ജലജീവന്‍ മിഷന്‍ വഴി ജില്ലയിലെ ഗ്രാമീണ മേഖലയില്‍ നല്‍കിയത് 2,68,890 കുടിവെള്ള കണക്ഷനുകള്‍. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ല ജലശുചിത്വ സമിതി യോഗത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
പൈപ്പ്ലൈന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലെ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്ത്-വാട്ടര്‍ അതോറിറ്റി അധികൃതര്‍ സംയുക്ത പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചു.
ശാസ്താംകോട്ട ജലശുദ്ധീകരണ ശാലയില്‍ ജലവിതരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കെ.എസ്.ഇ.ബിയുടെ പ്രത്യേക വൈദ്യുതി ലൈന്‍ സ്ഥാപിക്കും. തെന്മല, ആര്യന്‍കാവ് പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും.
നെടുവത്തൂരിലെ പുല്ലാമലയില്‍ സ്ഥാപിക്കേണ്ട സംഭരണിക്കായി പുതിയ സ്ഥലം പഞ്ചായത്ത് പരിധിക്കുള്ളില്‍ കണ്ടെത്തും. കുന്നത്തൂര്‍, പോരുവഴി, ശൂരനാട്‌നോര്‍ത്ത്, തഴവ, തൊടിയൂര്‍, കുലശേഖരപുരം എന്നിവിടങ്ങളിലെ സമഗ്ര കുടിവെള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി കേന്ദ്രസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
സ്വകാര്യ ടെലികോം കമ്പനികള്‍ റോഡുകള്‍ കുഴിക്കുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടുന്നത് തടയാന്‍ നടപടി സ്വീകരിക്കും. വെട്ടിക്കവല വിളക്കുടി, മേലില പഞ്ചായത്തുകളിലെ പദ്ധതിപ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശശിധരന്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ സുബോധ്, ജലശുചിത്വ സമിതി സെക്രട്ടറി മഞ്ജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.