പത്തനംതിട്ടയിൽ ദളിത് പെൺകുട്ടി കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തിൽ ആകെ അറസ്റ്റിലായി അവരുടെ എണ്ണം 43 ആയി.ഇന്ന് 14 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത് . ഇന്നലെ രാത്രി വരെ 29 പേരായിരുന്നു ദളിത് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായിരുന്നത്. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
പെൺകുട്ടി പറഞ്ഞ മൊഴി പ്രകാരവും,പൊലീസ് അന്വേഷണത്തിലുമായി ആകെ 58 പേരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ചിലർ വിദേശത്താണ് . ആകെ 29 എഫ്ഐആറാണ് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിട്ടുള്ള പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകി വരികയാണ്. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്.2024 ജനുവരി മാസത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ച് പെൺകുട്ടി നാലു പേരാൽ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് എഫ്ഐആർ, പ്രതികളിൽ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു. ഇവരെ കാണാൻ എന്ന വ്യാജേനെ എത്തിച്ച് ആശുപത്രി ശുചിമുറിയിൽ വച്ചായിരുന്നു പീഡനം നടന്നത് . പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ഇന്നലെ ചിലരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും ,തെളിവില്ലാത്തതിനാൽ വിട്ടയക്കുകയായിരുന്നു.ഡിജിറ്റൽ തെളിവുകൾ കൂടി ശേഖരിച്ചു മാത്രം മതി അറസ്റ്റ് എന്നാണ് അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.