തിരുവനതപുരം: ഫയര്‍ ഫോഴ്സിനെയും പൊലീസിനെയും വട്ടംകറക്കി മധ്യവയസ്ക്കന്റെ ആത്മഹത്യ ശ്രമം.
വെള്ളിയാഴ്ച രാവിലെ 11.15 ഓടെയായിരുന്നു ഒന്നാമത്തെ സംഭവം അരങ്ങേറിയത്. ഒരാള്‍ ചാക്ക ഫയര്‍ഫോഴ്സില്‍ വിളിച്ച് പാറ്റൂര്‍ ഭാഗത്തുകൂടി കടന്നുപോകുന്ന ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരാള്‍ വെള്ളത്തില്‍ കിടക്കുന്നതായി അറിയിച്ചു.വിവരം ലഭിച്ചയുടന്‍ ഫയര്‍ഫോഴ്സ് അധികൃതര്‍ പാറ്റൂര്‍ ഭാഗത്തേക്ക് കുതിച്ചു. സംഘം സ്ഥലത്തെത്തിയപ്പോള്‍ പേട്ട പൊലീസും എത്തിയിരുന്നു.
ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ വെള്ളത്തില്‍നിന്ന് ഇയാളെ കരക്കെടുത്തു. തുടര്‍ന്ന് പൊലീസ് അനുനയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞുവിട്ടു.മണക്കാട് സ്വദേശി സുധി എന്നാണ് ഇയാള്‍ പൊലീസിനോടും ഫയര്‍ഫോഴ്സിനോടും പേര് വെളിപ്പെടുത്തിയത്. അധികൃതര്‍ ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ പട്ടം മുറിഞ്ഞപാലം വഴി ഒഴുകുന്ന വലിയ തോട്ടില്‍ ചാടിയതായി മെഡിക്കല്‍ കോളജ് പൊലീസ് ചാക്ക ഫയര്‍ ഫോഴ്സിനെ അറിയിച്ചു.ഉച്ചക്ക് 1.15 നായിരുന്നു രണ്ടാമത്തെ സംഭവം. ഫയര്‍ഫോഴ്സ് മുറിഞ്ഞപാലത്തേക്ക് കുതിച്ചു. സ്ഥലത്തെത്തിയപ്പോഴാണ് രാവിലെ രക്ഷപ്പെടുത്തിയയാള്‍ തന്നെയാണ് ഇവിടെയും വില്ലനായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ക്ക് മനസിലായത്.തോട്ടിലിറങ്ങി ഇയാളെ കരക്കെത്തിച്ചു. മെഡിക്കല്‍ കോളജ് പൊലീസും സ്ഥലത്തെത്തി. ഇയാള്‍ മദ്യപിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.മാനസിക വെല്ലുവിളി നേരിടുന്നതാകാമെന്നും സംശയിക്കുന്നു.
ചാക്ക സ്റ്റേഷന് ഓഫിസര്‍ ഷാജിയുടെ നേതൃത്വത്തില്‍ എസ്.എഫ്.ആര്.ഒമാരായ നൗഷാദ്, ലിജുമോന്‍, എഫ്.ആര്.ഒമാരായ ഷമീം, അരുണ്‍ചന്ദ്, രാജേഷ്, അബ്ദുള്‍ കലാം, മനോജ്, ഫയര്മാന് ഡ്രൈവര്‍മാരായ സുരേഷ്കുമാര്‍, ജോസ് എന്നിവര്‍ രക്ഷാദൗത്യത്തില്‍ പങ്കാളികളായി.