തിരുവനന്തപുരം: മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ പ്രദീപ്കുമാറിനെ പ്രൈവറ്റ് സെകട്ടറിയായി നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് രാജിവച്ചത്. ഈ ഒഴിവിലേക്കാണ് എ. പ്രദീപ്കുമാറിനെ പരിഗണിച്ചത്. ഡിവൈഎഫ്ഐ നേതാവായാണ് പ്രദീപ് കുമാര്‍ രാഷ്ട്രീയത്തിൽ സജീവമായത്.
എന്നാൽ, പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ പ്രദീപ് കുമാറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നില്ല.
ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയുടെയും മകനായി ചേലക്കാടാണ് പ്രദീപ് കുമാറിന്റെ ജനനം. എസ്എഫ്‌ഐ യിലൂടെ വിദ്യാര്‍ഥി പ്രസ്ഥനത്തിലെത്തിയ പ്രദീപ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്‌ഐ യുടെ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മൂന്നു തവണ എംഎല്‍എയായി. കോഴിക്കോട് നോര്‍ത്തില്‍നിന്നു തുടര്‍ച്ചയായി രണ്ടു തവണ നിയമസഭയിലെത്തി.