Sunday, December 22, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: 'സി.വി.ശ്രീരാമൻ' ✍അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘സി.വി.ശ്രീരാമൻ’ ✍അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

മലയാളകഥയ്ക്ക് അപരിചിതമായിരുന്ന അഭയാര്‍ത്ഥികളുടെയും തകർന്നു പോയവരുടേയും ജീവിതം അടയാളപ്പെടുത്തിയ സി വി ശ്രീരാമന്റെ ഓർമ്മകളാണ് ഇന്ന് പങ്കുവയ്ക്കുന്നത്. മലയാളി എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന കഥകള്‍. കഥയുടെ ലോകത്ത് മലയാള സാഹിത്യം കൈവരിച്ച മികവിന്റെ ഗംഭീര മാത്യകകളാണ് സി വി ശ്രീരാമന്റെ കഥകള്‍.

കുന്നംകുളം പോർക്കുളം ചെറുതുരുത്തി, വീട്ടിൽ 1931 ഫെബ്രുവരി 7 നാണ് ജനനം. പിതാവ് സിലോണ്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്നതിനാല്‍ കുട്ടിക്കാലം സിലോണിലായിരുന്നു. സിലോണില്‍ പ്രാഥമിക വിദ്യാഭ്യാസം ചെയ്തതിന് ശേഷം കുന്നംകുളം സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ന്നു. തൃശൂര്‍ സെന്‍റ് തോമസ് കോളേജില്‍ ആയിരുന്നു ബിരുദ പഠനം. തുടര്‍ന്ന് മദ്രാസ് ലോ കോളേജില്‍ നിന്നും നിയമ ബിരുദം കരസ്ഥമാക്കി.

തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ എഴുതിയ ‘ഒരു പുതിയ സമരരൂപ’മാണ് ആദ്യ കഥ. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് സി വി ശ്രീരാമന്‍ തന്‍റെ അടുത്തകഥ എഴുതിയത്. ആൻഡമാൻ നിക്കോബാർ ദ്വീപിലെ കിഴക്കൻ ബംഗാൾ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് കേരളത്തിൽ അഭിഭാഷകനായി ജോലി ചെയ്തു. അതുകൊണ്ടുതന്നെ ശ്രീരാമന്‍റെ നിരവധി കഥകളുടെ പശ്ചാത്തലം ശ്രീലങ്കയും കൊൽക്കത്തയും ആൻഡമാനും തമിഴ്നാടും ആയിരുന്നു. പ്രവാസവും ഒറ്റപ്പെടലും അദ്ദേഹത്തിന്‍റെ കഥകളിലെ പ്രധാന വിഷയങ്ങളാണ്. എങ്കിലും ഓരോ കഥകളും വ്യത്യസ്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

തൊഴിലുമായി ബന്ധപ്പെട്ട സി വി ശ്രീരാമന്റെ ജീവിതസാഹചര്യങ്ങൾ ഒരുപാട് അനുഭവങ്ങൾ അദ്ദേഹത്തിന് നൽകുകയുണ്ടായി. ഓരോ അനുഭവങ്ങളും മനോഹരമായ ഭാഷയിൽ അദ്ദേഹം കഥകളാക്കി. അദ്ദേഹത്തിന്‍റെ കഥകളിലെല്ലാം ധാരാളം യാത്രയുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഏതാണ്ട് പൂർണമായും യാത്ര ചെയ്ത എഴുത്തുകാരനാണ് ശ്രീരാമൻ. ഇത്തരം യാത്രകളിൽ നിന്നും ആണ് അദ്ദേഹം തൻറെ കഥയ്ക്കുള്ള വസ്തുക്കൾ ശേഖരിച്ചിരുന്നത്. ഇവ പിന്നീട് ഒന്നാന്തരം കഥകളായി. ബഹളങ്ങളില്ലാതെ ജീവിതത്തെ സ്പർശിക്കുന്ന രചനകളാണ് കൂടുതലും.

ശ്രീരാമന്‍ രചിച്ച അഞ്ചു കഥകള്‍ മലയാളത്തിലെ മികച്ച ചലച്ചിത്രങ്ങളായി മാറുകയുണ്ടായി. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ചിദംബരവും വാസ്തുഹാരയും മലയാള സിനിമയുടെ ചരിത്രത്തിലെ എണ്ണപ്പെട്ട രചനകളാണ്. ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത പൊന്തന്‍മാട, കെ ആര്‍ മോഹനന്‍ സംവിധാനം ചെയ്ത പുരുഷാര്‍ഥം എന്നീ ചലച്ചിത്രങ്ങള്‍ ദേശീയ അന്തര്‍ ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ശ്രീരാമന്റെ കഥകള്‍ എന്ന കഥാ സമാഹാരം നേടുകയുണ്ടായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളും അനുവാചക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ സി വി ശ്രീരാമന്‍ 12 വര്‍ഷം കുന്നംകുളത്തിനടുത്ത പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു,. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സി വി ശ്രീരാമന്‍ 2007 ഒക്ടോബർ പത്തിന് അന്തരിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം അദ്ദേഹത്തിന്റെ ശ്രീരാമന്റെ കഥകള്‍ എന്ന കഥാ സമാഹാരം നേടുകയുണ്ടായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകളും അനുവാചക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വായനക്കാരനെ ആഴത്തിൽ തൊട്ടറിഞ്ഞ മലയാള കഥയിലെ കുലപതിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments