിലേക്കും ചന്ദ്രശേഖര കമ്പാറിന്റെ സിങ്കാരവ്വ മത്തു അരമനെ എന്ന നോവല്‍ കൂലോത്തെ ചിങ്കാരമ്മ എന്ന പേരില്‍ മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. യു.ആര്‍. അനന്തമൂര്‍ത്തിയുടെ ദിവ്യം എന്ന നോവല്‍ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തതിനു കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഒ. ചന്തു മേനോന്റെ ഇന്ദുലേഖയുടെ കന്നഡ വിവര്‍ത്തനത്തിനാണ് രാഘവന്‍ മാസ്റ്റരെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം തേടിയെത്തിയത്.
പട്ടോലപ്പെരുമ, പമ്പ ഭാരതം പരിഭാഷ എന്നിവ രാഘവന്‍ മാസ്റ്ററുടെ മറ്റു രണ്ടു ശ്രദ്ധേയമായ കൃതികളാണ്. സാറ അബൂബക്കര്‍, ബൊളുവാര്‍ മുഹമ്മദ് കുഞ്ഞി എന്നിവരുടെ കൃതികള്‍ മലയാളത്തിലേക്കും, അയ്യപ്പപ്പണിക്കരുടെ കവിതകള്‍ കന്നഡയിലേക്കും വിവര്‍ത്തനം ചെയ്തു.
കന്നഡയിലെ പ്രശസ്തരായ എഴുത്തുകാരെ മലയാളത്തിനു പരിചയപ്പെടുത്തുകയും, നിരവധി മലയാള കൃതികളും കന്നഡത്തിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അധ്യാപകനായിരുന്ന ഇദ്ദേഹം ഉത്തരദേശം ദിനപത്രത്തിന്‍റെ പത്രാധിപരുമായിരുന്നു. വർദ്ധക്യ സഹജമായ അസുഖത്താൽ 2010 ഫെബ്രുവരി 20 ന് അദ്ദേഹം അന്തരിച്ചു.
ഗിരിജമ്മയാണു ഭാര്യ. ജയലക്ഷ്മി, ആര്‍ ഗിരിധര്‍, സുജാത, വീണാലക്ഷ്മി എന്നിവര്‍ മക്കളാണ്.
C.രഘവനെക്കുറിച്ചുള്ള ലേഖനം വളരെ നന്നായി.
അദ്ദേഹത്തിൻ്റെ ജീവിത വഴികൾ നന്നായ് എഴുതി.അഭിനന്ദനങ്ങൾ