Logo Below Image
Monday, March 24, 2025
Logo Below Image
Homeകേരളംപ്രളയ അറിയിപ്പ് : മോക്ഡ്രില്‍ സംഘടിപ്പിച്ചു

പ്രളയ അറിയിപ്പ് : മോക്ഡ്രില്‍ സംഘടിപ്പിച്ചു

പ്രളയ അറിയിപ്പ് സയറണ്‍ മുഴങ്ങി… ഓടിയെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കരയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വീടുകളില്‍ അകപ്പെട്ടവരെ അഗ്‌നിശമന സേന രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെയും കൊണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ നീങ്ങി. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. നെടുംപ്രയാര്‍ എം ടി എല്‍ പി സ്‌കൂളില്‍ ക്യാമ്പ് തുറന്നു പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും ഒരുക്കി.

രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം വീടുകളില്‍ നിന്ന് ക്യാമ്പിലേക്ക് മാറിയ പ്രദേശവാസികള്‍ പ്രളയസാഹചര്യത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ കേട്ടു മനസിലാക്കി.

ദുരന്തസമാന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് പകരുന്നതായിരുന്നു തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് നെടുംപ്രയാര്‍ (മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗം)സമീപം സംഘടിപ്പിച്ച മോക്ഡ്രില്‍.

റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസള്‍ട്ട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ടാമത്തെ മോക്ഡ്രില്ലായിരുന്നു തോട്ടപ്പുഴശ്ശേരിയിലേത്.കേന്ദ്ര -സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറെടുപ്പും കാര്യശേഷിയും വര്‍ധിപ്പിക്കുക, സമൂഹാധിഷ്ഠിത ദുരന്തനിവാരണം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്.

തോട്ടപ്പുഴശ്ശേരി, അയിരൂര്‍, കോഴഞ്ചേരി, കോയിപ്രം, ആറന്മുള, മല്ലപ്പുഴശ്ശേരി, ചെറുകോല്‍, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, വടശ്ശേരിക്കര, നാറാണംമൂഴി, റാന്നി, കോട്ടാങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മോക്ഡ്രില്‍ പരിശീലനമാണ് നടന്നത്.

തോട്ടപ്പുഴശ്ശേരിയില്‍ പമ്പാ നദിക്ക് സമീപമുള്ള ഈ പ്രദേശത്തിന്റെ നൂറു മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന എല്ലാ ആളുകളെയും വീടുകളില്‍ നിന്നു ഒഴിപ്പിക്കുന്നതും രക്ഷാ പ്രവര്‍ത്തനങ്ങളുമാണ് മോക് ഡ്രില്ലിലൂടെ ആവിഷ്‌ക്കരിച്ചത്.

പ്രളയ അറിയിപ്പ് ലഭിച്ച ഉടനെ താഴ്ന്ന പ്രദേശങ്ങളില്‍ അറിയിപ്പ് നല്‍കി. എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി. വെള്ളം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് സ്‌കൂളില്‍ ക്യാമ്പ് തയ്യാറാക്കി ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും തുടങ്ങി അവശ്യസാധനങ്ങള്‍ ക്യാമ്പില്‍ ഒരുക്കി.
ചെറിയ പരിക്കുകളുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ പ്രാഥമിക ചികിത്സ നല്‍കി. പ്രത്യേക പരിഗണന ആവശ്യമുള്ള സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് പ്രാഥമിക പരിഗണന നല്‍കി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. പഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും പങ്കു ചേര്‍ന്നു. റവന്യൂ, അഗ്നിശമനസേന, പോലിസ്, ആരോഗ്യം, ജലസേചനം, വിവര പൊതുജന സമ്പര്‍ക്കം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകള്‍ , കെ.എസ്.ഇ.ബി, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ആര്‍ കൃഷ്ണകുമാര്‍, ഷീജ ടി ടോജി, ലതാ മോഹന്‍, ഡി എം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, കില എന്‍വിയോണ്‍മെന്റ് സ്പെഷ്യലിസ്റ്റ് ഡോ. എസ് ശ്രീകുമാര്‍, തിരുവല്ല തഹസില്‍ദാര്‍ സിനി മോള്‍ മാത്യു , കോഴഞ്ചേരി ജില്ലാ ആശുപത്രി സിഎംഒ ഡോ പ്രശാന്ത്, അഗ്‌നിശമനസേന സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ അഭിജിത്, കോയിപ്രം പോലിസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍, ഡി എം പ്ലാന്‍ കോര്‍ഡിനേറ്റര്‍ ശ്രീനിധി രാമചന്ദ്രന്‍, കില ജില്ലാ കോര്‍ഡിനേറ്റര്‍ ഇ നീരജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments