മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
പ്രിയരേ കുല മഹിമയും, ലോകപരമായ സമ്പത്തുമുണ്ടെങ്കിൽ മനുഷ്യർ ഒരാളെ അനുഗ്രഹിക്കപ്പെട്ടവരെന്നു പറയുന്നത്. എന്നാൽ ദൈവവചന പ്രകാരമിതൊന്നും യഥാർത്ഥമായ അനുഗ്രഹങ്ങളല്ലെന്ന് പറയുന്നു. യേശുവൊരാളുടെ ജീവിതത്തിലുണ്ടോ, ദരിദ്രനോ, ധനികനോ ആകട്ടെ അവനാണ് യഥാർത്ഥമായി അനുഗ്രഹിക്കപ്പെട്ടവൻ.
സങ്കീർത്തനങ്ങൾ 118-6
“യഹോവ എന്റെ പക്ഷത്തുണ്ട് ഞാൻ പേടിക്കയില്ല മനുഷ്യൻ എന്നോട് എന്ത് ചെയ്യും ” യേശുവിനെ കൂടാതെയുള്ള പണവും സംമ്പത്തും അനുഗ്രഹങ്ങളേയല്ല. പ്രധാനപ്പെട്ട പല കാര്യങ്ങളും വളരെ ശ്രദ്ധയോടും,വിശ്വസ്തതയോടും കൂടെ നമ്മൾ ചെയ്യാറുണ്ട്. എന്നാൽ നമ്മൾ ചെറിയ കാര്യങ്ങളിലും വിശ്വസ്തരായിരിക്കുന്നുവോവെന്നതാണ് കാര്യം. കർത്താവ് ചെറിയ കാര്യങ്ങളെ നിസ്സാരമായി തള്ളിക്കളയുകയില്ല. വലിയ കാര്യങ്ങൾക്കെത്ര മാത്രം പ്രാധാന്യം നൽകുന്നുവോ അത്രമാത്രം പ്രാധാന്യം ചെറിയ കാര്യങ്ങൾക്കും കർത്താവ് നൽകുന്നു. അതിനാൽ ചെറിയ കാര്യങ്ങളെ നിസ്സാരമായോ, പ്രധാന്യമില്ലാത്തവയായോ നമ്മൾ തള്ളിക്കളഞ്ഞു കൂടാ. വലിയ കാര്യങ്ങളിലും, ചെറിയ കാര്യങ്ങളിലും വിശ്വസ്തരായിരിക്കുവാൻ സാധിക്കണം.
യോഹന്നാൻ 12-24
“കോതമ്പു മണി നിലത്തു വീണു ചാകുന്നില്ലെങ്കിൽ അതു തനിയെയിരിക്കും
ചത്തുവെങ്കിലോ വളരെ വിളവുണ്ടാകും ”
ഒരാളുടെ ജീവിതത്തിൽ നിന്ന് സ്വയത്തെ കളഞ്ഞു യേശുവിൽ ആശ്രയിക്കുമ്പോൾ
മാത്രമേ കോതമ്പു മണിയുടെ അനുഭവത്തിലേയ്ക്ക് വരുകയുള്ളു.
അതിനാൽ യേശുവിന് ജീവിതത്തിൽ പ്രാധാന്യം കൊടുക്കുമ്പോളാണ് എല്ലാവിധ അനുഗ്രഹത്താലും അനുഗ്രഹിക്കപ്പെടുന്നത്. നമ്മുടെ ജീവിതത്തിൽ യേശുവിനെ സ്വന്തമാക്കി അനുഗ്രഹിക്കപ്പെട്ടവരായിരുപ്പാൻ നമുക്ക് സാധിക്കണം. സ്വന്തം ജീവനെ നമ്മുടെ വീണ്ടെടുപ്പുനായി ബലിയർപ്പിച്ച യേശുവിന്റെ നല്ല സാക്ഷ്യകളായി ജീവിക്കാം.
റോമർ 11-29
“ദൈവം തന്റെ കൃപ വരങ്ങളെക്കുറിച്ച് അനുതപിക്കുന്നില്ലല്ലോ ”
ദൈവംമൊരാളുടെ ജീവിതത്തിന്റെ നന്മ മാത്രമേ ആഗ്രഹിക്കുന്നുള്ളു. പലരും പറയുന്നത്പോലെ ദൈവം സംഹാരകനല്ല. പാപത്തിനും, രോഗത്തിനും അടിമപ്പെട്ട് അന്ധകാരത്തിലായ ലോക ജനതയെ തന്റെ യാഗത്താൽ മഹത്വത്തോടെ വീണ്ടെടുത്തു കൃപ സന്നിധിയിലിരുത്തിരിക്കുകയാണ്.
2യോഹന്നാൻ 1–8
“ഞങ്ങളുടെ പ്രായ്ത്ന ഫലം കളയാതെ പൂർണ്ണ പ്രതിഫലം പ്രാപിക്കേണ്ടതിനു സൂക്ഷിച്ചു കൊൾവിൻ ”
ലേഖനത്തിൽ പറയുന്നത് പോലെ പിശാച് തകർക്കുവാൻ നോക്കുമ്പോലതിലൊന്നും വീഴാതെ വചനത്താൽ പുതുക്കൽ പ്രാപിക്കണം. പ്രിയരേ ദൈവരാജ്യത്തിനു വേണ്ടി എത്ര ശക്തമായി ദൈവം നമ്മെ ഉപയോഗിച്ചാലും യാതൊരു പുകഴ്ചയോ മഹത്വമോ നമ്മൾ അർഹിക്കുന്നില്ല. കാരണം ദൈവത്തിൻ്റെ കരങ്ങളിലെ എളിയ ഉപകരണങ്ങൾ മാത്രമാണ് നമ്മൾ. നമ്മളെത്ര മാത്രം താഴ്മയുള്ളവരാണോ അത്ര മാത്രം ശക്തമായി ദൈവം നമ്മെ ഉപയോഗിക്കും. അതിനാൽ ദൈവത്തിനുമുമ്പാകെ നമ്മെ തന്നെ താഴ്ത്തുകയും, സകല പുകഴ്ചയും, മഹത്വവും, ബഹുമാനവും ദൈവത്തിനു മാത്രം നൽകുവാനും നമുക്കു സാധിക്കട്ടെ.
എല്ലാവിധ നന്മകളാലും ദൈവം അനുഗ്രഹിക്കട്ടെ.