എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്കദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് 13-നാണ് വൃക്കദിനം. മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. വൃക്കയുടെ ആരോഗ്യത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
‘നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ? നേരത്തെ തിരിച്ചറിയൂ, വൃക്കകളുടെ ആരോഗ്യം പരിരക്ഷിക്കൂ’ എന്നതാണ് ഈ വർഷത്തെ വൃക്ക ദിനാചരണ സന്ദേശം. ഏറ്റവും കുറഞ്ഞ പരിശോധനകളിലൂടെ കണ്ടെത്താവുന്നതാണ് വൃക്കകളുടെ തകരാർ, ഒരിക്കൽ തകരാറിലായാൽ തിരികെ സാധാരണ നിലയിലാവുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യവും.
ജീവിതശൈലിയിലുള്ള മാറ്റമാണ് കേരളത്തില്‍ കിഡ്‌നിയെ ബാധിക്കുന്ന രോഗങ്ങള്‍ കൂടാന്‍ കാരണം. ദീര്‍ഘനാളായുള്ള അമിത രക്തസമ്മര്‍ദ്ധവും പ്രമേഹവും കിഡ്നിയുടെ ആരോഗ്യത്തെ നശിപ്പിക്കും. രോഗം നേരത്തെ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ശാശ്വതമായ വൃക്ക രോഗത്തിലേക്ക് എത്തുന്നത് തടയുകയും, ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും ചെയ്യും. നേരത്തെ കണ്ടെത്തിയില്ലെങ്കിലോ, തെറ്റായ ചികിത്സ നല്‍കിയാലോ അത് കിഡ്നിയുടെ ആരോഗ്യം പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ഇടയാക്കുകയും വൃക്ക മാറ്റിവെക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും.
ദീര്‍ഘനാളായുള്ള പ്രമേഹം, ഉയര്‍ന്ന രക്തസമ്മദ്ദം, ഹൃദ്രോഗം, എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് സി, കാന്‍സര്‍ ബാധിതര്‍, ആര്‍ത്രൈറ്റിസ്, സോറിയാസിസ് പോലെയുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍, ഇടയ്ക്കിടെ കിഡ്‌നി സ്റ്റോണ്‍ അല്ലെങ്കില്‍ യൂറിന്‍ ഇന്‍ഫെക്ഷന്‍ ലക്ഷണങ്ങള്‍ കാണുന്നവര്‍ ഒക്കെയും കൃത്യമായ ഇടവേളകളില്‍ കിഡ്‌നി പരിശോധന നടത്തുന്നത് ഉത്തമമാണ്.
കുടുംബത്തില്‍ കിഡ്നി രോഗികള്‍ ഉണ്ടെങ്കിലും, സിക്കിള്‍ സെല്‍ രോഗമോ രോഗലക്ഷണമോ ഉള്ളവര്‍, ചെറുപ്പത്തില്‍ വൃക്ക രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നവര്‍ എന്നിവരും പരിശോധന നടത്തേണ്ടതാണ്.