Sunday, December 22, 2024
Homeകേരളംതിരുവനന്തപുരത്ത് ജീപ്പിടിച്ച് 4 പേർ മരിച്ച സംഭവം; ഡ്രൈവർക്ക് 10 വർഷം കഠിനതടവും 1.25 ലക്ഷം...

തിരുവനന്തപുരത്ത് ജീപ്പിടിച്ച് 4 പേർ മരിച്ച സംഭവം; ഡ്രൈവർക്ക് 10 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും.

നെയ്യാറ്റിൻകര: അവണാകുഴിയിൽ അമിതവേഗത്തിൽ ജീപ്പ് ഓടിച്ച് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് നാലുപേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ജീപ്പ് ഡ്രൈവർക്ക് 10 വർഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴയ്ക്കും നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതി വിധിച്ചു. കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കായിരുന്ന കാരയ്ക്കാമണ്ഡപം, കൃഷ്ണാലയത്തിൽ വിജയകുമാറിനെയാണ്(56) അഡിഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. 2016 ജൂൺ എട്ടിന് രാത്രി 8.30-ന് അവണാകുഴി കവലയിലായിരുന്നു അപകടം നടന്നത്. വിജയകുമാർ ഓടിച്ചിരുന്ന ജീപ്പ് അമിതവേഗത്തിൽ അവണാകുഴിയിലെ ഹമ്പിൽ കയറി നിയന്ത്രണംവിട്ട് എതിരേവന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് നാലുപേർ മരിച്ചത്.

ബൈക്കിൽ സഞ്ചരിച്ച കരുംകുളം, കാവുതട്ട് എൽ.എസ്. ഭവനിൽ പാൽക്കച്ചവടക്കാരൻ ശശീന്ദ്രൻ(51), ഓട്ടോറിക്ഷാ ഡ്രൈവർ കണ്ണറവിള, മണ്ണക്കല്ല്, കിണറ്റിൻകരവീട് അലക്സ് ഭവനിൽ (യോഹന്നാൻ-48), ഓട്ടോറിക്ഷയിലെ യാത്രക്കാരായ കണ്ണറവിള, ഇടത്തേക്കോണം, പൊറ്റവിള പുത്തൻവീട്ടിൽ സരോജം(55), കണ്ണറവിള, ബിബു ഭവനിൽ ബെനഡിക്ട്(സുധാകരൻ-64) എന്നിവരാണ് മരിച്ചത്. വഴിയാത്രക്കാരിയായ അവണാകുഴി സ്വദേശിനി യശോദ(81)യ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

കെ.എസ്.ആർ.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരനായ വിജയകുമാറും മൂന്നു സഹപ്രവർത്തകരും സുഹൃത്തിന്റെ കല്യാണത്തിനായി പഴയഉച്ചക്കടയിലെ വീട്ടിൽപോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
അപകടത്തെത്തുടർന്ന് നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്നവരെ പിടികൂടി പോലീസിനു കൈമാറിയത്. വിജയകുമാറിന്റെ പേരിൽ മനഃപൂർവമായ നരഹത്യയ്ക്കാണ് നെയ്യാറ്റിൻകര പോലീസ് കേസ് എടുത്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ജീപ്പിൽ ഒപ്പമുണ്ടായിരുന്ന സുനിൽകുമാർ, സനൽകുമാർ, അജേന്ദ്രൻ എന്നിവരെയും കേസിൽ പ്രതികളാക്കിയിരുന്നു. എന്നാൽ, ഇവർ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു. വിജയകുമാർ പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞ മാസം വിരമിച്ചു. നെയ്യാറ്റിൻകര സി.ഐ.യായിരുന്ന ജി.സന്തോഷ്‌കുമാറാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments