Thursday, September 19, 2024
Homeകേരളംമദ്യത്തിന്റെ ഗാലനേജ് ഫീസ് കൂട്ടരുതെന്ന് ബവ്കോ; നഷ്ടമുണ്ടായാൽ മദ്യവില കൂടും.

മദ്യത്തിന്റെ ഗാലനേജ് ഫീസ് കൂട്ടരുതെന്ന് ബവ്കോ; നഷ്ടമുണ്ടായാൽ മദ്യവില കൂടും.

തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ ഗാലനേജ് ഫീസ് ലീറ്ററിന് 5 പൈസയിൽനിന്ന് 10 രൂപയായി ഉയർത്തിയത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബവ്റിജസ് കോർപറേഷൻ സർക്കാരിന് കത്തു നൽകും. കോര്‍പറേഷന് സാമ്പത്തിക ബാധ്യതയായതിനാൽ തീരുമാനം പിൻവലിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ, സാമ്പത്തിക നഷ്ടം നികത്താൻ മദ്യവില വർധിപ്പിക്കേണ്ടി വരും.

ഗാലനേജ് ഫീസ് വർധിപ്പിക്കുന്നതായി ബജറ്റിലാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയത്. 200 കോടിരൂപയാണ് പ്രതിവര്‍ഷം അധികവരുമാനം പ്രതീക്ഷിക്കുന്നത്. മദ്യവില വർധിപ്പിക്കാത്തതിനാൽ സർക്കാരിന് നേരിട്ട് ഇതിലൂടെ അധിക വരുമാനമില്ല. ബവ്റിജസ് കോർപറേഷൻ വരുമാനത്തിൽനിന്നും പണം സർക്കാരിനു കൈമാറണം.

കോർപറേഷന്റെ കണക്കനുസരിച്ച് 250 കോടിരൂപ പ്രതിവർഷം സർക്കാരിനു നൽകേണ്ടിവരും. സർക്കാർ സ്ഥാപനമായ ബവ്റിജസ് കോർപറേഷൻ ലാഭവിഹിതവും പ്രവർത്തന ചെലവും കഴിഞ്ഞശേഷമുള്ള പണം സർക്കാരിലേക്കാണ് നൽകുന്നത്. നിലവിൽ 1.25 കോടിരൂപയാണ് പ്രതിവർഷം ഗാലനേജ് ഫീസായി നൽകുന്നത്.

ഇനി മുതൽ 250 കോടിരൂപ പ്രതിവർഷം നൽകേണ്ടിവരുന്നത് ബവ്കോയ്ക്ക് ബാധ്യതയാണെന്നാണ് അധികൃതര്‍ പറയുന്നത്. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ മദ്യവില ഉയർത്തമെന്ന നിർദേശം ബവ്കോ മുന്നോട്ടുവയ്ക്കും. 20 കോടി ലീറ്ററിലധികം മദ്യമാണ് ബവ്റിജസ് കോർപറേഷൻ ഒരു വർഷം വിൽക്കുന്നത്. ബ്രിട്ടിഷ് അളവാണ് ഗാലൻ. 3.78 ലീറ്ററാണ് ഒരു ഗാലൻ. ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ലീറ്ററിന് 30 രൂപവരെ ഗാലനേജ് ഫീസ് ഈടാക്കാൻ അബ്കാരി നിയമം അനുവദിക്കുന്നുണ്ട്.

RELATED ARTICLES

Most Popular

Recent Comments