Thursday, November 14, 2024
Homeസ്പെഷ്യൽഡോ. അഥീന എം.എൻ മായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം (അഭിമുഖ പരമ്പര 16)

ഡോ. അഥീന എം.എൻ മായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം (അഭിമുഖ പരമ്പര 16)

ഡോക്ടർ തോമസ് സ്കറിയ

സമകാലീന സാഹിത്യത്തെ വിലയിരുത്താൻ ഗതകാല സാഹിത്യദർശനങ്ങൾ ഉപയോഗിക്കുന്ന എഴുത്തുകാരിയാണ് ഡോ. അഥീന എം.എൻ. ചേർത്തല എൻ.എസ്.എസ് കോളേജിലെ മലയാള വിഭാഗം അധ്യാപികയായ ഡോ. അഥീന ഒരു കവയിത്രി കൂടിയാണ്. വ്യക്തിനിരപേക്ഷമാണ് കല എന്നു അവർ വിശ്വസിക്കുന്നില്ല .

ഡോ. അഥീന എം.എൻ മായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം

ചോദ്യം 1
തൊണ്ണൂറ്റിയഞ്ചു വയസ്സു കഴിഞ്ഞ പ്രൊഫ എം.കെ. സാനുവിനെ കേരളം കണ്ട ഏറ്റവും ആധുനികനായ ഒരാൾ എന്നു ഡോ. അഥീന എം.എൻ വിശേഷിപ്പിച്ചു. അങ്ങനെ ഒരു നിരീക്ഷണം നടത്താൻ പ്രേരകമായ വസ്തുതകൾ എന്താണ്?

സാനു മാഷുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. കൂടെ യാത്ര ചെയ്തും മാഷുടെ പുസ്തകങ്ങൾ വായിച്ചും മനസ്സിലാക്കിയ ഒന്നാണ് , ഏറ്റവും ആധുനികനായ ഒരാളാണ് മാഷെന്നത്. മാഷുടെ നിരീക്ഷണങ്ങൾ പിന്തുടർന്നാൽ അതു മനസ്സിലാകും. ഒരു കാലം വരെ പാശ്ചാത്യ നിരൂപണ ശാഖകളെ ക്കുറിച്ചും നൂതന നാടക പരീക്ഷണങ്ങളെക്കുറിച്ചും മലയാളിവായനക്കാരെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നത് സാനുമാഷുടെ പുസ്തകങ്ങളാണ്. പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങൾ പരിചയപ്പെടുത്തിയത് അച്ചുതൻ മാഷാണെങ്കിലും.മലയാളത്തിലെ ഏതെങ്കിലും ഒരു പുസ്തകം, കവിതയോ നാടകമോ നോവലോ ചെറുകഥയോ ഏതുമാകട്ടെ, അവയോട് സാമ്യമുള്ള പാശ്ചാത്യ ധാരകൾ കൂടി സാനുമാഷ് അവതരിപ്പിച്ചു കണ്ടിട്ടുണ്ട്. അതുപോലെ സമൂഹവുമായി ഇടപഴകുന്നതിലെ ആധുനികത. ഒരു പുതു തലമുറക്കാരനെപ്പോലെയുള്ള അനുവർത്തനമാണ് മാഷിനുള്ളത്. പലപ്പോഴും നമുക്ക് അത്ഭുതം തോന്നും. ഓരോരോ കാലഘട്ടത്തെയും അതുൾക്കൊള്ളുന്ന ആധുനികതയോടെ , മടുപ്പില്ലാതെ സ്വീകരിക്കുന്ന മാഷുടെ പ്രകൃതം വിസ്മയമാണ്. ഇപ്പോൾ നമ്മൾ പറഞ്ഞു കൊണ്ടിരിക്കുന്ന fyugp പോലും. ചോദിച്ചു മനസ്സിലാക്കാൻ മാഷു കാണിക്കുന്ന വ്യഗ്രത അത്ഭുതകാര്യമാണ്.

ചോദ്യം 2
ഡോ. അഥീന കവിതയുമെഴുതും വിമർശനവും എഴുതും. സാനുമാഷിനെക്കുറിച്ച് എഴുതിയ ആധുനികതയുടെ പഴയ പ്രാർത്ഥന വിമർശനത്തിൽ ഒരാൾ സ്വീകരിക്കേണ്ട ധർമ്മമെന്ത് എന്നു വ്യക്തമാക്കുന്നുണ്ട്. വിമർശനം ആത്മാവിഷ്കരണമാണെന്നു കരുതുന്നുണ്ടോ?

വിവർത്തനം ആത്മാവിഷ്കാരമായി കരുതുന്നില്ല. വ്യക്തിയോടും എഴുത്തിനോടും രചനകളോടും പ്രത്യേക ഇഷ്ടങ്ങൾ ഉണ്ടാവും. അതും പല മാനദണ്ഡങ്ങളിൽ, അളവിൽ ഒക്കെ. എഴുത്തിനോടുള്ള ഇഷ്ടം എഴുത്തുകാരനോട് ഉണ്ടാവണമെന്നില്ല. തിരിച്ചും സംഭവിക്കാം. ചുരുക്കത്തിൽ, കൃത്യതയിൽ പറയുകയാണെങ്കിൽ ഏറ്റവും നിഷ്പക്ഷമായിരിക്കണം വിമർശനം എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ചോദ്യം 3
മയിൽചന്തം എന്ന കവിതാ സമാഹാരത്തിലെ കവിതകൾ കാല്പനിക പാത പിന്തുടരുന്ന ഒരാളുടെ രചനകൾ എന്നു വിശേഷിപ്പിക്കുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു?

മയിൽ ചന്തത്തിലെ കവിതകൾ കാല് പനിക പാത പിന്തുടരുന്നു എന്നു പറയുന്നതിൽ അഭിമാനവും സന്തോഷവുമുണ്ട്. കാല്പനികത ഒരു മോശം കാവ്യ ധാരയാണെന്ന അഭിപ്രായം എനിക്കില്ല. ഒരാളുടെ സ്വഭാവമല്ലല്ലോ കാല്പനികത നിർ ണയിക്കുന്നത്. എഴുത്തു രീതികളല്ലേ. ഏതു ചുറ്റു പാടിലും അല്പമെങ്കിലും കാല്പനികമാകാൻ പറ്റുന്നത് ഒരു പരിധി വരെ നല്ലതുമാണ്. അല്പമെങ്കിലും കാല് പനികതയില്ലാത്ത കവിതകൾ, ലോകസാഹിത്യത്തിൽ തന്നെ വിരളമല്ലേ..

ചോദ്യം 4.
എഴുത്തുകാർ മനഃസാക്ഷിയുടെ വക്താക്കളായിരിക്കണമെന്നു പറയാറുണ്ട്. ആധുനികതയുടെ പഴയ പ്രാർത്ഥനയിൽ അങ്ങനെ സൂചിപ്പിക്കുന്നുമുണ്ട്. അതെത്ര മാത്രം പ്രായോഗികമാകും?

എഴുത്തുകാർ മനഃസാക്ഷിയുടെ വക്താക്കളാവണം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് അത്രയും സത്യസന്ധമായി എഴുതുക എന്നതേയുള്ളൂ. ഭാവനയിലും എഴുത്തിലും പുലർത്താൻ പറ്റുന്ന സത്യസന്ധതയ്ക്ക് പരിധികളുണ്ട്. എങ്കിലും ശ്രമിച്ചാൽ നമുക്കതു സാധിക്കുകയും ചെയ്യുമല്ലോ.

ചോദ്യം 5
കവിതയാണ് അഥീനയുടെ തട്ടകം. എന്നാൽ വളരെ കുറച്ചു കവിതകൾ മാത്രമാണ് എഴുതിയിട്ടുള്ളത്. കവിതയെഴുത്തിൻ്റെ രസതന്ത്രം ഒന്നു വിശദമാക്കാമോ?

ഈയൊരു നിരീക്ഷണം വളരെ ഇഷ്ടപ്പെട്ടു. ഏറ്റവും സത്യസന്ധമായ ചോദ്യമായി അനുഭവപ്പെടുകയും ചെയ്തു. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അതായത് 6, 7 ക്ലാസ്സുകൾ മുതൽ കവിതയെഴുതി സമ്മാനം കിട്ടിയിട്ടുണ്ട്. കുറച്ചേ എഴുതിയിട്ടുള്ളൂ. അതാണിഷ്ടമായിട്ടുള്ളത്. എങ്ങനെ എഴുതിയാലും കൂടുതൽ സമയം ചിലവഴിച്ചും പെട്ടെന്ന് എഴുതിയതുമായ കവിതകളുണ്ട്. ചില പ്പോൾ ഒരു വാക്കിനു വേണ്ടി കുറേ സമയം കാത്തിരിക്കേണ്ടി വരും. ചില കവിതകൾ ഒരൊഴുക്കു പോലെയാണ്. എങ്ങനെയായാലും അവാച്യമായ ഒരിനം മാസ്മരികത കവിതാ രചനയിൽ കുടി കൊള്ളുന്നുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത്രമേൽ എഴുതാൻ തോന്നുമ്പോൾ എഴുതുന്ന ഒരു പ്രകൃതം കൂടിയാണ് എന്റേത്.

ചോദ്യം 6
പുതുകവിതകൾ ശ്രദ്ധിക്കാറുണ്ടാവുമല്ലോ. അവ ജീവിതത്തോട് അടുത്തു നിൽക്കുന്നതായി തോന്നാറുണ്ടോ? പുതുകവിതയെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണം ഒന്ന വതരിപ്പിക്കാമോ?

പുതു കവിതകൾ നന്നായി ശ്രദ്ധിക്കാറുണ്ട്. ഭാവനയുടെ ചടു ലതയാണ് ഏറ്റവും ഗംഭീരമായ പ്രത്യേകതയായി അനുഭവപ്പെട്ടിട്ടുള്ളത്. ഏതു രീതിയിലും എഴുതാൻ അവർ പ്രാപ്തരുമാണ്. വൃത്തമോ വൃത്ത നിരാസമോ പ്രശ്നമല്ല. നീട്ടലും കുറുക്കലും പ്രശ്നമല്ല. വിഷയദാരിദ്ര്യവും ഇല്ല. അതെല്ലാം മേന്മകൾ തന്നെയാണ്.

ചോദ്യം 7

മാറിയ കാലഘട്ടത്തിൽ അധ്യാപനത്തോടുള്ള മനോഭാവമെപ്രകാരമാണ് .? അഥീനയുടെ അധ്യാപകരും ഇപ്പോഴുള്ള അധ്യാപകരും തമ്മിൽ എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ?

ഇപ്പോൾ അധ്യാപനത്തോട് ആഗ്രഹമേയില്ല. കൂടിയ ക്ലെരിക്കൽ ജോലികൾ എന്നതേക്കാൾ ആത്മാർഥമായ ജോലിബോധം, സ്നേഹബന്ധം ഇതൊന്നും എവിടെയും കാണുന്നില്ല. എല്ലാം വളരെ മെക്കാനിക്കൽ ആണ്. അതൊരു വിഷമമായി മനസ്സിലുണ്ട്. ഇനിയൊരു കാലത്ത് അതുണ്ടാവാത്ത വിധം അധ്യാപന രംഗം മാറിക്കഴിഞ്ഞു. സാങ്കേതികമായും. ഒരു ദിവസത്തിന്റെ 75 ശതമാനവും ജോലി സ്ഥലത്തു ചിലവഴിക്കുന്ന നമ്മളൊക്കെ കുറച്ചു കൂടി ആരോഗ്യപരമായ ചുറ്റുപാടുകൾ , മാനസികവും ശാരീരിക വുമായത് , ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ…

ചോദ്യം 8
കുടുംബം, പഠനം,തൊഴിൽ, വായന തുടങ്ങിയവയെ ഒന്നു പരിചയപ്പെടുത്തുമല്ലോ?

ഞാൻ കുഴിക്കാട്ടുശ്ശേരി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ, അമ്മ സഹോദരങ്ങൾ എല്ലാമടങ്ങിയ ഒരു കർഷക കുടുംബം. കല്യാണം കഴിച്ചു ജീവിക്കുന്നത് എറണാകുളത്താണ്. എഴുത്തുകാരനും അധ്യാപകനുമായ ഡോ. ടി. ഭാസ്കരന്റെ മകൻ ടി. ബി. നിരഞ്ജ് ആണ് ഭർത്താവ്. അദ്ദേഹം ഐ. ടി പ്രൊഫഷണൽ ആണ്. ഒരു മകൻ .അർച്ചിത്ത്. ഇംഗ്ലീഷിൽ എം. ഏ കഴിഞ്ഞ അദ്ദേഹം ഇപ്പോൾ ഒരു ഐ. ടി കമ്പനിയിൽ ജോലി ചെയ്യുന്നു. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർ വകലാശാലയിൽ നിന്നും മലയാളത്തിൽ എം.ഏ , എം ഫിൽ ബിരുദങ്ങൾ . സാഹിത്യ അക്കാദമി സെന്റർ ആക്കി എം. ജി യൂണിവേഴ്‌സിറ്റി യിൽ നിന്നും ഗവേഷണ ബിരുദം. വൈലോപ്പിള്ളി ക്കവിതകളിൽ ആയിരുന്നു ഗവേഷണം. വളരെ ചെറിയ പ്രായം മുതൽ തുടങ്ങിയ വായനാശീലം ഇപ്പോഴും തുടരുന്നു. പഴയതു പോലെ കൈയിൽ കിട്ടിയതെന്തും വായിക്കുന്ന ശീലം ഇപ്പോളില്ല. ചില പ്രത്യേക താത്പര്യങ്ങൾ വായനയിൽ വന്നിട്ടുണ്ട്

ചോദ്യം 9

ഇഷ്ടപ്പെട്ട കവി വൈലോപ്പിള്ളിയാണോ? വൈലോപ്പിള്ളി ക്കവിതകളിലാണല്ലോ ഗവേഷണം ? അത് ഇഷ്ടപ്പെടാൻ കാരണം?

ഇഷ്ടപ്പെട്ട ഒരു കവി വൈലോപ്പിള്ളിയാണ് . പഠനകാലത്ത് കൂടുതൽ സ്വാധീനിച്ചത് ആശാൻ ആയിരുന്നു. അതിപ്പോഴും തുടരുന്നു. എം ഏ. ക്കു ഭാരതീയ സാഹിത്യ സിദ്ധങ്ങൾ പഠിപ്പിച്ചത് ലീലാവതി ടീച്ചർ ആയിരുന്നു. സമാന്തരമായി വൈലോപ്പിള്ളി ക്കവിതകൾ വസന്തൻ സാറും പഠിപ്പിച്ചു. വസന്തൻ സാർ പഠിപ്പിക്കുമ്പോൾ, വൈലോപ്പിള്ളി ക്കവിതകളിൽ അതതിടങ്ങളിൽ വരുന്ന കാവ്യശാസ്ത്ര സിദ്ധാന്തങ്ങൾഭംഗിയായി കൂട്ടിയിണക്കിപ്പറയുമായിരുന്നു. കണ്ണീർപ്പാടം, കുടിയൊഴിക്ക്ൽ തുടങ്ങിയ കവിതകൾ പ്രത്യേകിച്ചും. ഞങ്ങൾ അവസാന വർഷം എം ഏ ചെയ്യുമ്പോഴാണ് ഓ എൻ വി യുടെ ‘സ്വയം വരം’ ഇറങ്ങുന്നത്. കാവ്യാലങ്കാരങ്ങൾക്കുള്ള പല ഉദാഹരണങ്ങളും ലീവാവതി ടീച്ചർ പറഞ്ഞു തന്നിരുന്നത് അതിൽ നിന്നായിരുന്നു. ആദ്യകാല ക്ലാസ്സിക് കൃതികൾക്കൊപ്പം ആധുനിക – ഉത്തരാധുനിക കവിതകളും കാവ്യശാസ്ത്ര പഠനത്തിന് വഴങ്ങും എന്ന തിരിച്ചറിവ് അങ്ങനെയാണുണ്ടായത്. അതൊരു ലഹരിയും കൗതുകവുമായിരുന്നു. അങ്ങനെയാണ് വൈലോപ്പിള്ളിക്കവിതയിൽ ഗവേഷണം ചെയ്യാം എന്ന ആഗ്രഹമുണ്ടാകുന്നത്. കൂടുതൽ പഠിച്ചപ്പോൾ ആശാന്റെ അതേ craft തന്നെയാണ് വൈലോപ്പിള്ളിയും അനുവർത്തിക്കുന്നതെന്നും മനസ്സിലാക്കാൻ സാധിച്ചു.

ചോദ്യം 10

പുതിയ എഴുത്തു പദ്ധതികൾ എന്തൊക്കെയാണ്?

എഴുതാൻ ആഗ്രഹമുള്ള ധാരാളം കാര്യങ്ങളുണ്ട്. അക്കാമഹാദേവിയുടെ കവിതകൾ, മുത്തു ലക്ഷ്മി ടീച്ചർ വിവർത്തനം ചെയ്ത ഥേരി ഗാഥ മുതലായ പുസ്തകങ്ങളിലെ ഫിലോസഫി ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വേറെയും ചില എഴുത്തു ചിന്തകൾ.. അത്രയുമേ ഇപ്പോൾ പറയാനൊക്കൂ. ചിലപ്പോൾ അതുപോലെ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ…

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments