കാസർഗോഡ് : ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്‍റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയിൽ വൻ സ്വർണ ശേഖരം പിടികൂടി.
മംഗലാപുരത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർ ടിസി ബസ്സിലെ യാത്രക്കാരനായ രാജസ്ഥാൻ സ്വദേശി ഛഗൻ ലാൽ എന്നയാളിൽ നിന്നാണ് രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 60 പവനോളം (ഏകദേശം 480.9 ഗ്രാം) സ്വർണാഭരണങ്ങൾ കണ്ടെത്തിയത്.
പിടിയിലായ ഛഗൻ ലാലിൽ നിന്നും പിടിച്ചെടുത്ത സ്വർണം സഹിതം തുടർ നിയമനടപടികൾക്കായി ജിഎസ്ടി വകുപ്പിന് കൈമാറും. ഇത്രയധികം സ്വർണം രേഖകളില്ലാതെ കടത്താൻ ശ്രമിച്ചതിന്‍റെ ഉറവിടത്തെക്കുറിച്ചും ലക്ഷ്യസ്ഥാനത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
സംസ്ഥാനത്ത് എക്സൈസ് വകുപ്പ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പോലുള്ള പ്രത്യേക പരിശോധനകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഈ കേസ് സ്വർണക്കടത്ത് ശൃംഖലകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.
എക്സൈസ് ഇൻസ്‌പെക്ടർ കെ പി ഗംഗാധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നിർണ്ണായകമായ പരിശോധന നടത്തിയത്. സംഘത്തിൽ പ്രിവെന്‍റീവ് ഓഫീസർ എം വി ജിജിൻ, പ്രിവെന്‍റീവ് ഓഫീസർ ഗ്രേഡ്മാരായ പി കെ ബാബുരാജൻ, സി വിജയൻ, സിവിൽ എക്സൈസ് ഓഫീസർ ടി രാഹുൽ എന്നിവരും പങ്കെടുത്തു.