തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരവേദിയിലേക്ക് വീണ്ടുമെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബുധനാഴ്ച രാവിലെയോടെയാണ് അദ്ദേഹം സമരവേദിയലിലെത്തിയത്. സമരത്തിന് നേതൃത്വം നല്‍കുന്നവരുമായി അദ്ദേഹം സംസാരിച്ചു.
ചൊവ്വാഴ്ച വൈകീട്ടും സുരേഷ് ഗോപി സമരവേദിയിൽ ആശാവര്‍ക്കര്‍മാരെ സന്ദര്‍ശിച്ചിരുന്നു. ആശാവര്‍ക്കര്‍മാര്‍ക്ക് നല്ലത് സംഭവിച്ചേ മതിയാവൂ എന്നതാണ് തന്റെ പക്ഷമെന്ന് കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനും തമ്മിലെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള ചോദ്യത്തോട്, ‘അതിനെക്കുറിച്ച് എന്നോട് ഒന്നും ചോദിക്കരുത്, എന്റെ വഴി വേറെയാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘സമരം നീട്ടിക്കൊണ്ടുപോകരുതെന്ന് എനിക്ക് എങ്ങനെ പറയാന്‍ പറ്റും? നിങ്ങള്‍ സിക്കിമിനെ കണ്ടുപഠിക്കൂ, ആന്ധ്രയെ കണ്ടുപഠിക്കൂ, അങ്ങനെ കൂടുതല്‍ സംസ്ഥാനങ്ങള്‍ ലൈനപ്പില്‍ വരും.
അവര്‍ക്ക് എന്തായാലും നല്ലത് സംഭവിച്ചേ മതിയാവൂ. അതാണ് എന്റെ പക്ഷം. ഞാന്‍ ആരേയും കുറ്റംപറയില്ല, സര്‍ക്കാര്‍ അതിന്റെ സമയം എടുക്കും. പണംകായ്ക്കുന്ന മരമൊന്നുമില്ല. പറഞ്ഞ ഉടനെ ഒത്തുതീര്‍പ്പാക്കാന്‍.
എവിടെനിന്ന് എടുത്തുകൊടുക്കും? അതൊക്കെ അവര്‍ക്ക് നോക്കണ്ടേ?’, എന്നായിരുന്നു സമരം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഇടപെടുമോയെന്ന ചോദ്യത്തോട് മന്ത്രിയുടെ മറുപടി.