ന്യൂഡല്‍ഹി: സംസ്ഥാനത്തു ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് പൂര്‍ണ്ണമായും തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതിയുടെതെന്ന് സുപ്രീംകോടതി. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ നടപടി സംസ്‌കാരത്തിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് തടയാനുള്ള ശ്രമമാണെന്ന് ജസ്റ്റിസ് നാഗരത്‌ന അഭിപ്രായപ്പെട്ടു.
ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതിയെന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചു.
കേരളത്തിലെ നാട്ടാനകളുടെ കണക്കെടുപ്പ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത് ആന എഴുന്നള്ളിപ്പ് തടയാനാണെന്ന് വികാസ് സിങ് ചൂണ്ടിക്കാട്ടി. ഡിവിഷന്‍ ബെഞ്ചിലെ നടപടികള്‍ പൂര്‍ണ്ണമായും സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യം ഉന്നയിച്ചെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.
കൂടാതെ വളര്‍ത്തുനായയായ ബ്രൂണോയുടെ മരണത്തെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ കേസില്‍ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ്ങിന് പുറമെ അഭിഭാഷകന്‍ സി.ആര്‍. ജയസുകിയനും സംഘടനയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി.