മൂന്നാർ: ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 13-കാരൻ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു. ആണ്ടവൻകുടി സെറ്റിൽമെന്റിൽ അച്യുതൻ-കൗസല്ല്യാദേവി ദമ്പതിമാരുടെ മകൻ ജനഹൻ (13) ആണ് മരിച്ചത്. അടിമാലി ഗവ.ഹൈസ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്നു.
അടിമാലിയിലെ ട്രൈബൽ ഹോസ്റ്റലിലാണ് കുട്ടി താമസിച്ചിരുന്നത്. തലവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിലെത്തിയ കുട്ടിയെ ജനുവരി ഒന്നിന് ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് ഹോസ്റ്റലിലേക്ക് മടങ്ങി. ഇതിനുശേഷം വീണ്ടും തലവേദനയും ഛർദ്ദിയുമുണ്ടായി. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുട്ടി മരിച്ചു. മരണത്തിൻറെ തലേന്നാണ് സ്കാനിങ്ങിൽ ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. സഹോദരങ്ങൾ : സുദേവൻ, ശക്തിദേവൻ.