മൺകൂടാരത്തിൽ നിന്നും വിൺ കൂടാരത്തിലേക്ക്
(2 കോരി. 5: 1-10)
” ഉരിവാനല്ല, മർത്യമായതു ജീവനാൽ നീങ്ങിപ്പോകേണ്ടതിനു മീതെ ഉടുപ്പാൻ ഇച്ഛിക്കയാൽ, ഞങ്ങൾ ഈ കൂടാരത്തിൽ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങന്നു” (വാ. 4).
മരണത്തെ നാം എങ്ങനെ കാണുന്നു എന്നതു ഇന്നത്തെ നമ്മുടെജീവിതത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കാണുന്ന ലോകത്തിൽ നിന്നും കാണാത്ത ലോകത്തിലേക്കു നമ്മെ കൈപിടിച്ചു നടത്തുന്ന സഹായി ആയിട്ടാണ്, വി. പൗലൊസ്, ധ്യാന ഭാഗത്തു മരണത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാണുന്ന ലോകത്തിലെ അസ്തിത്വപരമായ അന്ത്യത്തെയാണു മരണം എന്ന വാക്കു കൊണ്ട് ഒരു വിശ്വാസി വിശേഷിപ്പിക്കുന്നത്.
കാഴ്ചയ്ക്കപ്പുറത്തുള്ള ലോകത്തെ വിശ്വാസക്കണ്ണാൽ ദർശിച്ചിട്ടല്ലാത്തവർക്ക്, മരണം ഒരു ദുരന്തമായി തോന്നാം? എന്നാൽ, കാണുന്ന ലോകത്തു ജീവിക്കുമ്പോൾത്തന്നെ, കാണാത്ത ലോകത്തെക്കുറിച്ചു ഉറപ്പു പ്രാപിചവർ, മരണത്തെ എങ്ങനെ കാണുന്നു എന്നു വിശദമാക്കാനാണ്, അപ്പൊസ്തലൻ ശ്രമിക്കുന്നത്.
യേശു കർത്താവിനെ സ്വന്തം ജീവിതത്തിന്റെ കർത്താവാക്കിയവരുടെ ജീവിതത്തെ, നിക്ഷേപം നിറയ്ക്കപ്പെട്ട മൺപാത്രം എന്നാണു വി.പൗലൊസ് വിശേഷിപ്പിക്കുന്നത് (1കോരി. 4:7). എപ്പോൾ വേണമെങ്കിലും ഉടയാൻ സാദ്ധ്യതയുള്ള മൺപാത്രം! എന്നാൽ, പാത്രം ഉടഞ്ഞു പോകുമ്പോഴും, അതിലെ നിക്ഷേപത്തിനു കുഴപ്പം ഒന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടാണ്, “കാണുന്നതു താൽകാലികം; കാണാത്തതു നിത്യം” (2 കോരി. 4:18) എന്നു സധൈര്യം പറയുൻ അപ്പൊസ്തലനു കഴിയുന്നത്. കാണാത്തത് എന്നാൽ, അയഥാർത്ഥം എന്നർത്ഥമില്ല. ഇപ്പോൾ കാണാൻ സാധിക്കാത്തത് എന്നു മാത്രമാണ്, അതിന് അർത്ഥം. ഇപ്പോൾ കാണാനാകത്തതായ കാര്യങ്ങളെക്കുറിച്ചുള്ള നിശ്ചയമാണു വിശ്വാസം. നമ്മുടെ കാഴ്ചയ്ക്കപ്പുറത്തും, എത്രയോ കോടി നക്ഷത്രങ്ങളുണ്ട്. നാം ഇപ്പോൾ കാണുന്നില്ലയെങ്കിലും, അവ യഥാർത്ഥ്യമല്ല എന്നു പാറയാനാകില്ല. ശക്തിയേറിയ ടെലസ്കോപ്പ് ഉള്ളവർക്കു അവ കാണാനാകും. അങ്ങേ ലോകത്തെ ഇപ്പോഴേ കാണണമെങ്കിൽ, നമുക്കു ഫെയിത്ത്സ്കോപ്പ് ഉണ്ടായിരിക്കണം.
വിശ്വാസത്തിന്റെ കണ്ണാടി ധരിച്ചിട്ടുള്ളവർക്ക് അങ്ങേ ലോകത്തിന്റെ കാഴ്ച കാണാൻ ബുദ്ധിമുട്ടില്ല. കല്ലേറു കൊണ്ടു പിടയുമ്പോഴും, മരണത്തിന്റെ മുഖത്തു നിൽക്കുമ്പോഴും, സ്തെഫാനോസ്, “സ്വർഗ്ഗം തുറന്നിരിക്കുന്നതും, മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തു ഭാഗത്തു നിൽക്കുന്നതും” കണ്ടത്, (അ.പ്ര.1:56), താൻ വിശ്വാസത്തിന്റെ കണ്ണാടി ധരിച്ചിരുന്നതുകൊണ്ടാണ്. നമുക്കും അതിനു കഴിയട്ടെ? ദൈവം സഹായിക്കട്ടെ.
ചിന്തയ്ക്ക്: ഒരു യഥാർത്ഥ ഭക്തൻ, ദൈവപുത്രന്മാരുടെ വെളിപ്പാടിനായി കാത്തുകൊണ്ട്, മൺ കൂടാരത്തിൽ ഞരങ്ങിക്കൊണ്ടു കഴിയുന്നവനാണ്!