Logo Below Image
Monday, July 28, 2025
Logo Below Image
Homeസ്പെഷ്യൽമലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിനാലാം ഭാഗം) 'ആക്കിത്തം അച്യുതൻ നമ്പൂതിരി ' ✍അവതരണം:...

മലയാള സാഹിത്യത്തിലെ നക്ഷത്ര പൂക്കൾ (മുപ്പത്തിനാലാം ഭാഗം) ‘ആക്കിത്തം അച്യുതൻ നമ്പൂതിരി ‘ ✍അവതരണം: പ്രഭ ദിനേഷ്

മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ മുപ്പത്തിനാലാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

മലയാള കവിതയിൽ കാല്പനിക പ്രസ്ഥാനത്തിന് തൻ്റേതായ ഭാവങ്ങൾ നല്കിയ കവിയും പത്തൊമ്പതാമത്തെ ജ്ഞാനപീഠം പുരസ്ക്കാര ജേതാവും ആയ ശ്രീ. അക്കിത്തം അച്യുതൻ നമ്പൂതിരി അവർകൾ ആണ് ഇന്നത്തെ
നക്ഷത്രപൂവ്!

അക്കിത്തം അച്യുതൻ നമ്പൂതിരി (3️⃣4️⃣) (18/03/1926 -25/10/2020)

പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അക്കിത്തം വാസുദേവൻ നമ്പൂതിരിയുടെയും, ചേക്കൂർ പാർവതി അന്തർജ്ജനത്തിൻ്റെയും മകനായി 1926 മാർച്ച് പതിനെട്ടാം തീയതി ജനിച്ചു.

ബാല്യകാലത്ത് സംസ്കൃതം, ഋഗ്വേദം, ജ്യോതിഷം മുതലായവ പഠിച്ചതിനു ശേഷം കുമരനല്ലൂർ ഹൈസ്ക്കൂളിലും, കോഴിക്കോട് സാമൂതിരി കോളേജിലും പഠനം നടത്തി. ചിത്രകലയിലും, സംഗീതത്തിലും ചെറുപ്പം മുതലേ താല്പര്യം ഉണ്ടായിരുന്നു.

ഇടശ്ശേരി, ചങ്ങമ്പുഴ, ബാലാമണിയമ്മ തുടങ്ങിയവരുമായുള്ള ബന്ധം ഇദ്ദേഹത്തിനുള്ളിലെ കവിതാ വാസന വളരുവാൻ സഹായകരമായിത്തീർന്നു!

പഠനത്തിനു ശേഷം തൃശൂരിൽ വന്ന് ‘ഉണ്ണിനമ്പൂതിരി’ എന്ന മാസികയുടെ പ്രസാധകനായി പ്രവർത്തിച്ചു. യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയിലും ജോലി നോക്കി. ആകാശവാണി കോഴിക്കോട്, തൃശൂർ നിലയങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

യോഗക്ഷേമ സഭയുടെയും ഗാന്ധിജിയുടെയും നേതൃത്വത്തിൽ നടത്തിയിരുന്ന ദേശീയ പ്രസ്ഥാനത്തിൻ്റെയും പ്രവർത്തനങ്ങളിലും നമ്പൂതിരി സമുദായത്തിൻ്റെ ഉന്നതിക്കു വേണ്ടിയുള്ള കാര്യങ്ങളിലും അക്കിത്തം സജീവമായി പങ്കുകൊണ്ടു. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയ വിദേശരാജ്യങ്ങളിലൊക്കെ സാഹിത്യസെമിനാദകളിൽ പങ്കെടുത്തിട്ടുണ്ട്.

ഏതാനും കുട്ടികൾ ചേർന്ന് അമ്പലത്തിൻ്റെ ഭിത്തിയിൽ കരിക്കട്ട കൊണ്ടു വരച്ചു വൃത്തികേടാക്കിയപ്പോൾ, ഏഴരവയസ്സു മാത്രം പ്രായമുള്ള ഒരു നമ്പൂതിരി ബാലനുണ്ടായ സങ്കടവും, അരിശവും സൂചിപ്പിച്ചു കൊണ്ട് ആ അമ്പലത്തിൻ്റെ ഭിത്തിയിൽ എഴുതി വച്ച വരികൾ ഇതാണ്:

“അമ്പലങ്ങളിലീവണ്ണം
തുമ്പില്ലാതെവരയ്ക്കുകിൽ
വമ്പനാമീശ്വരൻ വന്നിട്ടെമ്പാടും നാശമാക്കിടും”

എന്നായിരുന്നു ഗൗരവമുള്ള ഒരു ആശയം ഉൾക്കൊള്ളുന്നതാണല്ലോ ഈ വരികൾ!

കോളേജ് പഠനകാലത്ത് കവിതക്കമ്പം അക്കിത്തത്തിന് കലശലായി. ഇക്കാലത്ത് ഇടശ്ശേരി ഗോവിന്ദൻ നായരുമായി പരിചയപ്പെട്ടു. “തനിക്കു ചിരിക്കാനറിയാം അതുകൊണ്ട് കരയാനും. കരയാനറിയുന്നവനേ കവിയാകൂ. തനിക്കതിനാകും”. അന്ന് ഇടശ്ശേരി പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി നിറവേറി. ഇടശ്ശേരിയുമായുണ്ടായ അടുപ്പം നമ്പൂതിരിയിലെ കവിയെ വളർത്തി. ഇടശ്ശേരിയുമായിട്ടുള്ള ആ അടുപ്പം ഇടശ്ശേരിയുടെ മരണം വരെ തുടർന്നു.

ഇടശ്ശേരിയുടെ വാക്കുകൾ അക്കിത്തം തിരുത്തിയത് ഇങ്ങനെ…

“കവിയാകണമെങ്കിലെന്തു ചെയ്യണമെന്നോ?
കവിയാവണമെന്നു മോഹിക്കാതിരിക്കണം”.

1952 ൽ ‘ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം’ പ്രസിദ്ധീകരിച്ചു. മലയാള കവിതയ്ക്ക് ഒരു പുത്തനുണർവ് നല്കാൻ ആ കാവ്യേതിഹാസത്തിനു കഴിഞ്ഞു. ചന്ദ്രികയിലും,
താമരപ്പൂവിലും, സുന്ദരികളുടെ നുണക്കുഴികളിലും മാത്രം കവിത കണ്ടിരുന്ന യാഥാസ്ഥിതികർ ഈ കവിത വായിച്ചു ഞെട്ടി. മനുഷ്യൻ്റെ വേദനയും, രോദനവും ആ കവിതയിലൂടെ വായനക്കാർ കണ്ടു….കേട്ടു.

നിഷ്ക്കളങ്കനായ ഒരു ശിശു പിറന്നുവീഴുന്നത് സ്വർഗ്ഗത്തിലേക്ക്! കള്ളവും കാപട്യവും ചതിയുമെന്തന്നറിയാത്ത ശൈശവമാകുന്ന സ്വർഗ്ഗം. ആ ശിശു വളർന്നു വരുന്നതാകട്ടെ നരകത്തിലും. സ്നേഹരാഹിത്യവും, വഞ്ചനയും, വിദ്വേഷവും,
ധനാസക്തിയും, ഉച്ചനീചത്വവും, ഭോഗതൃഷ്ണയും കൊണ്ട് മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന നരകം. അപ്പോൾ കഴിഞ്ഞു പോയ നല്ല കാലം ആ ശിശുവിൻ്റെ കാതിൽ മന്ത്രിച്ചു.

” വെളിച്ചം ദുഃഖമാണുണ്ണീ,
തമസ്സല്ലോ സുഖപ്രദം”

അപ്പോൾ അയാളും ചിലതെല്ലാം പഠിച്ചു മറ്റുളളവരെ വെറുക്കാൻ, ദുർബ്ബലരെ കീഴടക്കാൻ. അവരുടെ അദ്ധ്വാനഫലം കൊണ്ടു സുഖമായി ജീവിക്കാൻ. അങ്ങനെ അയാളും പുതിയ വിപ്ലവകാരിയായി.

” അരിവെപ്പോൻ്റെ തീയിൽച്ചെ-
ന്നീയാംപാറ്റ പതിക്കവേ,
പിറ്റേന്നിടവഴിക്കുണ്ടിൽ-
കാണ്മൂ ശിശുശ്ശവങ്ങളെ”

എന്നപോലെ താറുമാറായ ലോകത്തിലേയ്ക്കാണ് അയാൾ ഇറങ്ങിച്ചെല്ലുന്നത്. അവിടെക്കാണുന്നതോ?

“നിരത്തിൽക്കാക്ക കൊത്തുന്നു
ചത്തപെണ്ണിൻ്റെ കണ്ണുകൾ
മുലചപ്പി വലിക്കുന്നു-
നരവർഗ്ഗനവാതിഥി”

ഇങ്ങനെ പൈശാചികവും നിന്ദ്യവുമായ ലോകം. ഇതെല്ലാം കണ്ടും അനുഭവിച്ചും നിരാശനായ അയാളുടെ പിന്നീടുള്ള യാത്ര പാതാളത്തിലേക്കാണ്. അവിടെ നിരാലംബരും നിരപരാധികളുമായ വൃദ്ധരും അമ്മമാരും ശിശുക്കളും നിർദ്ദയം വധിക്കപ്പെടുന്നു. ഇതെല്ലാം കാണു മ്പോൾ കവി ഓർത്തു പോകുന്നു.

“ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പൊഴിക്കവേ,
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം ….

ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം, വെണ്ണക്കല്ലിൻ്റെ കഥ, മധുവിധു, മധുവിധുവിനു ശേഷം, ബലിദർശനം, ഒരു കുലമുന്തിരിങ്ങ,
ഇടിഞ്ഞു പൊളിഞ്ഞ ലോകം, കളിക്കൊട്ടിലിൽ, മാനസപൂജ, അരങ്ങേറ്റം, അനശ്വൻ്റെ ഗാനം തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ.

കേരള -കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ പുരസ്കാരം, 2019 ലെ ജ്ഞാനപീഠം പുരസ്ക്കാരം ഒക്കെ അദ്ദേഹത്തെ തേടിയെത്തിയ പ്രധാന അവാർഡുകൾ ആണ്.

ഇത്ര മാത്രം അവാർഡുകളും അംഗീകാരങ്ങളുടെയും നിറവിലും വിനയാന്വിതനായി അദ്ദേഹം കുറിച്ചത്

“എൻ്റെയല്ലെൻ്റെയല്ലീക്കൊമ്പനാനകൾ
എൻ്റെയല്ലീ മഹാക്ഷേത്രവും മക്കളേ” എന്നാണ്!

മലയാള കാവ്യ നഭസ്സിലെ ഈ വെള്ളിനക്ഷത്രം 2020 ഒക്ടോബർ 25-ാം തീയതി യാത്രയായി🙏🌹

അടുത്തലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕🌹

അവതരണം: പ്രഭ ദിനേഷ്✍

RELATED ARTICLES

2 COMMENTS

  1. അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജീവിത വഴികൾ നന്നായെഴുതി.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ