Wednesday, January 15, 2025
Homeസ്പെഷ്യൽനമുക്ക് എ പ്ലസ് സാക്ഷ്യപത്രങ്ങൾ മാത്രം മതിയോ? ✍പി.എൻ.വിജയൻ

നമുക്ക് എ പ്ലസ് സാക്ഷ്യപത്രങ്ങൾ മാത്രം മതിയോ? ✍പി.എൻ.വിജയൻ

പി.എൻ.വിജയൻ

(NCERT യുടെ മൈസൂർ RCE (RIE)യിൽ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപകബിരുദം. മദ്ധ്യപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ, കേന്ദ്രീയ വിദ്യാലയം, ഏംഗ്ലോ ഇന്‍ഡ്യൻ സ്കൂൾ, റെയിൽവേ സ്കൂൾ …ഇംഗ്ലീഷ് അദ്ധ്യാപകൻ. ബ്രിട്ടീഷ് കൗൺസിൽ അംഗീകാരമുള്ള സെക്കന്‍ററിസ്കൂൾ റിസോഴ്‌സ്പേഴ്സൺ.. 36 വർഷത്തെ സേവനം. മികച്ച ഇംഗ്ലീഷ് അദ്ധ്യാപകനുള്ള അംഗീകാരം – ഇത് പത്രാധിപരുടെ അറിവിലേയ്ക്കു മാത്രം)

ഇരുപത്തിനാലുവർഷം മുമ്പെ തമിഴ്നാട്ടിലേയും കേരളത്തിലേയും പത്താം ക്ലാസ് പഠന – പരീക്ഷാരീതികളപ്പറ്റി ഒരു ലഘുതാരതമ്യപഠനം അവതരിപ്പിച്ചു കൊണ്ട് “ഉയരുമോ നമ്മുടെ പത്താം ക്ലാസ് വിജയശതമാനം? ” എന്നൊരു ലേഖനപരമ്പര ഞാൻ എഴുതിയിരുന്നു. (മാതൃഭൂമിദിനപത്രം 1999 മാർച്ച് 31 മുതൽ 3 ദിവസം) അന്ന് കേരളത്തിലെ വിജയശതമാനം 50- 60 -തിന്നിടയിലും തമിഴ്നാട്ടിൽ അത് 70- 80 -തിന്നിടയിലും ആയിരുന്നു. ഇന്ന് രണ്ടുസംസ്ഥാനങ്ങളിലും അത് 95- 98- ആയി ഉയർന്നിരിക്കുന്നു. ഫുൾ A+ നേടുന്നവരുടെ എണ്ണം അത്ഭുതകരമാംവണ്ണം ഉയർന്നിരിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും മാത്രമല്ല സാമുഹ്യപാഠത്തിൽപ്പോലും 100 % ഒരു വെല്ലുവിളിയേ അല്ല എന്നു തെളിഞ്ഞിരിക്കുന്നു. അതിന്നുമുമ്പെ കണക്കിനും സയിൻസിനും മാത്രമായിരുന്നു ഈ അവകാശം.

2011 ൽ സേവനത്തിൽ നിന്നു പിരിഞ്ഞശേഷം , കോയമ്പത്തൂരിലെ ഒരു റിട്ടയേഡ് കോളേജ്അദ്ധ്യാപകനുവേണ്ടി , ഒരു പ്രോജക്ടിന്‍റെ ഭാഗമായി കേരളത്തിലെ അമ്പതോളം മലയാളം മീഡിയം – ഇംഗ്ലീഷുമീഡിയം സ്കൂളുകളും ചുരുക്കംചില കോളേജുകളും ഒന്നുരണ്ടു ഇംഗ്ലീഷ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഞാന്‍ സന്ദർശിക്കുകയുണ്ടായി.

പ്രൊഫസർ സൂര്യനാരായണയുടെ വിഷയം “ഇന്‍ഡ്യന്‍ സെക്കന്‍ററി സ്കൂളുകളിൽ ഭാഷയുടെ വർത്തമാനാവസ്ഥ “. എന്നതായിരുന്നു. ഇതുമായിബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളാണ് ഇതെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

നമ്മുടെ വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം മലയാളത്തിലും ഇംഗ്ലീഷിലും മികച്ചമാർക്കു നേടുന്നവരാണ്, എന്നാൽ രണ്ടുഭാഷയിലും വൃത്തിയായും വെടിപ്പായും എഴുതുവാനും സംസാരിക്കുവാനും കഴിവുള്ള മിടുക്കന്മാർ കുറവാണ് എന്ന വസ്തുത നമ്മെ സങ്കടപ്പെടുത്തുന്നതാണ്.

നമ്മുടെ പ്രശസ്തരായ ചിന്തകന്മാരും ശാസ്ത്രജ്ഞന്മാരും നയതന്ത്രജ്ഞന്മാരും ഭരണാധിപന്മാരും അവരുടെ മാതൃഭാഷയിലാണ് വിദ്യാഭ്യാസം തുടങ്ങിയത്. ചെറുപ്പകാലത്ത് മാതൃഭാഷ ഉറച്ചു കിട്ടിയതുകൊണ്ടാണ് അവർക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യാൻ കഴിഞ്ഞത്. ഗാന്ധിജിയും ടഗോറും അമ്പേദ്ക്കറും ഡോ. എസ്. രാധാകൃഷ്ണനും Silver tongued Sir. ശ്രീനിവാസശാസ്ത്രിയും മാതൃഭാഷയിൽ പഠനം തുടങ്ങിയവരാണ്. ജവഹർലാൽ നെഹ്രുവോ അരുന്ധതീ റോയിയോ ശശി തരൂരോ.. അങ്ങനെ വിരലില്‍ എണ്ണാവുന്നവർ ആയിരിക്കും അപവാദം.

പറഞ്ഞുതുടങ്ങിയ സ്കൂൾ വിഷയത്തിലേയ്ക്കു തിരിച്ചു വരാം. ഇവിടെ സംഘടനാതെരഞ്ഞെടുപ്പുകളും ഉത്സവാഘോഷങ്ങളും കലാകായികശാസത്രമേളകളും കഴിഞ്ഞ് പഠിക്കാൻ കിട്ടുന്ന ദിവസങ്ങൾ എത്രയെന്നും അതിൽ സ്ട്രൈക്കുകൾ, ബന്തുകൾ, ഹർത്താലുകൾ എന്നിവയും പരീക്ഷാദിവസങ്ങളും പരിശീലനദിവസങ്ങളും കുറച്ചാൽ കൃത്യമായും പഠിക്കാനുള്ള മണിക്കുറുകൾ കണക്കാക്കി നമ്മളെ അത്ഭുതപ്പെടുത്തിയവരുണ്ട് .ആ കണക്കുകൾ വിദ്യാഭ്യാസപ്രവർത്തകർ സമ്മതിച്ചിട്ടുമുട്ടുണ്ട്.

എന്‍റെ എളിയ ക്ലാസ്റൂംനിരീക്ഷണങ്ങളിൽ നിന്ന് കണ്ടെടുത്ത ചിലവസ്തുതകൾ താഴെ:

1. പത്ത് – പന്ത്രണ്ടു ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികളിൽ മിക്കവർക്കും ഒരു ലീവ് ലെറ്റർ എഴുതാനോ , ഒരു അപേക്ഷാ ഫോം പൂരിപ്പിക്കാനോ, സ്വന്തമായി ഒരുഅപേക്ഷ തയ്യാറാക്കാനോ, ബേങ്ക്, ഫോസ്റ്റ്ഓഫീസ് ഇടപാടുകൾ നടത്താനോ വേണ്ടത്ര പരിശീലനം കിട്ടുന്നില്ല.

2. ചോദ്യപേപ്പറുകളിൽ കാണുന്ന പരസ്യങ്ങൾ, മുദ്രാവാക്യങ്ങൾ എന്നിവ എഴുതുക, സംഭാഷണങ്ങൾ പൂർത്തിയാക്കുക, അഭിമുഖങ്ങൾ തയ്യാറാക്കുക, കഥാഭാഗങ്ങൾ കവിതാശകലങ്ങൾ എന്നിവയാട് പ്രതികരിക്കുക… തുടങ്ങിയ നവീനരീതികൾ അഭികാമ്യമാണെങ്കിലും ഇതിന്നുള്ള പരിശീലനം കിട്ടുന്നത് ട്യൂഷൻ കേന്ദ്രങ്ങളിൽനിന്നും ഗൈഡുപുസ്തകങ്ങളിൽനിന്നുമാണ്. അതു പലപ്പോഴും വിദഗ്ദ്ധരുടെ പിന്തുണയോടെയല്ല.

3. എല്ലാ ചോദ്യങ്ങൾക്കും പൂർണ്ണമായ ഉത്തരങ്ങൾ ആവശ്യമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കയ്യക്ഷരം ഒരു ഘടകമേയല്ല. അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും അവഗണിക്കപ്പെടുന്നു. ആശയങ്ങൾ വിശദീകരിക്കാതെ സൂചനകളിൽ ഒതുക്കാമെന്നായിരിക്കുന്നു.

4. ഇന്ത്യയുടെ പ്രധാനമന്ത്രി ആര് എന്ന ചോദ്യത്തിന് ഏതെങ്കിലും ഒരു പ്രധാനമന്ത്രിയുടെ പേർ എഴുതിയാൽ മതി. മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും പലവിദ്യാർത്ഥികൾക്കും ഒരേകുടുംബത്തിലെ അംഗങ്ങളാണ്, സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണ്. ഒരു ഗാന്ധിജയന്തി ദിനത്തിൽ, ഗാന്ധിയുടെ പുതിയ ചിത്രം ആവശ്യപ്പെട്ടപ്പോൾ രാജീവ് ഗാന്ധിയുടെ ചിത്രം ഫ്രെയിം ചെയ്തു കൊണ്ടുവന്ന ഒരു യുവഅദ്ധ്യാപകനെ ഒരു കഥാകൃത്ത് ചിത്രീകരിച്ചിട്ടുണ്ട്. കഥയിൽ ഒതുങ്ങുന്നില്ല കണ്ടെത്തലുകൾ. സീതാപതി ആർ എന്ന ചോദ്യത്തിന് ഭീമൻ എന്നെഴുതിയാലും അരമാർക്കു കിട്ടും. ശരിയായ ഉത്തരത്തിന്റെ പാതി അതിലുണ്ടെന്നു വാദിക്കാം.

5. ഇംഗ്ലീഷ്ഭാഷ അഭ്യസിപ്പിക്കുന്നവർ Letters, Words, Phrases, Idioms, Clauses, Sentences, Passages, Paragraphs…. എന്ന ക്രമത്തിൽ ഭാഷ പരിചയപ്പെടുത്തുന്നില്ല. ഒന്നിൽ നിന്ന് മറ്റൊന്ന് തിരിച്ചറിയാനോ, വേർതിരിക്കാനോ, മാറ്റിയെഴുതാനോ വിദ്യാർത്ഥിക്കു കഴിയുന്നില്ല.

6. Capital letters, Script letters, Small Letters, Italics, Punctuations, Spacing, Sentence formation, Paragraph changing, Organization of ideas…. എന്നീ കാര്യങ്ങളെക്കുറിച്ച് മിക്കവിദ്യാർത്ഥികളും അജ്ഞരാണ്.

7. സ്ഥിരമായി പലവിദ്യാർത്ഥികളും തെറ്റിയെഴുന്ന ഇംഗ്ലീഷ് വാക്കുകള്‍ ധാരാളം. ഉദാഹരണത്തിന്:

Class meet, (Class mate); Tution (Tuition);
Feaver (Fever); Pronounciation (pronunciation); Boy’s hostel (Boys’ hostel); Your’s faithfully(Yours)

8 .ഇംഗ്ലീഷ് ഭാഷയിലെ Homophones, Homonyms നമ്മുടെ കുട്ടികളെ പലപ്പോഴും കുഴക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലും മാതൃഭാഷയിൽ പഠിക്കുന്നവരേക്കാൾ ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്നവർക്കാണ് ഇവതമ്മിൽ തിരിച്ചറിയാൻ കൂടുതൽ പ്രയാസം.

Homophones: ഉച്ചാരണം മിക്കവാറും ഒരേതരത്തിലാണെങ്കിലും അർത്ഥതലത്തിൽ വലിയ വ്യത്യാസമുള്ള വാക്കുകൾ

grace, graze; weather, whether; Dear, deer; diary,dairy; Bear, Bare; Fair, Fare….തുടങ്ങിയവ ഉദാഹരണങ്ങള്‍

Homonyms: ഒരേഅക്ഷരക്രമവും ഒരേഉച്ചാരണവും ആണെങ്കിലും രണ്ടോ രണ്ടിലേറെയോ വ്യത്യസ്ത അർത്ഥങ്ങളുള്ള വാക്കുകൾ. നാമമായും നാമവിശേഷണമായും ക്രിയയായും ഇവ ഉപയോഗിക്കാവുന്നവയാണ്. അങ്ങനെ ഉപയോഗിക്കുമ്പോൾ അർത്ഥം മാറുന്നവയുമാണ്. ഉദാഹരണങ്ങള്‍: Right (right hand; human right); Watch (wrist watch; watch dog); Bore ( bore well; A big bore; don’t bore ; Sound (Sound sleep; sound the horn; l heard a sound); Fine (a fine film; paid the fine)

9. മിടുക്കന്മാരായ വിദ്യാർത്ഥികൾക്കും ചിലവാക്കുകളുടെ tense ഉം Spelling ഉം തെറ്റുന്നു

Send – sent; Bend – bent; Lend- lent

പലരും എഴുതുമ്പോൾ Kindly sent me your notes എന്നും I have already send you എന്നും തെറ്റിയെഴുതുന്നു.

10. അതുപോലെ വിദ്യാർത്ഥി വിധ്യാർത്തിയും അദ്ധ്യാപകൻ അദ്യാബകനും ആവുന്ന സന്ദർഭങ്ങളും ഉണ്ട്. വിദഗ്ദ്ധൻ, സന്ദിഗ്ദ്ധം, പ്രസിദ്ധം.. എന്നൊക്കെ എഴുതാൻ കഴിയുന്നവർ ചുരുക്കം. ചിലർക്ക് എഴുതുന്ന പോലെ വായിക്കാൻ കഴിയില്ലെങ്കിലും പറയുന്നതുപോലെ എഴുതാൻ കഴിയും. സങ്കം, ശങ്ക്, രതം, രാകവൻ, രാജതാനി… പണ്ട് ലൈറ്റില്ലാതെ സൈക്കിളിൽ ഡബിൾ വെച്ചു വന്ന ഒരാളെ പോലീസ് പിടിച്ച ഒരു കഥയുണ്ടായിരുന്നു. രണ്ടു രൂപ ചാർജു ചെയ്ത ശേഷം പേര് ചോദിച്ചപ്പോൾ – ശാർങ്ഗരവൻ, ശാരദ്വതൻ. ആ പേരുകൾ എഴുതാൻ അറിയാത്ത പോലീസുകാരൻ അവരെ താക്കീതു നൽകി വിട്ടു എന്നാണ് കഥ. നമ്മുടെ കാലഘട്ടത്തിൽ പോലീസുകാർ മാത്രമാവില്ല ഈ ഇളവ് അനുവദിക്കുക.

ഭാഷാപ്രയോഗങ്ങൾ സ്വായത്തമാക്കാനും പ്രയോഗിച്ചു പരിചയിക്കാനും ചില ലളിതമായ നിർദ്ദേശങ്ങൾ താഴെ:

മാതൃഭാഷ നാം കൈകാര്യം ചെയ്യാൻ തുടങ്ങുന്നത് അനുകരണത്തിലൂടെയാണ്. മലയാളി തമിഴ്നാട്ടിൽ പോയാൽ തമിഴ് സംസാരഭാഷ പെട്ടെന്നു പഠിക്കുന്നു. അതുപോലെ ഹിന്ദിയും ബംഗാളിയുമെല്ലാം കേട്ടാണ് പഠിക്കുന്നത്. ഇംഗ്ലീഷുഭാഷ സ്ക്കൂളുകളിൽ എഴുതിയാണ് നാം പഠിപ്പിക്കുന്നത്. ആ രീതി അങ്ങനെയാണ് നാം തുടങ്ങിയതും തുടരുന്നതും.. എന്നാൽ ഇംഗ്ലീഷുവാക്കുകളുടെയും സംഭാഷണങ്ങളുടെയും ശരിയായ ശബ്ദരൂപം കേൾക്കാനുള്ള സൗകര്യമുണ്ടാക്കുകയാണുവേണ്ടത്.

നമ്മുടെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഉച്ചാരണവും സംസാരശീലവും പ്രഭാഷണചാതുരിയും നന്നാക്കിയെടുക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് ആലോചിക്കാം.

1. നമ്മുടെ സ്മാർട്ടു ക്ലാസുകളിൽ ഇന്‍റെര്‍നെറ്റുസൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. കിഡ്സ് സ്റ്റോറീസ്, കിഡ്സ് സ്പീച്ചസ്, ബെഡ് റ്റൈം സ്റ്റോറീസ്, സ്റ്റോറി ടെല്ലിങ്ങ്, പ്രൊഫഷനൽ സ്പീച്ചസ്…… തുടങ്ങിയവ ഡൗൺലോഡ് ചെയ്ത് അവരെ കേൾപ്പിക്കുക

മലയാളത്തിലും ഇംഗ്ലീഷിലും പ്രചാരത്തിലുള്ള പ്രമുഖ നഴ്സറി റൈമുകളും പ്രശസ്തമായ കവിതകളും കഥകളും നാടകങ്ങളും നെറ്റിൽ ഉണ്ട്. അവ സമർത്ഥമായി പ്രയോജനപ്പെടുത്തിയാണ് കലാമേളകളിൽ മലയാളം, ഇംഗ്ലീഷ് ഹിന്ദി, ഉറുദു, തമിഴ്, കന്നട..കവിതാപാരായണം, പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ പലമിടുക്കന്മാരും മിടുക്കികളും സമ്മാനങ്ങൾ നേടിയത്. ഇത്തരം വേദികളിൽ വിധിനിർണ്ണയത്തിന്ന് അവസരമുണ്ടായ എന്‍റെ അത്ഭുതം വലുതായിരുന്നു. വൈലോപ്പിള്ളിയുടെ “ഊഞ്ഞാൽ “, ഒ.എൻ.വിയുടെ “ഗോതമ്പുമണികൾ “, എൻ.എൻ. കക്കാടിൻ്റെ “സഫലമീയാത്ര”, മുരുകൻ കാട്ടാക്കടയുടെ ” കണ്ണട ” തുടങ്ങിയകവിതകൾ മാത്രമല്ല , ടെന്നിസൻ്റെ “യുളീസസ്”, കോളിറിജിന്‍റെ “ഏൻഷ്യന്റ് മേറിനർ” തൊട്ട് ആധുനിക കവിയും ഗാനരചയിതാവുമായ ബോബ് ഡിലന്‍റെ രചനകൾവരെ ജില്ലാതലമത്സരങ്ങളിൽ ഞാൻ കേട്ടുതരിച്ചിരുന്നു. എനിക്കു പരിചയമുള്ള ഊട്ടിയിലെ ലൗ ഡെയിൽ, കോയമ്പത്തൂരിലെ സ്റ്റെയ്ൻസ്, യേർക്കാട്ടിലെ മോണ്ട്ഫോഡ് ,മദ്രാസിലെ സെന്റ് ജോർജസ് തുടങ്ങിയ മികച്ച സ്കൂളുകളിലെ 1970 – 80 കാലത്തെ മോഡൽ വിദ്യാർത്ഥികളെ അതിശയിക്കുന്ന അക്ഷരസ്ഫുടതയും സ്വരശുദ്ധിയുമാണ് നമ്മുടെ മലപ്പുറം ജില്ലയിലെ ചിലകുട്ടികൾ കാഴ്ചവെച്ചത്. അതിന്നു കാരണം ഇൻറർനെറ്റ് സൗകര്യങ്ങളാണ്. അനുകരണമാണ്. ആവർത്തിച്ച് ചൊല്ലിക്കേട്ട് പരിശീലിച്ചതാണ്. ഈ ഈർജ്ജവും ഉത്സാഹവും പരിശീലനത്വരയും കലാമേളകളിൽ സമ്മാനം നേടുന്നതിന്നുവേണ്ടി മാത്രമായി ചുരുങ്ങാതെ, ഭാഷയെ പിന്തുടരാനും പഠിക്കാനുംവേണ്ടി സഫലമായി പ്രയോജനപ്പെടുത്തണം.

2. ഇതിന്നു വായനയും സഹായകമാവും. പാഠപുസ്തകങ്ങൾക്കു പുറമേ, മലയാളത്തിലുള്ള ബാലസാഹിത്യകൃതികൾക്കൊപ്പം പുരാണപുനരാഖ്യാനകഥകളും വർത്തമാനകാലസാഹിത്യ കൃതികളും വായിക്കണം. ഇംഗ്ലീഷിലുള്ള കോമിക്കുകൾ, പഞ്ചതന്ത്ര സ്റ്റോറീസ്, തെനാലിരാമൻ സ്റ്റോറിസ്; ഇംഗ്ലീഷ് ഫെയറി ടെയ്ൽസ്; ഫോക്ടെയ്ൽസ്; അറേബ്യൻ നൈറ്റ്സ് ; ക്ലാസിക്സ് റീ ടോൾഡ്.. എന്നിവയും വായിക്കണം. സ്കൂൾ ലൈബ്രറിയും പബ്ലിക്ക് ലൈബ്രറികളും പരമാവധി പ്രയോജനപ്പെടുത്തണം. ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ പുസ്തകങ്ങളും എൻ.സി.ഇ.ആർ ടി; ഹൈദരാബാദ് ലേംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്; ഐ. ഇ.എൽ. ടി; ബ്രിട്ടീഷ് കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ഭാഷാപഠനസഹായികളും സ്വന്തമാക്കുക “ഇംപ്രൂവ് യുവർ ഇംഗ്ലീഷ്, “നൊ യുവർ ഇംഗ്ലീഷ് ” തുടങ്ങിയ ദിനപത്രങ്ങളിലെ കോളങ്ങളും പിന്തുടരുക. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പി.കെ ജയരാജ് വർഷങ്ങളായി എഴുതിവരുന്ന, കേംബ്രിജ് യൂനിവേഴ്സിറ്റി അധികൃതർ അംഗീകരിച്ച “Enrich Your English” എന്ന പുസ്തകപരമ്പരയുമായി പരിചയപ്പെടുക.

3. നമ്മുടെ സ്കൂളുകളിലും കോളേജുകളിലും ഇംഗ്ലീഷ് ക്ലാസുകളിൽ കഴിയുന്നത്ര ഇംഗ്ലീഷ്ഭാഷ മാത്രം സംസാക്കുക. മികച്ച ഇംഗ്ലീഷ് പ്രഭാഷകരെ ഉൾപ്പെടുത്തി കലാസാഹിത്യസംഗമങ്ങൾ സംഘടിപ്പിക്കുക. ഞാൻ പങ്കെടുത്ത ചില യോഗങ്ങളിൽ മലയാളപരിപാടികൾക്കുപോലും ഇംഗ്ലീഷിലുള്ള അനൗൺസ്മെൻറുകൾ കേൾക്കുകയുണ്ടായി. എന്നാൽ ഇംഗ്ലീഷ്സാഹിത്യയോഗങ്ങളിൽ അദ്ധ്യാപകർ ഇംഗ്ലീഷിലും വിദ്യാർത്ഥികൾ മലയാളത്തിലും സംസാരിച്ച സന്ദർഭവുമുണ്ടായിരുന്നു. ഇപ്പോൾ സ്കൂൾ തലത്തിൽ ഇംഗ്ലീഷ് ക്ലബ്ബുകളും ഫോറിൻ ടൂറിസ്റ്റുകൾ അതിഥികളായുള്ള ക്ലാസ്റൂം ഇന്ററേക്ഷനുകളും തുടങ്ങിയിട്ടുണ്ട്. അങ്ങനെയുള്ള പരിപാടികൾ എല്ലാവിദ്യാലയങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതു ഗുണകരമാണ്.

ഇങ്ങനെയൊക്കെ പ്രയത്നിക്കാൻ നമ്മുടെ കുട്ടികൾ തയ്യാറായാൽ, അതിന് അവരെ അദ്ധ്യാപകരും രക്ഷിതാക്കളും പ്രോത്സാഹിപ്പിക്കാൻ ഒപ്പമുണ്ടായാൽ നമ്മുടെ കുട്ടികളുടെ സാക്ഷ്യപത്രങ്ങൾ തിളങ്ങും. അതിലെ A+ കൾക്കും B+ കൾക്കും അർത്ഥമുണ്ടാവും.

✍പി.എൻ.വിജയൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments