A) ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ വിമാനം.
ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ വിമാനം 57 സെക്കൻഡ് മാത്രമേ നീണ്ടുനിൽക്കൂ. സ്കോട്ട്ലൻഡിലെ വെസ്ട്രേയ്ക്കും പാപ്പാ വെസ്ട്രേയ്ക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇത് 2.7 കിലോമീറ്റർ (1.7 മൈൽ) ദൂരം മാത്രമേ സഞ്ചരിക്കുന്നുള്ളൂ.
ഏവിയേഷൻ ഹെവൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു സമീപകാല വീഡിയോ ഈ റെക്കോർഡ് ഭേദിച്ച വിമാനം ശ്രദ്ധയിൽപ്പെടുത്തിയത്. വെറും 1.7 മൈൽ അല്ലെങ്കിൽ 2.7 കിലോമീറ്റർ ദൂരം മാത്രം സഞ്ചരിക്കുന്ന ഇത് ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ വിമാനം എന്ന പദവി സ്വന്തമാക്കി. ശരാശരി, ഇത് പൂർത്തിയാക്കാൻ ഏകദേശം 1 മിനിറ്റും 14 സെക്കൻഡും എടുക്കും, എന്നാൽ അനുകൂല കാലാവസ്ഥയിൽ, യാത്രക്കാർക്ക് വെറും 57 സെക്കൻഡിനുള്ളിൽ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും.
വീഡിയോ പ്രകാരം, ദ്വീപുകൾക്കിടയിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾ, ഡോക്ടർമാർ, തൊഴിലാളികൾ, താമസക്കാർ എന്നിവരെ സഹായിക്കുന്ന ഈ റൂട്ട് പ്രാദേശിക സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ വിമാനയാത്ര അനുഭവിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളെയും ഇത് ആകർഷിക്കുന്നു. ഈ യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്കുകൾ സാധാരണയായി £20 (ഏകദേശം 2,200 രൂപ) നും £30 (ഏകദേശം 3,300 രൂപ) നും ഇടയിലാണ്,
ഹ്രസ്വകാല യാത്രയാണെങ്കിലും, വിമാനം ഇപ്പോഴും കാലതാമസത്തിന് വിധേയമാണ്. ശക്തമായ കാറ്റ് അല്ലെങ്കിൽ മൂടൽമഞ്ഞ് പോലുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ ഈ ചെറിയ റൂട്ടിൽ പോലും തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. സൗകര്യങ്ങളുടെ കാര്യത്തിൽ, വിമാനത്തിനുള്ളിൽ ഭക്ഷണ സേവനം നൽകുന്നില്ല. വീഡിയോയിൽ പരാമർശിച്ചിരിക്കുന്ന ഒരു തമാശയിൽ, വിമാന ജീവനക്കാർ വിമാനത്തിലുണ്ടെങ്കിൽ, ലാൻഡിംഗിന് മുമ്പ് അവർ സ്വാഗത പ്രഖ്യാപനം പൂർത്തിയാക്കില്ലായിരുന്നുവെന്ന് പറയുന്നു.
വെസ്ട്രേയ്ക്കും പാപ്പാ വെസ്ട്രേയ്ക്കും ഇടയിലുള്ള വിമാന സർവീസ് 1967-ൽ ആരംഭിച്ചു. ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ സർവീസ് നടത്തുന്ന ഇത് എഡിൻബർഗ് വിമാനത്താവളത്തിലെ റൺവേയുടെ ഏകദേശം തുല്യമായ ദൂരം സഞ്ചരിക്കുന്നു. 2013-ൽ വിരമിക്കുന്നതിന് മുമ്പ് ഈ റൂട്ടിൽ 12,000-ത്തിലധികം തവണ പറന്ന പൈലറ്റ് സ്റ്റുവർട്ട് ലിങ്ക്ലേറ്റർ ആണ്.
B) പതിനെട്ടു മാസത്തോളം തലയില്ലാതെ ജീവിച്ച ഒരു കോഴി.
പതിനെട്ടു മാസത്തോളം തലയില്ലാതെ ജീവിച്ച ഒരു കോഴി. ആ ചങ്ങാതിയുടെ പേരാണ് മൈക്. 1945 സെപ്റ്റംബർ പത്തിന് അമേരിക്കയിലെ കൊളറാഡോയിൽ ലോയ്ഡ് ഓൾസൻ എന്ന കർഷകനും അദ്ദേഹത്തിന്റെ പത്നിയും തങ്ങളുടെ ഫാമിലെ കോഴികളെ അറക്കുകയായിരുന്നു. അമ്പതോളം കോഴികളെ അറുത്തെങ്കിലും അതിലൊന്നു മാത്രം ചത്തിരുന്നില്ല.
തലയറ്റുവീണ ആ കോഴി രാത്രിയിൽ പ്രത്യേക ശബ്ദമുണ്ടാക്കി ആ ഫാമിന് ചുറ്റും ഓടിനടന്നു. നേരം പുലരുമ്പോഴേക്കും കോഴി ജീവൻ വെടിയുമെന്ന് ലോയ്ഡ് കണക്കുകൂട്ടി. അദ്ദേഹം കോഴിയെ പ്രത്യേകമായുള്ള ഒരു പെട്ടിയിൽ അടച്ചുവെച്ചു. നേരം പുലർന്ന് പെട്ടി തുറന്നു നോക്കിയ ലോയ്ഡ് അത്ഭുതപ്പെട്ടുപോയി. കോഴി ഒരു പ്രശ്നവുമില്ലാതെ പുറത്തേക്ക് വന്നിരിക്കുന്നു. തലയില്ല എന്നൊരു പ്രശ്നം മാത്രമേ ആ കോഴിക്ക് ഉണ്ടായിരുന്നുള്ളൂ.
അതോടെ തലയില്ലാതെ ജീവിക്കുന്ന അപൂർവ കോഴിയെ കാണാൻ നിരവധിയാളുകളെത്തി. പ്രദർശന മേളകളിലും പരീക്ഷണശാലകളിലും ആ കോഴി സ്ഥിരസാന്നിധ്യമായി. പത്രങ്ങളുടെയും മാഗസിനുകളുടെയും മോഡലാക്കാൻ കോഴിയെ തേടി നിരവധി പേർ ലോയ്ഡ്നെ സമീപിച്ചു. തന്റെ തലയില്ലാക്കോഴിയെ വെച്ച് അദ്ദേഹം ധാരാളം സമ്പത്തുണ്ടാക്കാൻ തുടങ്ങി. വിക്കിപീഡിയയിൽ ആ കോഴിക്കുവേണ്ടി ഒരു പേജ് തന്നെ രൂപപ്പെട്ടു. മൈക് ദി ഹെഡ്ലെസ് ചിക്കൻ എന്നായിരുന്നു ആ പേജിന്റെ പേര്. കോഴിയെത്തേടി ആളുകൾ പിന്നെയും വന്നുകൊണ്ടിരുന്നു. എന്നാൽ, ഇതിനിടയിൽ ആ കോഴി ഇത്രയും കാലം എങ്ങനെ ജീവിച്ചു എന്ന് ആരും അന്വേഷിച്ചിരുന്നില്ല.
എന്നാൽ, കാലങ്ങൾക്കുശേഷം അതിന് ഉത്തരം ലഭിക്കുകയുണ്ടായി. മൈകിന്റെ ശരീരത്തിൽ നിന്നും തലച്ചോർ വേർപെട്ടിരുന്നുവെങ്കിലും സ്‌പൈനൽകോഡ് സർക്യൂട്ടുകളിൽ മിച്ചമുള്ള ഓക്സിജൻ നിലനിന്നതാണ് ജീവൻ നിലനിൽക്കാൻ കാരണം. മസ്‌തിഷ്കത്തിൽ നിന്നുള്ള ജുഗുലർ രക്‌തസിരയും ഒരു ചെവിയും മുറിഞ്ഞുപോയിട്ടില്ലായിരുന്നു. ഹൃദയം, ശ്വാസകോശം, ദഹനപ്രക്രിയ എന്നിവയുടെ പ്രവർത്തനങ്ങളെല്ലാം ബാക്കിയായ ഈ മസ്‌തിഷ്കത്തിന്റെ സഹായത്തോടെയായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് അന്നനാളം വഴി നേരിട്ട് നൽകിയ ആഹാരത്തിന്റെ ബലത്തിലാണ് മൈക് ജീവിച്ചത്. പതിനെട്ടു മാസങ്ങൾക്കുശേഷം മൈക് ലോകത്തോട് വിട പറഞ്ഞെങ്കിലും എല്ലാ വർഷവും മേയ് മാസത്തിലെ അവസാനത്തെ ആഴ്ച മൈക് ദി ഹെഡ്ലെസ് ചിക്കൻ ഡേ ആയി കൊളറാഡോ വാസികൾ ആചരിക്കാൻ തുടങ്ങി.
C) അർധരാത്രിയിലും സൂര്യനുദിക്കുന്ന ഒരു നാട്
സൂര്യോദയങ്ങളും അസ്തമയങ്ങളുംനമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. പലപ്പോഴും അസ്തമയ സൂര്യൻ കടലിൽ മുങ്ങിത്താഴുന്നതു കാണാൻ കടൽതീരത്തു പോയി നിന്നിട്ടുമുണ്ടാകും. അത്ര മനോഹരമാണ് സൂര്യോദയങ്ങളും അസ്തമയവും. എന്നാൽ, അർധരാത്രിയിലും സൂര്യനുദിക്കുന്ന ഒരു നാടിനെക്കുറിച്ച് അറിയുമോ? പറഞ്ഞുപറ്റിക്കുന്നതല്ല, അർധരാത്രിയിലും സൂര്യൻ കത്തിജ്വലിച്ചുനിൽക്കുന്ന ഒരു നാടുണ്ട് ഭൂമിയിൽ; അന്റാർട്ടിക്ക. ദക്ഷിണ ധ്രുവത്തിനടുത്ത് കിടക്കുന്നതുകൊണ്ട് ഇവിടത്തെ രാത്രികളും പകലുകളും നമ്മുടേതുപോലെയല്ല. നമ്മുടെ ശരത്–ശിശിര കാലങ്ങളാണ് ഇവിടെ ഗ്രീഷ്മകാലം. അന്റാർട്ടിക്കൻ വേനൽക്കാലം എന്നും പകലുകളാണ്. സൂര്യനസ്തമിക്കാത്ത കാലം. ആറുമാസത്തോളം ഇവിടെ രാത്രി ഇല്ലെന്നുതന്നെ പറയാം. അൻറാർട്ടിക്കയിലെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതും സൂര്യന്റെ ഈ പ്രതിഭാസമായിരിക്കും.
അർധരാത്രി ഇവിടെ സൂര്യനുദിച്ചുനിൽക്കും. ഓസോൺ പാളികൾക്കുള്ള വിള്ളലുകൾ കാരണം അൻറാർട്ടിക്കയിൽ അൾട്രാ വയലറ്റ് റേഡിയേഷൻ ഏറ്റവും കൂടുതലാണ്. പെട്ടെന്ന് സൂര്യാഘാതവും സംഭവിക്കാം. അൻറാർട്ടിക്ക ശരിക്കുമൊരു തണുത്ത മരുഭൂമിയാണ്. പലപ്പോഴും ഹിമതീരത്തെ പകലുകൾക്ക് ചൂടു കൂടി ഐസ് ഉരുകും. പലയിടത്തും അത് ചെറു അരുവികളായി മാറും.
ഇന്ത്യയുടെ നാലരയിരട്ടി വലുപ്പമുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. അതിന്റെ 98ശതമാനം ഭാഗവും മഞ്ഞുമാത്രം. ആർട്ടിക് പ്രദേശത്തെപ്പോലെയല്ല അന്റാർട്ടിക്ക. ആർട്ടിക് പ്രദേശങ്ങളിൽ ‘ഇന്യൂട്ട്’ വിഭാഗത്തിലുള്ളവർ താമസിച്ചുവരുന്നുണ്ട്. കൂടാതെ ധ്രുവക്കരടികളും മറ്റു ജീവികളും അധിവസിക്കുന്നുണ്ട്. എന്നാൽ, അന്റാർട്ടിക്കയിലുള്ളത് പെൻഗ്വിനുകളും പിന്നെ ഗവേഷണത്തിനായി തങ്ങുന്ന ചിലരും മാത്രം. കാലാവസ്ഥക്ക് അനുസരിച്ചാണ് അന്റാർട്ടിക്കയിലെ എല്ലാ കാര്യങ്ങളും. ഒരു കാറ്റടിച്ചാൽ മഞ്ഞുപടലങ്ങൾ പടരും, മരുഭൂമിയിലെ മണൽക്കാറ്റുപോലെ. അഞ്ചുമീറ്റർ അപ്പുറത്തുള്ളവരെപോലും ചിലപ്പോൾ കാണാൻപറ്റാതാവും.
D) സ്രാവുകൾ
സ്രാവുകൾ മരങ്ങളേക്കാൾ കൂടുതൽ കാലം ജീവിച്ചിട്ടുണ്ട്. മരങ്ങൾ ഉണ്ടാകുന്നതിനും ഏകദേശം 50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പേ അവ നിലനിൽക്കുന്നു.
സ്രാവുകൾ അതിപുരാതനമായ ജീവിവർഗ്ഗങ്ങളിൽ ഒന്നാണ്. 400 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സ്രാവുകൾ പ്രത്യക്ഷപ്പെട്ടതായി ഫോസിൽ രേഖകൾ പറയുന്നു. ഏകദേശം 200 ദശലക്ഷം മുതൽ 175 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ സ്രാവുകളുടെ രൂപം കൈവന്നു.
സ്രാവുകൾ കോൺട്രിച്തീസ് (Chondrichthyes) എന്ന വിഭാഗത്തിൽപ്പെടുന്നു. ഈ വിഭാഗത്തിൽ തരുണാസ്ഥിയുള്ള എല്ലാ മത്സ്യങ്ങളും ഉൾപ്പെടുന്നു.
മിക്ക മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, സ്രാവുകൾക്ക് അസ്ഥികൾക്ക് പകരം തരുണാസ്ഥിയാണ് ഉള്ളത്. ചില സ്രാവുകൾ ശുദ്ധജലത്തിലും ജീവിക്കുന്നു.
ഇന്ന് ഏകദേശം 500ൽ അധികം ഇനം സ്രാവുകളുണ്ട്.
👍
👍