Saturday, December 21, 2024
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 13) 'കൊട്ടാരം വിൽക്കാനുണ്ട്' എന്ന പടത്തിലെ "ചന്ദ്രകളഭം ചാർത്തിയുറങ്ങും...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 13) ‘കൊട്ടാരം വിൽക്കാനുണ്ട്’ എന്ന പടത്തിലെ “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം” എന്ന ഗാനം.

നിർമല അമ്പാട്ട്.

മലയാളി മനസ്സിലെ കൂട്ടുകാരെ, ‘ഈ ഗാനം മറക്കുമോ’ എന്ന പംക്തിയിലേക്ക് സ്വാഗതം.

ഇന്ന് നമ്മൾ കേൾക്കാൻ പോവുന്നത് 1976-ൽ നിർമ്മിച്ച കൊട്ടാരം വിൽക്കാനുണ്ട് എന്ന പടത്തിലെ “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം” എന്ന ഗാനമാണ് . വയലാറിൻറെ വരികൾക്ക് ദേവരാജൻ സംഗീതം നൽകി പി മാധുരി പാടിയതാണ് ഈ ഗാനം.

ഈണമോ രാഗമോ താളമോ ആലാപനമോ അതോ ഗാനത്തിൻറെ കവനചാരുതയോ ഏറെ മനോഹരം എന്ന് വേറിട്ടറിയാൻ പ്രയാസം. എല്ലാം ഒന്നിനൊന്ന് മുന്നിൽ നിൽക്കുന്നു. മലയാളചലച്ചിത്രത്തിൽ ഇത്തരം ഗാനങ്ങൾ ഏറെയില്ല.

അനന്തമായ ഈ ബ്രഹ്മാണ്ഡത്തിലെ അനേക കോടി ഗ്രഹങ്ങളിൽ ഏറ്റവും മനോഹരം ഈ ഭൂമി തന്നെ എന്ന് വയലാർ അടിവരയിട്ട് പറയുന്നുണ്ട് വരികളിൽ. ചന്ദ്രകളഭത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഈ തീരത്ത് ഇന്ദ്രധനുസ്സിൻറെ തൂവൽ കൊഴിഞ്ഞു വീഴുന്നത് ആസ്വദിക്കുകയാണ് കവി.

വർണ്ണശബളമായ ഈ ഭൂമിയിലല്ലാതെ ഇത്രമേൽ ആർദ്രമായി പ്രണയിക്കാൻ കഴിയുന്ന കാമുകഹൃദയങ്ങളുണ്ടോ? ഇതുപോലെ സന്ധ്യയും പാലൊളിച്ചന്ദ്രികയും പുലരിയും പൂക്കളുമുണ്ടോ? ഇതുപോലെ മനോഹരമായ ഗാനങ്ങളുണ്ടോ? വസുന്ധരേ ഇവിടെ പ്രേമിച്ച് കൊതി തീർന്ന് മരിച്ചവരുണ്ടോ ?

മാനസസരസ്സും സ്വർണ്ണമരാളങ്ങളും സുന്ദരസ്വപ്നങ്ങളും ഈ ഭൂമിയിൽ ജന്മമെടുത്തവർക്ക് മാത്രം. അതേ എല്ലാം നമുക്ക് വേണ്ടി മാത്രം.
നമുക്ക് ഗാനത്തിന്റെ വരികളിലേക്ക് വരാം

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത്‌ തരുമോ
ഇനിയൊരു ജന്മം കൂടി.

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം

ഈ വർണ്ണ സുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ
ഗന്ധർവ്വ ഗീതമുണ്ടോ
വസുന്ധരേ… വസുന്ധരേ…
കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു്
മരിച്ചുവരുണ്ടോ …

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം

ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ
മാനസ സരസുകളുണ്ടോ…
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ
സ്വർണ്ണമരാളങ്ങളുണ്ടോ ….
വസുന്ധരേ… വസുന്ധരേ …
മതിയാകും വരെ ഇവിടേ ജീവിച്ച്
മരിച്ചവരുണ്ടോ…

ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം
ഈ മനോഹര തീരത്ത്‌ തരുമോ
ഇനിയൊരു ജന്മം കൂടി.

വസുന്ധരയെ ഇത്രയേറെ പ്രണയിച്ച കവി ഈ ഭൂമിയിലുണ്ടോ എന്ന് ഞാനും ചോദിക്കുന്നു.

യേശുദാസും ഈ പാട്ട് പാടിയിട്ടുണ്ട്. പക്ഷെ ഫിമെയിൽ വോയ്‌സിൽ ആണ് കേൾക്കാൻ കൂടുതൽ മധുരം. നമുക്ക് ഗാനമൊന്ന് കേട്ട് നോക്കാം.

പ്രിയമുള്ളവരേ… പാട്ട് കേട്ടില്ലേ? ഇഷ്ടപ്പെട്ടുവല്ലോ…
നെഞ്ചിലൊരു മഞ്ഞുതുള്ളി വീണപോലെ….
ചുണ്ടിലൊരു തേൻ തുള്ളി വീണപോലെ…

നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.🌹

നിർമല അമ്പാട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments