സോഷ്യൽ മീഡിയായിലെ സാഹിത്യപ്രവർത്തകരെ സർക്കാർ അംഗീകരിക്കുന്നില്ല അവർക്ക് അവാർഡ് നൽകാൻ സംവിധാനം ഉണ്ടാകണം
അനിയൻ തലയാറ്റും പിള്ളി
വായനയുമായുള്ള നീണ്ട സഹവാസത്തിനു ശേഷം എഴുത്തിൻ്റെ ലോകത്തിലേക്ക് കടന്നുവന്ന ബ്ലോഗറും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ അനിയൻ തലയാറ്റും പിള്ളിയുമായി ഡോ. തോമസ് സ്കറിയ നടത്തിയ അഭിമുഖം.
അഭിമുഖ പരമ്പര – 10
ചോദ്യം 1
വ്യത്യസ്ത സാഹിത്യരൂപങ്ങളിൽ അനിയൻ തലയാറ്റും പിള്ളിയുടെ സംഭാവനകളുണ്ട്. എഴുതിയ കൃതികളെക്കുറിച്ച് ഒന്നു വിശദീകരിക്കാമോ? അങ്ങയുടെ മാസ്റ്റർ പീസ് ” അച്ചുവിൻ്റെ ഡയറി “യേപ്പററിയും പറയുമല്ലോ ?
ഞാൻ പ്രിൻ്റഡ് മീഡിയയിൽ നിന്ന് സോഷ്യൽ മീഡിയയിലേക്ക് മാറിയ ഒരു എഴുത്തുകാരനാണ്. അങ്ങിനെ ഇരിക്കുമ്പഴാണ് എനിയ്ക്ക് അമേരിക്കയിലേക്ക് പോകണ്ടി വന്നത്. അവിടെ നാലു മാസം. എൻ്റെ മോളുടെ മോനാണ് അച്ചു. അവൻ മുത്തശ്ശനുമായി വലിയ കൂട്ടായി .അവൻ്റെ കുസൃതികളും, ജിജ്ഞാസയും, അവൻ്റെ ഗൃഹാതുരത്വവും എന്നേ ആകർഷിച്ചു.അങ്ങിനെ അവൻ്റെ വിചാര വികാരങ്ങൾ മുത്തശ്ശനുമായി പ്പങ്കുവയ്ക്കുന്നത് കുറിച്ചു വച്ചു. പിന്നീട് അതൊരു പരമ്പര ആയി സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചുതുടങ്ങി.അച്ചുവിൻ്റെ ഒരു ഡയറിക്കുറിപ്പ് പോലെ. ഇവിടെ മുത്തശ്ശൻ സംസാരിക്കുന്നില്ല. ഒരു കേൾവിക്കാരൻ മാത്രം. അവൻ്റെ ഭാഷയിൽ കുട്ടികളുടെ മനസിലുള്ളത് ഞാൻ എഴുതിത്തുടങ്ങി.അതിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് കിട്ടിയത്.അച്ചുവിന് ആരാധകർ കൂടിക്കൂടി വന്നു. ഒരാഴ്ച്ച അച്ചുവിനെക്കണ്ടല്ലങ്കിൽ പരിഭവമായി, വേവലാതി ആയി , അന്വേഷണമായി. അച്ചുവിന് ഇനി പ്രായമാകണ്ട എന്നു വരെ ആവശ്യം ഉയർന്നു.അങ്ങിനെ അച്ചുവിന് മാർക്കണ്ഡേയത്വം നൽകി .ഇന്ന് 567 എപ്പിസോഡായി അത് തുടരുന്നു. ഇരുനൂറ് എപ്പിസോഡ് പൂർത്തിയാക്കിയപ്പോഴാണ് ഒരു ദിവസം എൻ്റെ സുഹൃത്ത് സാഹിത്യ നിരൂപകൻ കെ.സി.നാരായണൻ അതെന്തുകൊണ്ട് ഒരു ബുക്കാക്കിക്കൂട എന്നു ചോദിച്ചത്. അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അച്ചു അവൻ്റെ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന് മുത്തശ്ശനുമായി സംസാരിക്കുന്നത് മുമ്പെഴുതിയിരുന്നു.അതുകൂടി ചേർത്ത് ബുക്കാക്കാനുള്ള ശ്രമം തുടങ്ങി.സുമംഗലയുടെ അവതാരിക ലഭിച്ചത് ഒരു കഥയാണ്. സുമംഗലയുടെ ചേച്ചി അമേരിക്കയിൽ ആണ്. അവിടെ വച്ച് അച്ഛന് അച്ചൂൻ്റെ ഡയറിക്ക് ഒരവതാരിക [സുമംഗലയുടെ ] വേണമെന്ന മോഹം ഉണ്ടന്നു സൂചിപ്പിച്ചു. അവരും നല്ലൊരെഴുത്തുകാരിയാണ്.അച്ചുവിൻ്റെ സ്ഥിരം വായനക്കാരിയുമാണ്. അവർ സുമംഗലയെവിളിച്ചു പറഞ്ഞു. നാട്ടിൽ വന്നപ്പോൾ പ്രൂഫുമായി സുമംഗലയുടെ ഇല്ലത്ത് പോയി. ഞാൻ ഏറ്റവും ആരാധിക്കുന്ന ഒരക്ഷരമുത്തശ്ശിയെ ആണ് കാണാൻ പോകുന്നത്. അകത്തു ചെന്നപ്പോൾ ലാളിത്വത്തിൻ്റെ ആൾരൂപമായ ഒരു മുത്തശ്ശി. ഞാൻ താണ് നമസ്കരിച്ചു. എൻ്റെ കൈ പിടിച്ച് അടുത്തിരുത്തി. എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു. ഞാൻ പ്രൂഫ് കയ്യിൽ ക്കൊടുത്തു. ഞാനൊന്നു വായിക്കട്ടെഎന്നു പറഞ്ഞു. എഴുതി വച്ചിട്ട് അറിയിക്കാം എന്നും.കൃത്യം ഒരാഴ്ച്ച. അവതാരിക എഴുതി വച്ചിട്ടുണ്ട് എന്നറിയിച്ചു. അസ്സലായിട്ടുണ്ട്.ആ പുതിയ ശൈലി എനിക്കിഷ്ടായി. ഇത് നിർത്തരുത് തുടരണം എന്നും പറഞ്ഞു. അവർ ഒരു പേപ്പറിൽ അവരുടെ കയ്യക്ഷരത്തിൽ എഴുതിയ ആ നിധി എൻ്റെ കയ്യിൽത്തന്നു. തലയിൽ രണ്ടു കയ്യും വച്ചനുഗ്രഹിച്ചു. രണ്ടും മൂന്നും ഭാഗം ഇറങ്ങണം. പറ്റുമെങ്കിൽ ഇത് വിശ്വസാഹിത്യത്തിലേയ്ക്ക് മൊഴിമാറ്റം നടത്തണം: അവിടുന്നിറങ്ങിയപ്പോൾ വിശ്വം ജയിച്ച ഒരു ഭാവമായിരുന്നു എനിക്ക് .
ചോദ്യം 2
അച്ചുവിൻ്റെ ഡയറി ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയുണ്ടായി. അതിൻ്റെ സ്വീകാര്യത എങ്ങനെ ആയിരുന്നു?
അതും ആ പുസ്തകത്തിൻ്റെ ഒരു ഭാഗ്യമാണ്.പണ്ട് ഞാൻ വർക്കു ചെയ്ത ലോർഡ് കൃഷ്ണാ ബാങ്കിൻ്റെ ജനറൽ മാനേജർ ആയിരുന്ന ശ്രീ.ബാബു രാജൻ സാർ എന്നെ വിളിക്കുന്നു. അച്ചുവിൻ്റെ ഡയറി വായിക്കാനിടയായി. നന്നായിട്ടുണ്ട്. അത് നമ്മുടെ മാതൃഭാഷയിൽ മാത്രം ഒതുങ്ങണ്ടതല്ല .വിശ്വസാഹിത്യത്തിൽ എത്തണം. നമുക്കത് ഇംഗ്ലീഷിലേയ്ക്ക് മൊഴിമാററാം.പിന്നെ സാറിൻ്റെ രണ്ടു വർഷത്തെ തപസായിരുന്നു ഇംഗ്ലീഷ് പരിഭാഷക്കു വേണ്ടി. നല്ല പരിഭാഷകൻ ബാംഗ്ലൂർ ,ഉള്ള ഒരു പ്രസാധകൻ, അവതാരികകൾ എല്ലാം സാറിൻ്റെ ശ്രമമാണ്. ഞാൻ ഒപ്പം കൂടിയതേയുള്ളു. അവസാനം ശശി തരൂരിൻ്റെ അവതാരിക കൂടിക്കിട്ടിയപ്പോൾ അത് സംമ്പൂർണ്ണമായി. എൻ്റെ സുഹൃത്ത് കോട്ടയം അതിരൂപതാ ബിഷപ്പ് മാർ മാത്യു മൂലക്കാട് ആ ബുക്കിന് വിശദമായ ഒരാശംസ അയച്ചു തന്നു. അതിൻ്റെ റോയൽററി മുഴുവൻ പാവപ്പെട്ട കുട്ടികൾക്ക് എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു.അതു കൊണ്ടാവാം കലൂരുള്ള രാമകൃഷ്ണാശ്രമം അതിൻ്റെ പ്രകാശനം എറ്റെടുത്തു. അതിപ്രൗഡമായ ആ പരിപാടിയിൽത്തന്നെ ധാരാളം പുസ്തകം ചെലവായി.പിന്നീട് അമേരിക്കയിൽ ഒരു വലിയ വേദിയിൽ സ്വാമി ചിതാനന്ദ പുരി അത് പ്രകാശനം ചെയ്തു.ബോംബെയി ലുള്ള ഒരു പാർട്ടി അതിൻ്റെ ഇ- ബുക്കും ചെയ്തു തന്നു. അതിൻ്റെ ഓഡിയോബുക്കിൻ്റെ വർക്ക് അമേരിക്കയിൽ പൂർത്തി ആയി വരുന്നു. ഫ്ലവർ ടിവിയിലെ ടോപ്പ് സിംഗർ അനന്യയെക്കുറിച്ച് അച്ചുവിൻ്റെ ഡയറിയുടെ മൂന്നാം ഭാഗത്തിൽ ഒരെപ്പിസോഡുണ്ട്. അതിൻ്റെ ഒരു കോപ്പിയും ഒന്നും രണ്ടും ഭാഗങ്ങളും അനന്യക്ക് കൊടുക്കാൻ ഫ്ലവർ ടി.വി ‘ക്ക് അയച്ചുകൊടുത്തു.എനിക്കവരാരുമായി ഒരു പരിചയവുമില്ല. അടുത്ത എപ്പിസോഡിൽ ജയചന്ദ്രൻ മാഷ് ആ പുസ്തകത്തെപ്പറ്റിപ്പറഞ്ഞ്, ആ എപ്പിസോഡ് വായിച്ച് ഫ്ലവർ ടി.വി.യുടെ ഫ്ലോറിൽ വച്ചു തന്നെ അനന്യക്ക് കൊടുത്തു .ബുക്കിൻ്റെ സ്റ്റോക്ക് മുഴുവൻ ഒരാഴ്ച്ചകൊണ്ട് തീർന്നു ബാംഗ്ലൂർ ആണ് അനന്യയും അദിഥിയും താമസിക്കുന്നത്. അവിടെ ഞങ്ങൾ എല്ലാവരും കൂടിപ്പോയി ബുക്ക് കൊടുത്തു. അതിൻ്റെE Book പ്രകാശനം ചെയ്തതും ആ കൊച്ച് മിടുക്കിയാണ്.
ചോദ്യം 3
മറ്റു സാഹിത്യ കൃതികളെപ്പറ്റി ഒന്നു പറയാമോ?
സോഷ്യൽ മീഡിയക്ക് പാകത്തിന് ഒരു സാഹിത്യ ശാഖ മനസ്സിലുണ്ടായിരുന്നു. അതിനു വേണ്ടി കീശക്കഥകൾ ആണ് പിന്നീട് തുടങ്ങിയത് അത് ഛായാദാനം ,മെക്സിക്കൻ ഹൊട്ട് എന്നു രണ്ട് പുസ്തകമാക്കി. അടുത്ത പുസ്തകം ഉടനിറങ്ങും. ധാരാളം യാത്ര ചെയ്തിട്ടുള്ള ഞാൻ യാത്രാ കുറിപ്പുകൾ എഴുതി വയ്ക്കാറുണ്ട്. യാത്രാ നുറുങ്ങുകൾ എന്നൊരു രീതിക്ക് തുടക്കമിട്ടു. സന്തോഷ് കുളങ്ങരയുടെ അവതാരികയോടെ രണ്ടു പുസ്തകം പുറത്തിറങ്ങി. അമേരിക്കാ ,ഇഗ്ലണ്ട് യാത്രകളിലൂടെ, ദൂബായി ഒരൽഭുതലോകം’. ഇപ്പോൾ ഞാൻ യൂറോപ്പ് പര്യടനത്തിലാണ്. യൂറോപ്പിൻ്റെ ഹൃദയ നാളിയിലൂടെ എന്നൊരു പരമ്പര സോഷ്യൽ മീഡിയയിൽ തുടങ്ങി. അതും ഉടനെ പുസ്തകമാകുo.
ഇതിനിടെ അപസർപ്പക കഥകൾ പുസ്തകമാക്കിയിരുന്നു .
പ്രസിദ്ധമായ ഷെർലോക്ക് ഹോo സ് കഥകൾ മാതിരി നമ്മുടെ കേരളത്തിൻ്റെ സാഹചര്യത്തിൽ കഥാപാത്രങ്ങളെ സൃഷ്ട്ടിച്ച് ഒരു പരമ്പര “ഫിംഗർപ്രിൻ്റ് ” എന്ന പേരിൽ അതും പുസ്തകമായി. അതിന് അവതാരിക എഴുതിയത് ഡോ. തോമസ് സ്കറിയായാണല്ലോ.അന്ന് എല്ലാവരും പറഞ്ഞതാണ് ഒരു പുസ്തക നിരൂപകനെ ഒരിയ്ക്കലും അവതാരിക ഏൽപ്പിക്കരുത് എന്ന്. എനിക്ക് താങ്കളെ വിശ്വാസമായിരുന്നു. അതിമനോഹരമായ ആ അവതാരിക എൻ്റെ പുസ്തകത്തിന് ഒരു മുതൽക്കൂട്ടാകുന്നതാണ് പിന്നെക്കണ്ടത് “നാലുകെട്ട് ” എന്ന പരമ്പര പുസ്തകമാകുന്നുണ്ട്. എൻ്റെ മുന്നൂറ്റി അമ്പത് വർഷം പഴക്കമുള്ള ഒരു നാലുകെട്ടാണ്. അവിടെയുള്ള പഴയ സാധനങ്ങളെപ്പററി എഴുതിത്തുടങ്ങിയതാണ് .പഴയ നമ്മുടെ ആചാരങ്ങൾ. അതെങ്ങിനെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവസങ്കൽപ്പങ്ങൾ അവക്കു പ്രകൃതിയുമായുള്ള ബന്ധം എല്ലാം അതിൽ ഉൾപ്പെടുത്തി. നല്ല സ്വീകാര്യതയാണ് അതിന് കിട്ടിയത് ‘ഇന്നും എഴുതുന്നു.അത് 564 എപ്പിസോഡായി . അതിൽ നിന്നും ഒരു നൂറെണ്ണം തിരഞ്ഞെടുത്താണ് പുസ്തകമാക്കുന്നത്.. എൻ്റെ നാലുകെട്ടിൻ്റെ പൈതൃകത്തിലൂടെ “. അതിന് കാണിപ്പയ്യൂരിൻ്റെയും ഡോ.ശിവകരൻ നമ്പൂതിരിയുടെയും അവതാരിക കിട്ടി. പ്രഭാത് ബുക്ക് ഹൗസ് അത് വൈകാതെ പുറത്തിറക്കുo. എറണാകുളം ബെയ്സ് ചെയത് പ്രബോധാ ട്രസ്റ്റ് എന്നു നമുക്കൊരു ട്രസ്റ്റുണ്ട്. അതിനു് ഒരു പബ്ലിഷിങ് വിഭാഗവും.അവരാണ് കൃഷ്ണൻ്റെ ചിരി പുറത്തിറക്കിയത്. എൻ്റെ പുസ്തകങ്ങളിൽ റിക്കാർസ് സെയിൽ അതിനാണ് .നാലാമത് എഡീഷൻ ഇറങ്ങി. മള്ളിയൂരും; വെൺമണിയും ബാബു നമ്പൂതിരിയുo അതിന് പഠനം തന്നു.പ്രസിദ്ധ മ്യൂറൽ കലാകാരി ഹേമ നീലമനയാണ് അതിൻ്റെ കവർ ഡിസൈൻ ചെയ്തത്.മഹാഭാരതത്തിലെ കൃഷ്ണകഥകൾ ആണ്. വ്യാസൻ പറയാത്ത പല കഥകളും അതിൽ ചേർത്തിട്ടുണ്ട്. ഒരുപാട് ബുക്കുകൾ റഫർ ചെയ്യേണ്ടി വന്നു.പിന്നെ എം.ടി പറഞ്ഞ പോലെ വ്യാസൻ്റെ മൗനവും, സമസ്യയും പൂരിപ്പിച്ചിട്ടേ ഉള്ളു . ഞാനും സ്വാതന്ത്ര്യം കുറച്ച് എടുത്തിട്ടുണ്ട്. ഇതു കൂടാതെ നമ്പ്യാത്തനും തിരുമേനിയും എന്ന സറ്റയർ. തനതു പാകം, ഗുരുപൂജ, ഏകാങ്കങ്ങൾ, സിനി സ്ക്രിപ്ററ് തുടങ്ങി എല്ലാ ശാഖകളിലും കൈ വച്ചിട്ടുണ്ട്..
ചോദ്യം 4
കാനനക്ഷേത്രം എന്ന ആശയത്തിൻ്റെ വിജയകരമായ പൂർത്തീകരണത്തിലൂടെയാണ് അനിയൻ തലയാറ്റും പിള്ളി പെട്ടെന്ന് ശ്രദ്ധനേടിയത്. അതിൻ്റെ വിവരങ്ങൾ ഒന്നു പങ്കുവയ്ക്കാമോ?
അത് എൻ്റെ ഇഷ്ട സബ്ജററാണ്.പ്രകൃതിസംരക്ഷണത്തിന് ഞാൻ ഇതിനകം ചെയ്തത് വിശദമാക്കാം. കാനന ക്ഷേത്രം ഒരു സ്പിരിച്ച്വൽ കം എൻവയൺമെൻ്റ് പ്രോജക്റ്റ് ആണ്.
പരിസ്ഥിതി സംരക്ഷണത്തിന് ദേവസങ്കൽപ്പങ്ങളെ ഉപാധിയാക്കിയിരിക്കുകയാണ്. പ്രപഞ്ചത്തിലെ മുപ്പത്തിമുക്കോടി ചരാചരങ്ങളേയും ദൈവമായിക്കണ്ട് ആരാധിക്കാൻ പഠിപ്പിച്ച ഒരു സംസ്കൃതിയുടെ പുനരാവിഷ്ക്കാരം..
1. നക്ഷത്രോദ്യാനം
[ ഒരോ നക്ഷത്രത്തിനും [നാളിനും] ഉള്ള മരങ്ങൾ ക്രമത്തിൽ വച്ചുപിടിപ്പിക്കുന്നു ]
2. നവഗ്രഹോദ്യാനം
[ഒരോ ഗ്രഹത്തിനും സങ്കൽപ്പിച്ചിട്ടുള്ള മരങ്ങൾ ക്രമത്തിൽ ]
3. രാശിചക്രോദ്യാനം [ പന്ത്രണ്ട് രാശികൾക്കും സങ്കൽപ്പിച്ചവ യധാദിക്കിൽ വച്ചുപിടിപ്പിക്കുന്നു.]
4. ആയൂർ ഉദ്യാനം ഔഷധത്തോട്ടം [ മനുഷ്യ ശരീരത്തിൻ്റെ ഒരോ അവയവത്തിനും ആവശ്യമായ ഔഷധ സസ്യങ്ങൾ യഥാ സ്ഥാനത്ത് കൃrഷി ചെയ്യുന്നു ]
ദശമൂലോദ്യാനം [ആയ്യൂർവേദത്തിൽ പറയുന്ന ദശമൂലങ്ങൾ വൃത്താകൃതിയിൽ വച്ചുപിടിപ്പിക്കുന്നു.]
6.ശലഭോദ്യാനം.[ചിത്രശലഭങ്ങൾക്ക് അവരുടെ ഇഷ്ട പുഷ്പ്പങ്ങൾ വിരിയുന്ന പൂച്ചടികൾ വച്ചുപിടിപ്പിക്കുന്നു.]
7. എഴുത്തുപുര [ഹരിശ്രീ ] എഴുത്തിനും വായനയ്ക്കും വേണ്ടി കാനനക്ഷേത്രത്തിന് തൊടുകുറി ആയി ഒരു പർണ്ണശാല ]
8. ആദിത്യ മണ്ഡപം [സൂര്യനമസ്കാരത്തിനും, യോഗയ്ക്കും വേണ്ടി ഒരു മണ്ഡപം]
9. വന തീർത്ഥം [ മനോഹരമായ ഒരു ജലാശയം]
10. തേൻ കൂട്[ തേനീച്ചക്കൂടുകൾ കാനനക്ഷേത്രത്തിൽ ]
11. ദശപുഷ്പോദ്യാനം
12. നാൽപ്പാമര തൊട്ടം
13. തൃഫലത്തോട്ടം
14. കദളീവനം
15′ തുളസീവനം
16. യോഗ ചക്രോദ്യാനം ‘[ യോഗയിലെ ഏഴു ചക്രങ്ങൾക്കും ഔഷധങ്ങൾ പറയുന്നുണ്ട്: ]
:ഇതൊന്നും കൂടാതെ രാമച്ചവും, മുളയും തേക്കും, ബദാമും .രുദ്രാക്ഷവും, കർപ്പൂരവും തുടങ്ങി 150 ഓളം അപൂർവ്വ മരങ്ങളും.കൂടാതെ ആയുർവേദത്തിലെ ഗണങ്ങളെ ആസ് പദമാക്കി ഔഷധകൃഷിയും ചെയ്തു .ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും “പരിസ്ഥിതി മിത്ര അവാർഡും ” വനം വകുപ്പ്മന്ത്രിയിൽ നിന്നും ഈ വർഷത്തെ ഗവർമെൻ്റിൻ്റെ “വനമിത്ര ” അവാർഡും കാനനക്ഷേത്രത്തിനാണ് ലഭിച്ചത്.
ചോദ്യം 5
എന്താണ് ഈ “നാദയോഗമെഡിറേറഷൻ ” അത് പൊലെ അങ്ങ് വിഭാവനം ചെയ്യുന്ന മെഡിറ്റേഷൻ പാർക്കും ഒന്നു വിശദീകരിക്കാമോ?
മേൽപ്പറഞ്ഞ ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ഒരോ തീം ആയാണ് കൃഷി ചെയ്തിരിക്കുന്നത്.. ഒരു വൃത്തത്തിനു ചുറ്റും മരങ്ങൾ വച്ചുപിടിപ്പിച്ച് നടുക്കള്ള സ്ഥലം പുല്ല് പിടിപ്പിക്കുന്നു. പേൾ ഗ്രാസാണ് പിടിപ്പിക്കാൻ എളുപ്പം. അവിടെ മെഡിറ്റേഷനുള്ള സൗകര്യം ഒരുക്കും.ഔഷധ സസ്യങ്ങളുടെ കാറ്റേററ് പക്ഷികളുടെ കളകൂജനം ശ്രവിച്ച് ശാന്തമായ അന്തരീക്ഷത്തിൽ ഒരു അതീന്ദ്ര ധ്യാനം. അവിടെ മെഡിറ്റേഷൻ പഠിപ്പിക്കുന്നൊന്നുമില്ല.ഒരന്തരീക്ഷം ഉണ്ടാക്കിക്കൊടുക്കുക. അത്ര മാത്രം. ഈ നാട്ടിൽ മെഡിറ്റേഷൻ പാർക്ക് ആദ്യമായാണു്.
ചോദ്യം 6
എന്താണ് നാദയോഗമെഡിറ്റേഷൻ ?
ഞാൻ ഒരു “യോഗ ചക്ര ഉദ്യാന “ത്തിൻ്റെ കാര്യം പറഞ്ഞിരുന്നല്ലോ? യോഗക്ക്ഏഴുചക്രങ്ങളാണ് പറയുക. ആ ഒരോ ചക്രത്തിനും ഔഷധങ്ങൾ പറയുന്നുണ്ട്. അവ അതിനു നേരേ വച്ചാണ് ആ ഉദ്യാനം ഒരുങ്ങിയത്. അപ്പോൾ കർണ്ണാട്ടിക് മ്യൂസിക്കിലെ അതിപ്രഗൽഭരായ എൻ്റെ രണ്ടു സുഹൃത്തുക്കൾ ഇതിൽ ആകൃഷ്ടരായി ഇവിടെ വന്നു. ഏഴുചക്രങ്ങളെ സപ്തസ്വരവുമായി ബന്ധെപ്പെടുത്താമെന്നും മെഡിറേറഷൻ പാർക്ക് സംഗീത സാന്ദ്രമാക്കിയാൽ മെഡിറ്റേഷൻ വേറൊരു തലത്തിൽ എത്തിക്കാമെന്നു o പറഞ്ഞു. അങ്ങിനെ ആണ് “നാദയോഗമെഡിറ്റേഷൻ ” എന്ന ആശയം രൂപപ്പെട്ടത്.അടുത്ത ഘട്ടമായി അതും പൂർത്തി ആക്കും. സർപ്പക്കാടും മുല്ലയ്ക്കൽ തേവരും ഒക്കെ പണ്ട് പ്രകൃതിസംരക്ഷണത്തിനായി പൂർവ്വസ്ഥരികൾ വിഭാവനം ചെയ്തതാണ്. ഏതാണ്ട് മു ണ്ണൂററി അമ്പതു വർഷം പഴക്കമുള്ള എൻ്റെ നാലുകെട്ടിന് ചുററുമാണ് കാനനക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ചോദ്യം 7
ബ്ലോഗെഴുത്തിലും സമൂഹമാധ്യമങ്ങളിലും സജീവമാണല്ലോ. അച്ചടി മാധ്യമങ്ങളിലും എഴുതുന്നു. ഇതൊക്കെ തമ്മിലുള്ള അന്തരത്തെ എങ്ങനെ നോക്കിക്കാണുന്നു?
ഞാനാദ്യം പ്രിൻറഡ് മീഡിയയിൽ ആണെഴുതിത്തുടങ്ങിയത് അന്ന് താങ്കൾ തന്നെ പരിചയപ്പെടുത്തിത്തന്ന ഒത്തിരി ചെറു മാഗസിനുകളിൽ എഴുത്ത് തുടർന്നു.ആ ഇടയാണ് ഞാൻ ഗുഡ്ഗാവിൽ മോളുടെ കൂടെ ഒരു മാസം ഉണ്ടായത്. മരുമകൻ മാടമ്പിലെ ആണ്. ഒരു നല്ല സാഹിത്യ ആസ്വാദകൻ. അവനാണ് ബ്ലോഗ് തുടങ്ങാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കാനും പ്രേരിപ്പിച്ചത്.അന്ന് കമ്പ്യൂട്ടറിൽ മൗസ് പിടിക്കാൻ പോലും അറിയില്ല. അന്ന് അവിടെ ഒരു വലിയ കവി സമ്മേളനം നടന്നു. ഞാൻ ആദ്യമായി അവിടെ ഒരു കവിത എഴുതി അവതരിപ്പിച്ചു. അതൊരു വഴിത്തിരിവായിരുന്നു. ആ വലിയ ഗ്രൂപ്പിൻ്റെ സ്വാധീനമാണ് സോഷ്യൽ മീഡിയയിലേക്കുള്ള കവാടം തുറന്നത്. ഫെയ്സ് ബുക്ക് ഒരു വലിയ സ്വതന്ത്ര ക്യാൻവാസ് ആണന്നു ഞാൻ മനസിലാക്കി.അതിൽ “ചെപ്പിലെ സാഹിത്യം” എന്നൊരു സാഹിത്യ ശാഖ ഞാൻ രുപപ്പെടുത്തി. എഴുത്ത് ചെറുതാകണം, സ്ഫടികതുല്യം സുതാര്യമാക്കണം. മലയാള ഭാഷയുടെ കടുപ്പം ഒന്നുമില്ലാതെ എന്നാൽ ഭാഷയെ ഒട്ടും നോവിയ്ക്കാതെ ഒരു നൂതന ശൈലി ഞാൻ രൂപപ്പെടുത്തി.അതിൽ പരമ്പരയായി പ്രസിദ്ധീകരിച്ചത് പന്ത്രണ്ട് എണ്ണം പുസ്തകമായി.പത്തെണ്ണം പ്രസിദ്ധീകരണം കാത്തു കഴിയുന്നു.ഞാൻ ബാങ്കിൽ നിന്ന് വിരമിച്ച് പതിനാലു വർഷം കൊണ്ടുണ്ടായ നേട്ടമാണത്. ഫെയ്സ് ബുക്കിൽ പോസ്റ്റു ചെയ്യുന്നത് അപ്പോൾത്തന്നെ എൻ്റെ “നാലു കെട്ട് ” എന്ന ബ്ലോഗിലും പോസ്റ്റു ചെയ്യും.പിന്നീട് പുസ്തകമാക്കേണ്ടി വരുമ്പോൾ ആ സബ്ജറ്റ് സിലക്റ്റ് ചെയ്ത് പ്രിൻ്റെടുത്ത് പ്രസാധകർക്ക് കൊടുക്കും. പ്രിൻ്റഡ് മീഡിയയുമായുള്ള വ്യത്യാസം ഉടൻ പ്രതികരണം അറിയാൻ സാധിക്കും എന്നതാണ്. അഭിനന്ദനവും, വിമർശനവും ഉടൻ കിട്ടും. അത് പ്രിൻ്റഡ് മീഡിയയിൽ കിട്ടില്ല. അങ്ങിനെ അത് ഇംപ്രവൈസ് ചെയ്യാം, ഉപേക്ഷിക്കാം, തുടരാൻ പ്രചോദനവുമാകാം. അതിനുദാഹരണം “അച്ചുവിൻ്റെ ഡയറി ” തന്നെ. ഒരു പ്രവാസി പയ്യൻ അവൻ്റെ വിചാര വികാരങ്ങൾ നാട്ടിലുള്ള അവൻ്റെ മുത്തശ്ശനുമായി പങ്കു വയ്ക്കുന്ന അവൻ്റെ ഡയറിക്കുറിപ്പുകളായാണ് അതിൻ്റെ രൂപകൽപ്പന . ആഗോളതലത്തിൽ അതു വായിക്കപ്പെട്ടു. വായനക്കാരുടെ ഉത്സാഹത്തിൽ അമേരിയ്ക്കയിലും, ദൂബായിലും, ഷാർജയിലും വച്ച് അതിൻ്റെ പ്രകാശനം നടന്നു. മൂന്നു ഭാഗവും പ്രഭാത് ബുക്ക് ഹൗസ് ആണ് പ്രസിദ്ധീകരിച്ചത്.നാലാം ഭാഗം പ്രസിദ്ധീകരണത്തിന് കൊടുത്തിരിക്കുന്നു: അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയും, ഇ ബുക്കും ഓഡിയോബുക്കും ആയി. സോഷ്യൽ മീഡിയയിൽ അത് വിപുലമായി വായിക്കപ്പെട്ടതിൻ്റെ ഗുണമാണത്. പിന്നെ സോഷ്യൽ മീഡിയയിലെ എഴുത്തിൻ്റെ വായന ക്ഷണികമാണ് പിന്നീടത് എയറിൽപ്പോകുന്നു എന്നാണ് പരാതി. പക്ഷേ ഞാനത് ക്രോഡീകരിച്ച് ബുക്കാക്കുന്നു. അതിൻ്റെ പ്രൊമോഷൻ സോഷ്യൽ മീഡിയയിൽക്കൂടെ സുഗമമായി നടക്കുന്നു’. പിന്നെ അവിടെ നല്ല സാഹിത്യ ഗ്രൂപ്പുകൾ ഉണ്ട്. ചെറുതെങ്കിലും എല്ലാവരും വായിയ്ക്കും. സ ഹൃദയരുടെ കൂട്ടായ്മ്മകൾ. അതും എൻ്റെ എഴുത്തിന് ചാലകശക്തി ആയിട്ടുണ്ട്.
പിന്നെ ഒരു ദു:ഖമുള്ളത് ഈ സോഷ്യൽ മീഡിയ സാഹിത്യ പ്രവർത്തനത്തിന് ഒരംഗീകാരവും സർക്കാർ തലത്തിൽ ഇല്ലന്നുള്ളതാണ്
ചോദ്യം
ചോദ്യം 8
സഞ്ചാരിയാണ്. സന്തോഷ് ജോർജ് കുളങ്ങരയുടെ സുഹൃത്താണ്. ആ ബന്ധം ഒന്നു വിശദമാക്കുമോ?
.
യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ സന്തോഷ് കുളങ്ങരയുടെ ഒരു ഫാനാണ്.അദ്ദേഹത്തിൻ്റെ അച്ഛൻ ജോർജ് കുളങ്ങരയമായി നല്ല അടുപ്പം ഉണ്ടായിരുന്നു. യാത്രാ നുറുങ്ങുകൾഎന്ന പരമ്പര തുടങ്ങിയപ്പോൾ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഞാൻ എൻ്റെ പുസ്തകത്തിൻ്റെ റോയൽറ്റി കൊണ്ട് ‘ കുറിച്ചിത്താനം വി. ശിവരാമപിള്ള മെമ്മോറിയൽ ലൈബ്രറിക്ക് നിർമ്മിച്ചു നൽകിയ അറിവരങ്ങ് എന്ന ഹാൾ സന്തോഷാണ് ലൈബ്രറിക്ക് സമർപ്പിച്ചത്. ആ വലിയ പരിപാടിയുടെ ആദ്യവസാനം അദ്ദേഹം ഉണ്ടായിരുന്നു.പിന്നെ എൻ്റെ രണ്ടു യാത്രാ വിവരണങ്ങൾക്കും അദ്ദേഹമാണ് അവതാരിക തന്നത്. അദ്ദേഹത്തിൻ്റെ സഞ്ചാരത്തിൻ്റെ എല്ലാ എപ്പിസോഡും കാണാറുണ്ട്. ലോകാനുഭവങ്ങളും നല്ല കാഴ്ച്ചപ്പാടും, എവിടെയും അതുറക്കെപ്പറയാനുള്ള തൻ്റെടവും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാകുന്നു. എൻ്റെ “കാനന ക്ഷേത്രം ” എന്ന ജൈവവൈവിദ്ധ്യ ഉദ്യാനത്തിന് പോലും അദ്ദേഹത്തിൻ്റെ പ്രോത്സാഹനം ഉണ്ടായിരുന്നു. കുറച്ചു കാലം കൊണ്ട് നല്ല അടുപ്പം ഉണ്ടായങ്കിലും അദ്ദേഹത്തിൻ്റെ വിലയേറിയ സമയം ഞാൻ കാരണം നഷ്ടപ്പെടാതിരിയ്ക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചിരുന്നു.പ്രബോധ ട്രസ്റ്റിൻ്റെ ഒരു വെബിനാറിന് അദ്ദേഹത്തെ സ്വാഗതം ചെയ്യാനുള്ള ഭാഗ്യവും എനിക്കുണ്ടായി. വിദേശത്തൊക്കെ ചെല്ലുമ്പോൾ അദ്ദേഹത്തിൻ്റെ ഫ്രണ്ടാണന്നുള്ളത് വലിയ ഒരു ബഹുമതി ആയി അനുഭവപ്പെട്ടു.
ചോദ്യം 9
തൊട്ടതെല്ലാം പൊന്നാക്കുന്ന അങ്ങയുടെ ഇതര പ്രവർത്തന മേഖലകൾ ഒന്നു പറയാമോ?
ഞാൻ ലോർഡ് കൃഷ്ണാ ബാങ്കിലായിരുന്നു. പിന്നീട് HDFC ആയി അവിടെ നിന്നാണ് റിട്ടയർ ചെയ്തത്.അന്ന് ജോലിയോട് നന്നായി നീതി പുലർത്തിയിരുന്നതുകൊണ്ടാകാം നീണ്ട മുപ്പത്തി രണ്ടു വർഷം കുറിച്ചിത്താനത്തു തന്നെ ജോലി ചെയ്യാൻ സമ്മതിച്ചത്. പിന്നെ നാട്ടിലെ പി.എസ്.പി എം ലൈബ്രറിയിൽ നമ്മൾ ഒന്നിച്ചായിരുന്നല്ലോ? കുറിച്ചിത്താനം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പ്രസിഡൻ്റ് ആണിപ്പോൾ.ശ്രീകൃഷ്ണ പബ്ലിക്ക് സ്ക്കൂളിൻ്റെ മാനേജരായും കുറച്ചു കാലം ഉണ്ടായിരുന്നു. വിപ്ലവകരമായ പല പരിപാടികളും നമുക്കവിടെ നടത്താൻ പറ്റി. പുത്തൃക്കോവിൽ ക്ഷേത്രത്തിൻ്റെ മാനേജർ ആയിരുന്ന കാലത്താണ് ഇരുപത്തി അഞ്ചാമത് ഭാഗവതസത്രം കുറിച്ചിത്താനത്ത് അരങ്ങേറിയത്.ഭാരതം കണ്ട ഏറ്റവും വലിയ ആ സ്പിരിച്ച്വൽ ഈവൻ്റീൻ്റെ ജനറൽ കൺവീനർ ആയും പ്രവർത്തിച്ചിട്ടുണ്ട്.- പിന്നെ ശാസ്ത്രസാഹിത്യ പരിഷത്തിലും, പകാസയിലും കുറച്ചു കാലം സജീവമായിരുന്നു.
ചോദ്യം 10
ബാങ്കിൽ നിന്ന് വിരമിച്ച് വിത്രമജീവിതം എങ്ങിനെ?
വിശ്രമം വളരെ ശ്രമകരമാണ്.. ബാങ്കിൽ നിന്നു പിരിഞ്ഞതിന് ശേഷമാണ് എൻ്റെ പന്ത്രണ്ട് ബുക്കുകളും എഴുതിയത്.പ്രായത്തെ തോൽപ്പിക്കാൻ കർമ്മനിരതമായാൽ മതി. ഞാൻ “കർമ്മയോഗം ” ത്തിൽ വിശ്വസിക്കുന്നു. അതിനു വേണ്ടി ബുദ്ധികൊണ്ടൂ oമനസുകൊണ്ടും ശരീരം കൊണ്ടും നിരന്തരം പണി എടുക്കുക. ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്ന് മനസിനോട് പറഞ്ഞു കൊണ്ടിരിക്കുക. ഇങ്ങിനെ ഒരു പങ്കുവയ്ക്കലിന് തയാറായ ഡോ. തോമസ് സ്കറിയായോട് നന്ദിയുണ്ട്. ഒരുപാട് നന്ദി.