ഒരു സംരംഭം ആരംഭിക്കുന്നതിന് മുമ്പ്, അല്ലെങ്കിൽ നമ്മുടെ സംശയങ്ങൾക്ക്, എല്ലാം തന്നെ ആദ്യം ഉപദേശം തേടേണ്ടത്, നമ്മുടെ ഹൃദയത്തോടാണ്.
സത്യസന്ധതയോടെ, വിശ്വസ്തതയോടെ, നമുക്ക് സ്വീകരിക്കാവുന്ന ഉപദേശം അത് മാത്രമായിരിക്കും.
എന്നാൽ പലപ്പോഴും ആ നല്ല ഉപദേശങ്ങൾക്ക് ചെവി കൊടുക്കാതെ, തന്നിഷ്ടം പോലെ കാര്യങ്ങൾ ചെയ്യാൻ പുറപ്പെടുമ്പോഴാണ്, പടുകുഴിയിൽ ചെന്ന് വീഴാൻ ഇടവരുന്നത്.
നമുക്ക് രണ്ടുതരം മനസ്സുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതിശക്തിമാനായ ഒരു മനസ്സും, സാധാരണക്കാരനായ ഒരു മനസ്സുമാണ് അത്.
നമുക്ക് ഉത്തരം കിട്ടാതെ, ഉത്തരത്തിനുവേണ്ടി ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ, ഉത്തരം തരുന്നതും, ഒരു വസ്തു കാണാതെ പോകുമ്പോൾ, നമ്മൾ വെച്ച സ്ഥലം കാണിച്ചുതരുന്നതും, ഉള്ളിലെ ശക്തിമാനായ മനസ്സാണ്. നമ്മുടെ ഉറക്കത്തിലാണ് ഈ മനസ്സ് കൂടുതൽ പ്രവർത്തിക്കുന്നത്.
നമ്മൾ മനസ്സിൽ ഒരു കാര്യം തീരുമാനിച്ചാൽ അത് നടന്നിരിക്കും, അത്രമാത്രം ശക്തിയുള്ളതാണ് നമ്മുടെ മനസ്സ്.
ഒരു കടുകു മണിയോളം വിശ്വാസമുണ്ടെങ്കിൽ,ആ കാണുന്ന മലയോട് , മാറിനിൽക്കാൻ പറഞ്ഞാൽ അത് മാറിപ്പോവുക തന്നെ ചെയ്യും. ഒരു കടുകുമണിയുടെ, വലുപ്പത്തിലുള്ള വിശ്വാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, കടുകുമണിയുടെ വലിപ്പമല്ല, എണ്ണയാൽ നിറഞ്ഞിരിക്കുന്ന, കടുകുമണിയെയാണ്. ഇതുപോലെ നിറഞ്ഞ വിശ്വാസമാണ് വേണ്ടത്.
സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, അങ്ങിനെ ഒരു ചിന്ത മനസ്സിൽ ഉടലെടുക്കുന്നതോടെ, അതിനെ തടസ്സപ്പെടുത്തി നമ്മുടെ സാധാരണ മനസ്സ് മുൻപന്തിയിൽ ഉണ്ടാകും.
ഒരാൾ കണ്ടും, കേട്ടും അറിഞ്ഞ കാര്യങ്ങൾ പ്രകടിപ്പിക്കാൻ കിട്ടിയ അവസരം ശരിയായ വണ്ണം വിനയോഗിച്ചത് ഇപ്രകാരമാണ്.
മഹാശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ഒരു ദിവസം ധാരാളം പ്രഭാഷണങ്ങൾ നടത്തി ഷീണിതനായി ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഡ്രൈവർ അദ്ദേഹത്തോട് പറഞ്ഞു.
ഇനി പ്രഭാഷണം നടത്താൻ പോകുന്ന സ്ഥലത്തെ ആളുകൾ, അങ്ങയെ തിരിച്ചറിയില്ല. അങ്ങയുടെ കൂടെ നടന്ന് അങ്ങ് പറയുന്ന പ്രഭാഷണങ്ങൾ കേട്ട് അതെല്ലാം എനിക്ക് മന:പാഠമാണ്. അങ്ങേയ്ക്ക് പകരം ഞാൻ പ്രഭാഷണം നടത്തികൊള്ളാം എന്നുപറഞ്ഞു.
ഐൻസ്റ്റീനും അതിനു സമ്മതമായിരുന്നു. ഡ്രൈവർ പ്രഭാഷണം തുടങ്ങി. സദസ്സിലിരുന്ന ഐൻസ്റ്റീൻ അതുകേട്ട് അത്ഭുതപ്പെട്ടു.
പ്രഭാഷണത്തിന് ഒടുവിൽ സദസ്സിലിരുന്ന ഒരു ആൾ കഠിനമായ ഒരു ചോദ്യം ചോദിച്ചു. ഇത്ര നിസ്സാരമായ ചോദ്യം എന്നോടൊ എന്ന ഭാവത്തിൽ ഡ്രൈവർ പറഞ്ഞു. ഈചോദ്യത്തിന് ഉത്തരം എന്റെ ഡ്രൈവർ പറയുമെന്ന്.
സദസ്സിലിരുന്നിരുന്ന ഐൻസ്റ്റീൻ അതിന് ശരിയായ ഉത്തരവും പറഞ്ഞു.
ഒട്ടും പതറാതെ സന്ദർഭത്തിനൊത്ത് , സമചിത്തതയോടെ ഉണർന്ന്, പ്രവർത്തിക്കാൻ ഡ്രൈവർക്ക് കഴിഞ്ഞു.
നമ്മുടെ ഏത് ആപത്ത് ഘട്ടത്തിലും, നമ്മൾ പ്രതീക്ഷിക്കാത്ത വിധം, നമ്മെ കാത്തു രക്ഷിക്കുന്ന ഈശ്വര ചൈതന്യമാണ് നമ്മുടെ ഉള്ളിലുള്ളത്.
ഒരു കപ്പൽ കടലിൽ മുങ്ങിക്കൊണ്ടിരുന്നപ്പോൾ, പ്രാണരക്ഷാർത്ഥം എല്ലാവരും കടലിലേക്ക് എടുത്തുചാടി. പലരും പല വഴിക്ക് നീന്തി കൊണ്ടിരുന്നപ്പോൾ അതിലൊരാൾ നീന്തി ഒരു ദ്വീപിലെത്തി ചേർന്നു.
മൃഗങ്ങളോ, മനുഷ്യരോ അവിടെ ഉണ്ടായിരുന്നില്ല. വൃക്ഷങ്ങളിൽ കൂടുകൂട്ടിയ കിളികൾ മാത്രമാണ് അയാൾക്ക് കൂട്ടിനുണ്ടായിരുന്നത്. ഒരു ദിവസം അങ്ങിനെ കഴിഞ്ഞു കൂടി.
അടുത്ത ദിവസം ഭയം മനസ്സിൽ കടന്നുകൂടി. വിശപ്പിന് പഴങ്ങൾ ഭക്ഷിച്ച് ഇരിക്കുമ്പോഴും, ദൈവത്തോട് രക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കപ്പല് പൊളിഞ്ഞ് ഒഴുകി വന്ന മരപ്പലകകൾ കൊണ്ട് ചെറിയൊരു വീട് ഉണ്ടാക്കി.
ദിവസം കഴിയുന്തോറും ഭയം കൂടിക്കൊണ്ടേയിരുന്നു.
പലപ്പോഴും തന്റെ പ്രാർത്ഥന കേൾക്കാത്ത ദൈവത്തോട് പരാതിയും പറഞ്ഞു തുടങ്ങി. ഒരു ദിവസം രാത്രി മഴക്കൊപ്പം ഉണ്ടായ ശക്തിയായ ഇടിവെട്ടിൽ അന്തി ഉറങ്ങാൻ ഉണ്ടാക്കിയ വീടും കത്തി നശിച്ചു.
നിരാശനായി അന്ന് രാത്രി കഴിച്ചുകൂട്ടി. ഒന്നു മയങ്ങി ഉണർന്നപ്പോൾ, ദൂരെ നിന്ന് ഒരു കപ്പൽ ദ്വീപിലേക്ക് അടുക്കുന്നതായി അയാൾ കണ്ടു. കപ്പലിൽ നിന്ന് രണ്ട് ആളുകൾ വഞ്ചിയിൽ ദ്വീപിലേക്ക് വന്നു.
താൻ ദ്വീപിൽ അകപ്പെട്ട കാര്യം എങ്ങിനെ അറിഞ്ഞു എന്ന് അവരോട് ചോദിച്ചു. ഇന്നലെ രാത്രി നിങ്ങൾ കത്തിച്ചു കാണിച്ച തീ പന്തം കണ്ടിട്ടാണ് ഞങ്ങൾ വന്നതെന്ന് അവർ പറഞ്ഞു. തന്റെ വീട് കത്തിയതിന്റെ തീ കണ്ടിട്ടാണ് ഇവർ വന്നതെന്ന് അയാൾക്ക് മനസ്സിലായി. ഇങ്ങനെയാണ് ദൈവം പല പദ്ധതികളും നടപ്പിലാക്കുക.
ഒരിടത്ത് ഒരു ശില്പി ഉണ്ടായിരുന്നു. മനോഹരങ്ങളായ വിഗ്രഹങ്ങൾ അദ്ദേഹം ഉണ്ടാക്കിയിരുന്നു.
അങ്ങിനെ ഉണ്ടാക്കിയിരുന്ന, രൂപങ്ങൾ, അദ്ദേഹം കഴുതപ്പുറത്ത് വെച്ച് കെട്ടിയിട്ടാണ് അങ്ങാടിയിലേക്ക് വിൽപ്പനയ്ക്ക് കൊണ്ടുപോയിരുന്നത്.
ജീവൻ തുടിക്കുന്ന ആ രൂപങ്ങൾ കണ്ട്, പല ആളുകളും, ഭയഭക്തിയോടെ വണങ്ങാറുണ്ട്. ചില ആളുകൾ കഴുതയുടെ പുറത്ത് തലോടിയിട്ടും ഭക്തി പ്രകടിപ്പിക്കാറുണ്ട്.
തന്നെയാണ് ജനങ്ങൾ ബഹുമാനിക്കുന്നതും, ആദരിക്കുന്നതും ചെയ്യുന്നത് എന്ന് കഴുത തെറ്റിദ്ധരിച്ചു. ഓരോ ദിവസങ്ങൾ കഴിയുംതോറും കഴുതയുടെ അഹങ്കാരം കൂടി ,കൂടി വന്നു.
രൂപങ്ങൾ പുറത്തുവച്ച് കെട്ടുമ്പോൾ പുറം കുടഞ്ഞ് രൂപങ്ങൾ തട്ടിയിടുക. കാലുകൊണ്ട് ചവിട്ടി പൊട്ടിക്കുക, അങ്ങിനെ ശില്പിക്ക് വലിയ നഷ്ടങ്ങൾ വന്നു തുടങ്ങിയപ്പോൾ ശില്പി കഴുതയെ അടിച്ച് കാട്ടിലേക്ക് ഓടിച്ചു വിട്ടു.
നമ്മൾ പലപ്പോഴും ബഹുമാനിക്കുന്നത്, അധികാര കസേരയേയും, ഒരാളുടെ കഴുത്തിൽ ഇട്ട റിബനിലേയോ, കുപ്പായത്തിലെയോ, തോളിൽ കാണുന്ന സ്ഥാനചിഹ്നങ്ങളെയൊ ആണ്. ഒരുനാൾ അത് ഊരി വെയ്ക്കുമ്പോൾ പിന്നെ ബഹുമാനവുമില്ല ആദരവുമില്ല.
നമ്മുടെ ജീവിത രീതികൾ കൊണ്ട്, നേടിയ സ്നേഹ,ബഹുമാന, ആദരവുകൾ, നമ്മുടെ പേരിനൊപ്പം, ചേർത്തുവച്ച വിശേഷണങ്ങൾ, ഇതെല്ലാം എന്നും മായാതെ നിലകൊള്ളും.
സന്ദർഭത്തിനൊത്ത് ഉണർന്ന് പ്രവർത്തിച്ചാൽ അത് ഒരു അംഗീകാരം കൂടിയാകും. ഇതാണ് ഡ്രൈവറിൽ കൂടി നാം മനസ്സിലാക്കേണ്ടത്.
ഏത് ആപൽ ഘട്ടത്തിലും, പ്രതീക്ഷ കൈവിടാതെ ഈശ്വരനിൽ ശരണം പ്രാപിക്കുക. ഇതാണ് കപ്പൽക്കാരനിൽ കൂടി കാണിച്ചു തന്നത്.
തൽക്കാലിക സ്ഥാനമാനങ്ങളിൽ ഭ്രമിച്ച്, പുറംലോകം കാണാതെ ഇരുന്നാൽ കഴുതയുടെ ഗതിയിൽ ഒരുനാൾ ദുഃഖിക്കേണ്ടിവരും.
മനസ്സിന്റെ വിവിധ വശങ്ങൾ നന്നായി എഴുതി