Logo Below Image
Tuesday, July 8, 2025
Logo Below Image
Homeസ്പെഷ്യൽനഗരവിശേഷം (ഓർമ്മക്കുറിപ്പ്) ✍ റോമി ബെന്നി

നഗരവിശേഷം (ഓർമ്മക്കുറിപ്പ്) ✍ റോമി ബെന്നി

ജന്മനാടിന്റെ വീഥികളിലൂടെ മാത്രം ഓർമകളിങ്ങനെ സഞ്ചരിക്കുമ്പോൾ മറന്നു കളയാൻ പാടില്ലാത്ത ഒരിടം കൂടിയുണ്ട്. ബാല്യകാലാനുഭവങ്ങളെ കൂടുതൽ ആസ്വാദ്യകരവും വ്യത്യസ്തവുമാക്കി തന്ന അമ്മവീട്.

അവധിക്കാലത്തു മാത്രം പോയി പാർക്കാൻ അനുവദനീയമായ സ്ഥലം. അല്ലാത്തപ്പോൾ ഇടയ്ക്കിടെ പോകുമെങ്കിലും പിറ്റേന്നു തന്നെ മടക്കം. സ്മരണയിൽ നിന്നൊരിക്കലും മായിച്ചുകളയാനാവാത്ത ആ വീടും എക്കാലവും മഹാ നഗരവുമായ എറണാകുളത്തിൻ്റെ ഹൃദയഭാഗത്തു ജീവിക്കാനായ നാളുകളും ഓർമയിൽ ഇന്നും പച്ചപിടിച്ചു നിൽപ്പുണ്ട്.

പിറന്നു വീണ ആശുപത്രിയിൽ നിന്ന് അമ്മ വീട്ടിലേയ്ക്കാണല്ലോ ആദ്യയാത്രയും ഗൃഹപ്രവേശവും. അവിടമാണല്ലോ പ്രഥമ വിദ്യാലയം. ഗന്ധത്തെ, നിറങ്ങളെ , രുചിയെ , സ്പർശത്തെ, ശബ്ദത്തെ തിരിച്ചറിയാൻ പഞ്ചേന്ദ്രിയങ്ങൾ പിച്ചവെച്ചു വളർന്നയിടം.

അബോധമനസിൽ മറഞ്ഞു കിടക്കുന്ന ഭൂതകാലസ്മരണയിലെ മറവിയുടെ നിഴലുകളകത്തി ഒന്നടുക്കി പെറുക്കിയാൽ കൃത്യത വരില്ലയെങ്കിലും ഒരു ശ്രമം മാത്രം.

ഇന്നു കാണുന്ന തിരക്കും കോലാഹലവും അന്ന് എറണാകുളം പട്ടണത്തിന് ഇല്ലായിരുന്നുവെങ്കിലും ഗ്രാമവാസിയായ എനിക്ക് അവിടം ശബ്ദമുഖരിതവും ജന സാന്ദ്രതയേറിയ പ്രദേശവുമായി അനുഭവപ്പെട്ടിരുന്നു .

എന്റെ പഴകി മറന്നു പോയ ഓർമയെ ചികയുമ്പോൾ ആദ്യമോടി വരുന്നത് ചവിട്ടുന്ന റിക്ഷാവണ്ടിയാണ്. ഓട്ടോറിക്ഷയ്ക്കു പകരം അവിടെ ചെറുയാത്രകൾക്കായി ഉപയോഗിച്ചിരുന്നത് ചവിട്ടുന്ന റിക്ഷാ സൈക്കിൾ ആണ്. അതിനും മുൻപ് വലിച്ചു കൊണ്ടു പോകുന്നത് ഉണ്ടായിരുന്നു. അത് ഞാൻ കണ്ടിട്ടില്ല. റിക്ഷാ സൈക്കിളിൽ സഞ്ചരിച്ചിട്ടുണ്ട്. കയറി കഴിഞ്ഞാൽ ബലൂൺ പോലുള്ള ഹോണിൽ പോം ശബ്ദമുണ്ടാക്കി റിക്ഷാക്കാരൻ സൈക്കിൾ ചവിട്ടി ഓടിക്കും. പല തവണ കയറിയിട്ടുണ്ട്. അധിക ദൂരത്തല്ലാത്ത ബന്ധു വീടുകളിൽ മുതിർന്നവരുമൊത്ത് പോയിട്ടുമുണ്ട്.

അമ്മ വീട്ടിൽ വേനലവധി ചെലവഴിച്ച വിശേഷങ്ങൾ പങ്കിടുമ്പോൾ കുടുംബാംഗങ്ങളെ പരിചയപ്പെടുത്താതെയിരിക്കുന്നതെങ്ങനെ?. അഞ്ചു ആങ്ങളമാരും, രണ്ടു ചേച്ചിമാരും പിന്നെ അമ്മാമ്മയും ആണ് അവിടെയുള്ളത്.

ഇളയ രണ്ടു സഹോദരങ്ങളും അവരുടെ കുടുംബവും, പിന്നെ വല്യാന്റിയും, അമ്മാമ്മയുമാണ് ഓർമപുസ്തകത്തിലെ പ്രധാന കഥാപാത്രങ്ങൾ. മറ്റുള്ള സഹോദരങ്ങൾ കുടുംബമായി മാറി താമസിക്കുന്നുവെങ്കിലും അവധിക്കാലത്ത് അവരും വന്നും പോയും ഇരിക്കും.

അപ്പാപ്പന്മാർ രണ്ടു സൈഡിലും ഞാൻ ജനിക്കും മുമ്പേ മൺമറഞ്ഞു പോയതുകൊണ്ട് അവരുടെ സ്നേഹം എന്തെന്നറിഞ്ഞിട്ടില്ല. അപ്പച്ചന്റെ അപ്പൻ കർഷകനായിരുന്നുവെങ്കിൽ എറണാകുളത്തെ അപ്പാപ്പൻ ബിസിനസുകാരനായിരുന്നു.

എറണാകുളത്തും, മട്ടാഞ്ചേരിയിലും, വൈക്കത്തും,തേവരയിലുമൊക്കെ കടകൾ ഉള്ളവരായിരുന്നു അമ്മ വീട്ടുകാർ. പ്യാരി കമ്പനിയുടെ കമ്പ്രസ്ഡ് ഗ്യാസ് സിലിണ്ടറുകളുടെ എജൻസിയായിരുന്നു ഉണ്ടായിരുന്നത് .

അമ്മ പറയുമായിരുന്നു , കൃഷി ഭൂമിയുടമകളായ ഭർത്താവിന്റെ വീട്ടിൽ നിൽക്കുമ്പോൾ മഴ വരാൻ പ്രാർത്ഥന, സ്വന്തം വീട്ടിൽ ചെന്നാൽ ബിസിനസ് കുറയുന്നതുകൊണ്ട് മഴ വരല്ലേയെന്നു പ്രാർത്ഥന. ഒരിടത്ത് വേനൽ മൂക്കുമ്പോൾ കൃഷിക്ക് ജലം വേണം. അതിനു മഴയാണ് ആശ്രയം. കുടുംബ പ്രാർത്ഥനയിൽ മഴ വരാൻ പ്രത്യേക പ്രാർത്ഥന ഉൾപ്പെടുത്തുമായിരുന്നു. എന്നാൽ കച്ചവടം മഴവന്നാൽ കുറഞ്ഞു പോകുന്നതു കൊണ്ട് എറണാകുളത്തെ വീട്ടിൽ മഴവരല്ലെ എന്നു പ്രാർത്ഥന. പാവം അമ്മ രണ്ടിടവും വേണം താനും.

ഞാനിന്ന് അത്ഭുതത്തോടെ ചിന്തിച്ചു പോകുന്നത്, അമ്മ ജീവിതത്തിൽ ചെയ്ത പരിത്യാഗത്തെ കുറിച്ചാണ്. എറണാകുളത്തെ പ്രശസ്ത കലാലയങ്ങളിൽ പഠിക്കാൻ വീട്ടിൽ നിന്നു നടന്നു പോകാനുളള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു.അന്നത്തെ കാലത്ത് എല്ലാ സൗകര്യങ്ങളും പരിഷ്കാരവും നിറഞ്ഞുനിന്ന സിറ്റി. അവിടെ നിന്ന് നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഗ്രാമത്തിൽ കൃഷിയും , തൊഴുത്തും, പറമ്പും,  പരിസരവും, ഇതിനിടെ മഴക്കാലത്ത് ഇടവഴിയിലെമുട്ടോളം വെള്ളം നീന്തി സ്കൂളിൽ ജോലിക്കുപോകലും, കുടുംബ പരിപാലനവും ഒരു തരത്തിലും പരിചയമില്ലാത്താ ജീവിത സാഹചര്യത്തോട് പൊരുത്തപ്പെടേണ്ടി വന്ന ജീവിതം.

നഗരത്തിൽ കിട്ടിയ കോളേജധ്യാപിക ജോലി പോലും തറവാട്ടിൽ നിൽക്കാൻ വേണ്ടി ഉപേക്ഷിച്ചത് എത്ര വലിയ ത്യാഗമായിരുന്നു. ഇന്നത്തെ കാലത്ത് ആരും ചെയ്യാൻ തയ്യാറാകാത്ത വിട്ടുവീഴ്ചകൾ തന്നെയായിരുന്നു അവരുടെ ജീവിതമെന്നു പറയാതെ പോകുന്നത് ശരിയല്ല. നഗരത്തിലേയ്ക്ക് ചേക്കേറാൻ എല്ലാ സാധ്യതകളും , അവസരവും ഉണ്ടായിരുന്നിട്ടും വേരുകളെ പിഴുതെറിഞ്ഞു കളയാതെ സ്വന്തം സൗകര്യങ്ങൾ ഉപേക്ഷിച്ചുള്ള ജീവിതം.

ഓർമയിലെ എറണാകുളം കാഴ്ചകളും ഇന്നത്തെ പട്ടണ ദൃശ്യവും തമ്മിൽ അജഗജാന്തരമുണ്ട്.

അടുക്കും ചിട്ടയുമില്ലാത്ത കുഞ്ഞോർമകൾ ഞാൻ എഴുതുമ്പോൾ ആ കാലമെൻ്റെ മുൻപിൽ എറണാകുളം കായലിൽ നിന്നു പാറി പറന്നെത്തിയ കാറ്റുപോൽ തെന്നി തെന്നി പോകുന്ന ഒരു അനുഭൂതി.

അമ്മ വീടിന്റെ ആദ്യ മുറി ഒരു ഹാളാണ്. ഭിത്തിയിൽ നിറയെ ഫോട്ടോകൾ ഫ്രെയിം ചെയ്ത് തൂക്കിയിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഞങ്ങളുടെ അമ്മ ഗൗണൊക്കെയിട്ട് തലയിൽ തൊപ്പി പോലെ എന്തോ വെച്ച് കുടുംബത്തിലെ ആദ്യത്തെ ഇക്കണോമിക്സ് ബിരുദധാരി ആയതിന്റെ പടമാണ്. ഇന്ന് കെ.ജി. കുട്ടികൾക്കുപോലും നൽകുന്ന സർവ്വസാധാരണമായ കൊൺവൊക്കേഷൻ സെറിമണി ബിരുദദാന ചടങ്ങിനാണ് അന്ന് നൽകിയിരുന്നത്. വീടിന്റെ അഭിമാനസ്തംഭമെന്ന പോലെ ബ്ലാക്ക് ആൻ്റ് വൈറ്റ് ചിത്രം അവിടെ ശോഭിച്ചിരുന്നു.

മറൈൻ ഡ്രൈവിലെ കാറ്റേൽക്കാൻ രാത്രി ഭക്ഷണം കഴിഞ്ഞ് അമ്മാവന്മാർ രണ്ടു പേർ കുട്ടിപ്പട്ടാളവുമായി ഇറങ്ങാറുണ്ട്. അമ്മയുടെ ആങ്ങളമാരെ അവരുടെ പേരുകൂട്ടി ‘അച്ച’ എന്നാണ് വിളിക്കുന്നത്. ഞങ്ങൾ കുട്ടികൾക്ക് ആത്മബന്ധവും അടുപ്പവുമൊക്കെ ഇളയ അച്ചമാരുമായാണ്. എല്ലാവരും ഒത്തിരി കരുതലും സ്നേഹവുമുള്ളവർ. പാട്ടിനും, പഠിപ്പിനും, കലകൾക്കും പ്രാധാന്യം കൊടുത്തിരുന്നവർ.

ഇന്നു കാണുന്ന കെട്ടിടങ്ങളില്ലാത്ത വിശാലമായ മറൈൻ ഡ്രൈവ് . പുഴ നികത്തി വരുന്നതേയുള്ളു. കപ്പലണ്ടി വറുത്തതും കൊറിച്ച് അത്താഴം കഴിഞ്ഞ് അരക്കാതം നടന്ന് വീട്ടിലെത്തിയാൽ പെട്ടെന്ന് ഉറങ്ങിപ്പോകും.

നേരം പുലർന്നാൽ പിന്നെ വൈകുന്നേരമാകാൻ കാത്തിരിക്കും. ഗ്രാമത്തിൽ നേരെ തിരിച്ചും. വെയിലാറിയാൽ പാർക്കുകളിൽ കൊണ്ടു പോകും. ഗ്രാമത്തിൽ നിന്നു വ്യത്യസ്തമായ അന്തരീക്ഷം. ചിൽഡ്രൻസ്പാർക്കിൽ അൻപതു പൈസയുടെ ടോക്കൺ എടുത്താൽ സ്കൂട്ടർ ചവിട്ടാം. എഴുപത്തഞ്ചു പൈസയ്ക്ക് കാറും ചവിട്ടി നടക്കാം. ജീപ്പു ചവിട്ടണമെങ്കിൽ ഒരു രൂപയിലധികമാണ്. മണിക്കൂറിനാണ് പണം നൽകേണ്ടത്. ട്രാഫിക്ക് പോലീസ് നിയന്ത്രിക്കാൻ പാർക്കിനകത്തുണ്ട്. ഗ്രാമത്തിലെ കുട്ടിയുടെ കൺമിഴിഞ്ഞു പോകാൻ ഇതിനപ്പുറം എന്തു വേണം.? എന്നാലും എനിക്ക് ഊഞ്ഞാലാടാനും, പണിതു വെച്ച ആനയുടെ വാലിലൂടെ ചവിട്ടിക്കയറി തുമ്പിക്കൈയിലൂടെ ഇഴുകി ഇറങ്ങിക്കളിക്കാനുമായിരുന്നു ഏറെ ഇഷ്ടം.

ഞങ്ങൾ അമ്മാത്തു വന്നാൽ മാത്രമേ വീട്ടിലെ സ്ഥിര താമസക്കാരായ കുട്ടികളും അവിടെ പോകാറുള്ളു എന്നത് വിസ്മയകരമാണ്. “നിങ്ങൾക്ക് എന്തു സുഖമാണ് എന്നും പാർക്കിൽ കളിക്കാല്ലോ” എന്നു ഞങ്ങൾ കൊതി പറയുമ്പോൾ അവരുടെ പരാതി നിങ്ങളോടൊപ്പമേ ഞങ്ങളും ഇവിടെ വന്നിട്ടുള്ളു എന്നാണ്.

പുഴയോടു ബന്ധിപ്പിച്ച തോട്ടിലൂടെ കെട്ടു വള്ളങ്ങൾ എറണാകുളം മാർക്കറ്റിലേയ്ക്കു കടക്കും. അന്നത്തെ ചരക്കുസഞ്ചാരം ഏറിയ പങ്കും ജലമാർഗ്ഗമായിരുന്നു. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങി ഗ്രാമങ്ങളിൽ എത്തിക്കുന്ന വള്ളങ്ങളും, തലക്കെട്ടുകെട്ടി വലിയ മുളയും, പങ്കായവും പിടിച്ച വള്ളക്കാരെയും കാണാം. ചെറുകിട കച്ചവടക്കാർ നിറഞ്ഞ മാർക്കറ്റ്. വിവിധ ഗ്രാമങ്ങളിലേക്കു പോകാൻ കാത്തു കിടക്കുന്ന വള്ളങ്ങൾ . ഓർമ്മയിൽ മിഴിവോടെ ഇന്നത്തെ ഹൗസ് ബോട്ടെന്ന കെട്ടുവള്ളങ്ങൾ നിറഞ്ഞു നിൽക്കുന്നു.

രണ്ടു നിലയുള്ള ട്രാൻസ്പോർട്ടു ബസു കാണാൻ വീടിൻ്റെ ഗേയ്റ്റിൽ കയറി നിൽക്കും. മുതിർന്നവർ ശകാരിക്കുമ്പോൾ താഴെ ഇറങ്ങും.

ഗ്രാമത്തിൽ നിന്നു വളരെ വ്യത്യസ്തത പുലർത്തുന്ന വീടുകൾ. തൊട്ടടുത്തു തന്നെ അടുത്ത വീട്ടുകാർ പാർക്കുന്നു. ഓടിക്കളിക്കാൻ സ്ഥലമധികമില്ല. അമ്മ വീടിൻ്റെ ഇടതു വശത്തെ പൊക്കം കുറഞ്ഞ മതിൽക്കെട്ടിനപ്പുറം താമസിക്കുന്നത് ആനി തയ്യിൽ എന്ന ഒരു എഴുത്തുകാരിയാണ്. വലതു വശത്ത് ഇംഗ്ലീഷുകാരിയെ പോലെ തന്നെയിരിക്കുന്ന ആഗ്ലോ ഇന്ത്യൻ റീത്താ മിസിയുമാണ്. അയൽപക്ക സ്നേഹമുള്ളവർ.  ഞങ്ങൾ വന്നാൽ മതിൽക്കൽ വന്നു വിളിക്കും. ചോക്ലേറ്റ് തരും.

അടുപ്പിൽ വെച്ച് കേയ്ക്കുണ്ടാക്കുന്ന രീതി അവിടെയാണ് ആദ്യം കണ്ടത്. കനൽ കട്ടകൾ പാത്രത്തിനു മുകളിലും, താഴെ അടുപ്പിലെ തീയും കൊണ്ട് കേക്കു വെന്തു വരുന്ന മണം ഹൃദ്യമായിരുന്നു.

കുർബാനയ്ക്കുള്ള മൂന്നാം മണി കൊട്ടുന്നത് കേട്ട് അവിടേയ്ക്ക് നടന്നു പോകാം. ഏതു പള്ളിയിൽ പോകണമെന്നു തീരുമാനിക്കാം സാധാരണ വൈകുന്നേരമാണ് പോകുന്നത്.

ബസ്ലീക്ക പള്ളി എന്ന തെക്കേ പള്ളിയും, പിന്നെ നടുവിലപള്ളി എന്നു വിളിക്കുന്ന ഷിപ്പ് പള്ളിയും . റോഡിനപ്പുറം വടക്കേ പള്ളിയും ഉണ്ട്. ഷിപ്പിന്റെ ആകൃതിയിലുള്ള പള്ളി എൻ്റെ ബാല്യകാലത്ത് പണിതട്ടില്ല . പഴയ പള്ളിയുടെ കൂടെ ഒരു എയ്ഡഡ് സ്കൂൾ ഉണ്ടായിരുന്നു. അവിടെ ടീച്ചറായിരുന്നു അമ്മയുടെ ചേച്ചി. പല തവണ ആൻ്റിയുടെ ക്ലാസിൽ പോയി ഇരുന്നിട്ടുണ്ട്.

പാൽപ്പൊടി കൊണ്ടുണ്ടാക്കിയ അമേരിക്കൻ ബിസ്ക്കറ്റ് അവിടെ നിന്നു തരും. ഞാനും ചേട്ടനും അതു കിട്ടാനാണ് കൂടുതൽ അവിടെ പോകാൻ താൽപര്യപ്പെട്ടിരുന്നത്. പുസ്തമൊന്നുമില്ലാതെ കേൾവിക്കാരായി ഇരുന്ന് മടുക്കുമ്പോൾ ചേട്ടൻ ഇറങ്ങി വീട്ടിലേയ്ക്ക് ഓടും. ആന്റി പിറകേ ഓടിച്ചിട്ട് പിടിച്ചു കൊണ്ടു വന്ന് ഇരുത്തും.ഇന്നതൊക്കെ പറഞ്ഞു ചിരിക്കുന്ന തമാശ കലർന്ന ഓർമകൾ.

കന്യാകുമാരി പെൻസിൽ എന്ന സ്ലേറ്റു പെൻസിൽ ഒരു പെൺകുട്ടി ആദ്യമായി എനിക്ക് തന്നത് അവിടെ വച്ചാണ്. നിധി പോലെ സൂക്ഷിച്ചു വെച്ചു. ഗ്രാമത്തിലെ കൂട്ടുകാരികളെ കാണിക്കാൻ കൊണ്ടു വന്നു. പക്ഷേ എങ്ങനെയോ അതു രണ്ടു ദിവസത്തിനകം കൈമോശം വന്നു.

നഗരത്തിലെ രുചികളിൽ പോലും വ്യത്യസ്തതയുണ്ട്. വെള്ളം ടാപ്പു വാട്ടർ ആയതു അവിടെയാണു കണ്ടത്. കുളമോ കിണറോ ഇല്ല . ഏറെ നാൾ നീണ്ടകുളം എറണാകുളമെന്ന പേരു വന്നു എന്നു പറയുമ്പോഴും അങ്ങനെ ഒരു കുളം ഞാൻ കണ്ടിട്ടില്ല.

ഒരിക്കൽ കൊച്ചി പീടികയിൽ (അന്ന്കടയ്ക്കു പകരം പീടിക എന്നു പറഞ്ഞിരുന്നു) ഞങ്ങളെ കൊണ്ടു പോയപ്പോഴാണ് ഇലയിൽ പൊതിഞ്ഞ ബിരിയാണി കിട്ടിയത്.

ജീവിതത്തിൽ ആദ്യമായി കണ്ട ഭക്ഷണത്തിൻ്റെ രുചിയും, സുഗന്ധവും ഒരിക്കലും മറക്കാനാകില്ല.

ബിരിയാണിയിൽ നിന്നു കിട്ടിയ ഉണക്കിയവെളുത്ത മുന്തിരി (കിസ്മിസ് ) വറുത്തതും കശുവണ്ടിയും പെറുക്കി എടുത്തു കൂട്ടിവെച്ച് അവസാനം കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി ഇതെഴുതുമ്പോഴും മനസ്സിൽ നിറയുന്നു.

വൈകുന്നേരങ്ങളിൽ ഇറക്കത്തെ മുതലാളിയുടെ കടയിലെ (പേരു കേട്ടുപരിചയമാണ്. മുതലാളിയെ കണ്ടിട്ടില്ല.)  മസാലദോശയും, പഴം പൊരിയും, പല തരം വടകളും ഓരോ ദിനങ്ങളിൽ മാറി മാറി വാങ്ങിക്കൊണ്ടുവന്നു തരുമ്പോൾ അത്ഭുതത്തോടെയും, ആസ്വദിച്ചും അതു ഭക്ഷിച്ചത് നാവിലെ രസമുകുളങ്ങൾ ഇന്നും ഓർമയുടെ കാൽച്ചുവട്ടിൽ കാഴ്ച വെയ്ക്കുന്നുണ്ട്.

നാടൻ വീട്ടു പലഹാരങ്ങൾ മാത്രം കഴിച്ചു ശീലിച്ച ഞങ്ങൾക്ക് അപൂർവ്വ രുചിയേകിയ നാലുമണി കാപ്പി പലഹാരത്തിനായി കാത്തിരിക്കുമായിരുന്നു.

ഏത്തപ്പഴം അടുപ്പിൽ വെച്ച് ചുട്ട് രാവിലെ തരുമ്പോൾ കരിക്കട്ടപോലെയിരിക്കുന്ന പഴം കഴിക്കാൻ വിസമ്മതിച്ചതും, പഴത്തൊലി മാറ്റി സ്പൂൺ കൊണ്ട് വട്ടം വട്ടം മുറിച്ചു തന്നപ്പോൾ വീണ്ടും വേണമെന്ന് ആവശ്യപ്പെട്ടതും ഓർമയുണ്ട്. പതയുള്ളപഴം ആദ്യമായി കഴിക്കുന്നത് അവിടെ വെച്ചായിരുന്നു.

ഗ്യാസടപ്പിനു പകരം കുറ്റിയടപ്പ് എന്നു പറഞ്ഞ് അറക്കപ്പൊടി (മരം പലകകളായി അറുത്തെടുക്കുമ്പോൾ കിട്ടുന്ന പൊടി) കുത്തി നിറച്ച ഇന്ധന കുറ്റികൾ അടുക്കളയുടെ കൂടെയുള്ള വരാന്തയിൽ വെച്ചിരിക്കുന്നതു കാണാം. വിറകിൻ്റെ ക്ഷാമം കൊണ്ട് അന്നത്തെ പട്ടണ വാസികൾ തടിമില്ലിൽ നിന്നുകൊണ്ടു വന്ന അറക്കപ്പൊടി കത്തിച്ച്‌ പാചകം നടത്തിയിരുന്നു. മണ്ണെണ്ണ സ്റ്റവും, വിറകടുപ്പും ഉണ്ടായിരുന്നു.

രാവിലെ ഉണരുമ്പോൾ കേൾക്കുന്നത് മൂന്നു നാലു വീടിനപ്പുറം ബാൻഡുമേളം പ്രാക്ടീസു ചെയ്യുന്ന ഒരു കുടുംബത്തിന്റെ കലാവിരുതാണ്. ഇപ്പോഴും പഴയ ഗാനങ്ങളുടെ മാറ്റൊലി കാതോരം ഓടി അണയുന്നുണ്ട്.

വലിയ ഒരു റേഡിയോ വീട്ടിൽ സ്ഥിരം പ്രവർത്തിച്ചു കൊണ്ടിരിക്കും. സ്റ്റേഷനുകൾ ഇടയ്ക്കിടെ ആരെങ്കിലും വന്നു മാറ്റും. പ്രക്ഷേപണം തീരും വരെ അതു വർക്കു ചെയ്യും. കുട്ടികൾക്ക് കൈ എത്താത്ത ഉയരത്തിൽ ഒരു സ്റ്റാന്റിലാണ് റേഡിയോ വച്ചിരിക്കുന്നത്. റേഡിയോ ഓൺ ആയിരിക്കുന്നതു കൊണ്ടാകാം വീട്ടിലുള്ളവർഎപ്പോഴും ഉച്ചത്തിലാണ് സംസാരിക്കുന്നത്. പാട്ടുപാടുന്നതിലും, തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതിലും, ചിരിപ്പിക്കുന്നതിലും അവരെല്ലാവരും തന്നെ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു.

വല്യച്ചയുടെ പച്ചാളത്തെ വീട്ടിൽ പോയാൽ കോളാമ്പിയും പ്ലെയറും കാണാം.വട്ടത്തിലുള്ള പ്ലേറ്റുകൾ മാറി മാറിയിട്ട് ഞങ്ങളെ പാട്ടുകേൾപ്പിച്ചു തരും. ഗ്രാമഫോൺ എന്ന പേരൊക്കെ പിന്നീടാണറിഞ്ഞത്.

തെങ്ങും , പേരയും, പപ്പായ മരങ്ങളും ധാരാളം നാടൻ പൂ ച്ചെടികളും സ്ഥല പരിമിതിയിലും അവിടത്തെ ചുവന്ന മണ്ണിൽ ഫലസമൃദ്ധി നൽകിയിരുന്നു.

കഥകളും പുസ്തകങ്ങളും ഞാൻ പരിചയപ്പെട്ടതവിടെ വെച്ചായിരുന്നു.പകൽ വെയിലിൽ കുളിച്ചു നിൽക്കുമ്പോൾ പുറത്തിറങ്ങാൻ പറ്റാത്തതിനാൽ മുതിർന്ന കുട്ടികൾ കഥകൾ ഉച്ചത്തിൽ വായിച്ച് കേൾപ്പിച്ചു തരും. കഥ പറഞ്ഞും തരുമായിരുന്നു. ഉച്ചയുറക്കമവിടെ പതിവായിരുന്നു. കുട്ടികളോടും ഉച്ചയൂണുകഴിഞ്ഞ് കിടക്കാൻ പറയും.കാപ്പി തിളക്കുന്ന മണം അടുക്കള വിട്ടോടിയെത്തി ഞങ്ങളെ ഉണർത്തും.

ബ്രോഡ്‌വേയിൽ കൊണ്ടു പോയി ചെരുപ്പും, കുടയും വാങ്ങിത്തരുന്നത് സ്കൂൾ തുറക്കാറായി എന്നും സ്വന്തം വീട്ടിലേയ്ക്കു തിരിച്ചു പോകാറായി എന്നതി ൻ്റെ സൂചനയായിരുന്നു. പുത്തൻസാധനങ്ങൾ കിട്ടിയതിൽ സന്തോഷം ഉണ്ടെങ്കിലും കളിചിരി കാലം കഴിഞ്ഞ് തിരിച്ചു പോകാറായി എന്ന തോന്നൽ മുഖത്ത് മ്ലാനതപരത്തും.

ബ്രോഡ് വേയിലെ തിരക്ക് അന്നും ഇന്നും വലിയ വ്യത്യാസമില്ല എന്നു തോന്നുന്നു. അവിടെ ഒരു ജൂതന്റെ കാസറ്റു കടയുണ്ടായിരുന്നു. മലയാളം പാട്ടുകൾ ഒഴുകുന്ന അവിടെയും കയറി കാസറ്റുകൾ വാങ്ങിക്കുന്നത് നല്ലോർമയാണ്. നന്നായി മലയാളം പറയുന്ന അയാൾ മലയാളിയാണെന്നാണു ഞാൻ കരുതിയിരുന്നത്.

ഗ്രാമത്തിലെ അവധിക്കാലം സ്വയം ഇഷ്ടമുള്ളത് ചെയ്ത് ആസ്വദിക്കുന്നതു പോലെയല്ല ഇവിടം. അവിടെ ഒരിടത്തും, ആരും കൊണ്ടു പോയി ഞങ്ങളെ ഒന്നും കാണിച്ചു തരില്ല. സമപ്രായ സംഘങ്ങൾ കണ്ടെത്തുന്ന കളികളും ആഘോഷങ്ങളും മാത്രം. ചുറ്റുപാടുള്ള ബന്ധുവീടുകൾ തന്നെ കളിസ്ഥലങ്ങളും ആയിരുന്നു.

ഇവിടെയാകട്ടെ ചിട്ടവട്ടങ്ങളും, ടൈം ടേബിളുമൊക്കെയുള്ള ജീവിതം. മുതിർന്നവരുടെ സൗകര്യാർത്ഥം അവർ തീരുമാനിക്കുന്നതനുസരിച്ച് കാട്ടിത്തരുന്ന പുതുകാഴ്ചകളും, പരിഷ്കാരത്തിന്റെ വിസ്മയനീയത നിറഞ്ഞതും രസകരവുമായ അത്ഭുത ലോകം. ഓരോ ദിവസവും ഇന്നെന്തായിരിക്കും പരിപാടി എന്നറിയാനുള്ള ആകാംക്ഷ കുട്ടികൾക്ക് ഉണ്ടായിരു ന്നു.പരമാവധി അനുഭവിച്ച് ആസ്വദിച്ചിരുന്നു.

മേനക തീയറ്ററിൽ മാറ്റിനിക്ക് കൊണ്ടു പോകും. പക്ഷേ അന്നു കണ്ട സിനിമകളുടെ പേരുകളും കഥയുമൊക്കെ മറന്നു പോയി. ‘ഏഴാം കടലിനക്കരെ’ എന്ന സിനിമ അമേരിക്കൻ പശ്ചാത്തലത്തിലുള്ളതായിരുന്നു എന്നു മാത്രം ഓർമയുണ്ട്.

ഞങ്ങൾ നാട്ടിലേയ്ക്ക് മടങ്ങാറാകുമ്പോൾ തിരക്കിട്ട് സർക്കസു കാണിക്കാൻകൊണ്ടു പോകും. മറൈൻഡ്രൈവിലാണ് അത് നടക്കുന്നത്. അന്നതിന്റെ പേര് ജംബോ സർക്കസാണോ ഭാരത് സർക്കസാണോ എന്നൊരു സംശയമുണ്ട് . അത്ഭുതലോകത്ത് എത്തിയപോൽ അൽപം പേടിയോടെ മൃഗങ്ങളുടെയും, മനുഷ്യരുടെയും പ്രകടനങ്ങൾ കണ്ട് വിസ്മയത്താൽ വിടർന്ന മിഴികളുമായി കണ്ടാസ്വദിച്ചു മടങ്ങുമ്പോൾ ഇതിലെ ആൾക്കാർ എപ്പോഴാണ് വീട്ടിൽ പോകുന്നത് എന്ന് ചിന്തിക്കാറുണ്ടായിരുന്നു.

ദിനങ്ങൾ ഓടിയകലും, ഞങ്ങൾക്കുമടങ്ങണം. അമ്മയേയും ഇളയതുങ്ങളേയും ആദ്യമേ അപ്പൻ വന്നു കൊണ്ടു പോയിട്ടുണ്ടാകും. പോകാനുള്ള വിഷമം , ഇറങ്ങുമ്പോൾ അമ്മാമ്മ കെട്ടിപ്പിടിച്ചു ഉമ്മ തന്ന് കരയും. ഒന്നിച്ചു കളിച്ച് ഒന്നിച്ചുറങ്ങിയ സംഘങ്ങൾ വേർപിരിയുകയാണ്.

ഇരുണ്ടമുഖവും, വിഷാദം നിറഞ്ഞ മനസുമായി അവരവരുടെ വീടുകളിലേയ്ക്ക് മടക്കം. കരച്ചിൽ വന്നാലും ഞാൻ കരഞ്ഞെന്നു സമ്മതിക്കില്ല, കണ്ണിൽ പൊടി പോയതുപോലെ അഭിനയിക്കും. വീട്ടിൽ നിന്ന് ഇങ്ങോട്ടു വരാൻ ആദ്യം മടി കാണിച്ചവൾ മടങ്ങിപോകുമ്പോൾ കരയാൻ പാടില്ലല്ലോ?

മഴക്കാലമാകാറായി എന്നറിയിക്കാൻ കാറ്റിൽ ഒറ്റത്തുള്ളികൾ പെയ്ത് മണ്ണിൽ കാണാതായത് അമ്മാമ്മയുടെ കണ്ണിൽ പൊടിഞ്ഞ മിഴിനീരായിരുന്നോ?

സൈക്കിൾ റിക്ഷയുടെ ഹോൺ ശബ്ദമില്ലാത്ത അപരിചിത മുഖങ്ങൾ കുറവായ സ്വന്തം തട്ടകത്തിലേയ്ക്ക് ഒരു മടക്കം. തിരിച്ചു വരാമെന്ന പ്രതീക്ഷയോടെ തന്നെ.

ഗ്രാമത്തിന്റെ വിശുദ്ധിയും, സൗന്ദര്യവുമൊക്കെ വാനോളം പുഴ്ത്തുമ്പോഴും എന്നത്തെയും മഹാ നഗരമായ എറണാകുളം അന്ന് ശാന്തസുന്ദരമായ ഇടമായിരുന്നു.ആളുകൾ പരസ്പരം അറിയുന്ന, ഫ്ലാറ്റു സംസ്കാരംവരാത്ത ആ നാളിൽ, കുടുംബങ്ങൾ തമ്മിൽ പരസ്പര സ്നേഹവും, ഐക്യവും, ഒത്തു ചേരലുമുണ്ടായിരുന്നു. ഇനിയും തിരിച്ചു വരാത്ത അന്നാളുകളും, നാടും നാട്ടുകാരും സ്മൃതിയിലെങ്കിലും ബാക്കിയുള്ളതുതന്നെ മഹാഭാഗ്യം.

റോമി ബെന്നി✍

RELATED ARTICLES

34 COMMENTS

  1. ടീച്ചറുടെ എഴുത്തിന്റെ ശൈലി വായനക്കാരെ ഓർമ്മകളുടെ ഇടവഴിയോരങ്ങളിലൂടെ സൈക്കിൾ റിക്ഷയിൽ ഇപ്പോഴും കൊണ്ടുപോകുന്നു. എഴുപത്, എൺപത് കാലങ്ങളിൽ ജനിച്ചു വളർന്നവർക്ക് മാത്രം അനുഭവവേദ്യമായ ആ കാലങ്ങൾ വീണ്ടും മുന്നിൽ തെളിയുന്നു…..

    • പ്രോത്സാഹനത്തിന് , മുടങ്ങാതെയുള്ള വായനയ്ക്ക് നന്ദി

  2. നഗരവിശേഷത്തിലൂടെ എറണാകുളത്തിന്റെ പഴയ വീഥിയിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞു.
    എഴുത്തിലെ ദൃശ്യചാരുതയും, സത്യസന്ധതയും ഹൃദ്യം.❤️❤️❤️

  3. ടീച്ചറുടെ എഴുത്തിന്റെ ശൈലി വായനക്കാരെ ഓർമ്മകളുടെ ഇടവഴിയോരങ്ങളിലൂടെ സൈക്കിൾ റിക്ഷയിൽ ഇപ്പോഴും കൊണ്ട് പോകുന്നു. എഴുപത്, എൺപത് കാലങ്ങളിൽ മാത്രം ജനിച്ചു വളർന്നവർക്കു മാത്രം അനുഭവവേദ്യമായ കാലങ്ങളിലൂടെ…

  4. പണ്ടത്തെ എറണാകുളം എങ്ങനെയായിരുന്നു എന്ന് ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയില്ല. എറണാകുളം കാഴ്ചകൾ നന്നായി എഴുതി. കുടുംബക്കാരെ സംരക്ഷിക്കാൻ കോളേജ്അധ്യാപക ജോലി പോലും ഉപേക്ഷിച്ച അമ്മ ഇന്ന് ഒരു കഥയിൽ പോലും കാണാൻ പറ്റില്ല. നല്ല ഒഴുക്കോടെ ഉള്ള രചന

  5. റോമി ബെന്നി എഴുതിയ നഗരവിശേഷം ഓർമ്മക്കുറിപ്പ് – ഒരുപാട് ഇഷ്ടമായി.-ഒരത്ഭുതലോകത്തിൽ പെട്ട അനുഭവം വായന തന്നു. അടുക്കും ചിട്ടയും മനോഹരമായ വർണ്ണനകളും എഴുത്തുകാരിയുടെ രചനാ വൈദഗ്ധ്യം വ്യക്തമാക്കുന്നു. മഴവില്ലിൻ്റെ ഏഴു വർണ്ണങ്ങളും നിറഞ്ഞ ബാല്യ കാലാനുഭവങ്ങൾ.കുട്ടിക്കാലമെന്ന ആ സുവർണ്ണകാലത്തിന് എന്തെന്തു ഭംഗികളായിരുന്നു. വിലമതിക്കാനാവാത്ത ആ നാളുകളിലൂടെയുള്ള യാത്ര ഇനിയും തുടരൂ…. കാത്തിരിക്കുന്നു….
    ആശംസകൾ

    • പ്രോത്സാഹനത്തിനും , മുടങ്ങാതെയുള്ള വായനയ്ക്കും നന്ദി

  6. ടീച്ചറുടെ എഴുത്തിന്റെ ശൈലി വായനക്കാരെ ഓർമ്മകളുടെ ഇടവഴിയോരങ്ങളിലൂടെ സൈക്കിൾ റിക്ഷയിൽ ഇപ്പോഴും കൊണ്ടു പോകുന്നു. എഴുപത് എൺപത് കാലങ്ങളിൽ ജനിച്ചു വളർന്നവർക്ക് മാത്രം അനുഭവവേദ്യമായ കാലങ്ങളിലൂടെ…..

  7. സുന്ദരം ‘ഓരോ വട്ടവും എഴുതി എഴുതി വരുമ്പോൾ കൂടുതൽ കൂടുതൽ എഴുത്ത് മെച്ചപ്പെടുന്നു.
    ഹൃദ്യം.ചുരുണ്ട മുടിയും വട്ട മുഖവും കുറുമ്പും കുസൃതിയും നിറഞ്ഞ കൊച്ചുറോമിയെ അന്നൊന്നും കണ്ടില്ലല്ലോ. ഞാനും വെക്കേഷന് ചിൽഡ്രൻസ് പാർക്കിൽ വരുമായിരുന്നു.😄💞

    • കണ്ടു കാണും. തിരിച്ചറിഞ്ഞില്ല. വായനയ്ക്കു നന്ദി സുഹൃത്തേ.

  8. റോമി കട കേട്ടുവള്ളങ്ങളിലൊന്നു ഞങളുടേതായിരുന്നു, മാർക്കറ്റിൽനിന്ന് അരൂർ ഗ്രാമത്തിലെ കടകൾക്കുവേണ്ട സാധനങ്ങൾ വന്നിരുന്നത് എന്റെ അപ്പനും വല്യേപ്പനും ചേർന്നു നടത്തിയിരുന്ന ആ വള്ളതില്ലായിരുന്നു, എന്തായാലും ഈ എഴുത്തു വളരെനന്നായിട്ടുണ്ട് കാനഡ കാര്യങ്ങൾ ഒന്ന് കൂടി ഓർക്കുവാൻ സാധിച്ചു. God bless you dear.

    • ഓർമകൾ പങ്കിട്ടതിനും, ആശംസയ്ക്കും നന്ദി.

  9. നഗര വിശേഷത്തിലുടെ പഴയ എറണാകുളത്ത് കണ്ടിട്ടുള്ള ചില ഓർമ്മകളെ പൊടിതട്ടിയെടുക്കാൻ സാധിച്ചു. ഇനിയും ഇതു പോലുള്ള ഓർമ പുതുക്കലുകൾ പ്രതീക്ഷിക്കുന്നു.

  10. 👌🏼നന്നായിട്ടുണ്ട്, ബ്രോഡ്വേയിലെ ജൂതന്റെ കട ഇന്നുമുണ്ട് കാസറ്റിന് പകരം ലേഡീസ് സ്റ്റോർ ആയി എന്ന് മാത്രം എന്റെ സഹപാഠിയാണ് അവന്റെ സഹോദരങ്ങൾ എല്ലാവരും ഇസ്രായേലിലേക്ക് പോയി. അടുത്ത ഞായറാഴ്ചയ്ക്കായി കാത്തിരിക്കുന്നു. 👏🏼👏🏼👏🏼

    • Thank you. ഓർമയിൽ നിന്നെഴുതിയത് മുഴുവൻ സത്യങ്ങൾ മാത്രമായിരുന്നു. എന്നത് എനിക്കും കൂടി ബോധ്യം വന്നു. ജൂതൻ്റെ കടയെ കുറിച്ച് അറിയുന്ന ഒരാളുടെ Comment എങ്കിലും വന്നപ്പോൾ . വളരെ സന്തോഷം

  11. Thank you. ഓർമയിൽ നിന്നെഴുതിയത് മുഴുവൻ സത്യങ്ങൾ മാത്രമായിരുന്നു. എന്നത് എനിക്കും കൂടി ബോധ്യം വന്നു. ജൂതൻ്റെ കടയെ കുറിച്ച് അറിയുന്ന ഒരാളുടെ Comment എങ്കിലും വന്നപ്പോൾ . വളരെ സന്തോഷം

  12. പഴയ കാലത്തിൻ്റെ കുളിർമയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന നല്ല അനുഭവ വിവരണം

    അനുമോദനങ്ങൾ:

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ