Tuesday, December 24, 2024
Homeകേരളംശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം

ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനത്തിന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും.

ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ dhssabarimala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ കൂടാതെ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധ കാര്‍ഡിയോളജി ഡോക്ടര്‍മാരേയും ഫിസിഷ്യന്‍മാരേയും വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിയോഗിക്കും. ഇത് കൂടാതെയാണ് പരിചയ സമ്പന്നരായ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടി ലഭ്യമാക്കുന്നത്.

അതേസമയം, ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്കായി മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തീർത്ഥാടനമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തിട്ടുണ്ട്.  ഐസിയു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും കാഷ്വൽറ്റിയിൽ പ്രത്യേകം ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലും തീർത്ഥാടകർക്കായി ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലും ബെഡ്ഡുകൾ ക്രമീകരിക്കുകയും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

പമ്പയിലെ കൺട്രോൾ  സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കും. കലക്ടറേറ്റ്, സർക്കാർ ആശുപത്രികൾ എന്നിവയുമായി ലിങ്ക് ചെയ്ത് ടെലിഫോൺ കണക്ഷനും ലഭ്യമാക്കും. ഇതുവഴി അടിയന്തരഘട്ടങ്ങളിൽ രോഗികളെ സ്വീകരിക്കാൻ ആശുപത്രികൾക്ക് മുൻകൂറായി തയ്യാറാക്കാൻ കഴിയും.

ഹൃദ്രോഗം, മറ്റ് ദീർഘകാല അസുഖങ്ങൾ എന്നിവയ്ക്ക് മരുന്നു കഴിക്കുന്നവർ ആരോഗ്യരേഖകൾ നിർബന്ധമായും കയ്യിൽ കരുതണം. വടശ്ശേരിക്കരയിൽ ആരോഗ്യ കേന്ദ്രം ശബരിമല പാതയിൽ നിന്നും മാറിയായതിനാൽ റാന്നി എംഎൽഎ അഭ്യർത്ഥിച്ചപ്രകാരം വടശ്ശേരിക്കരയിൽ തീർത്ഥാടകർ വരുന്ന വഴിയിൽ ഡോക്ടർമാരുടെ സേവനം പ്രത്യേകം ലഭ്യമാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments