കണ്ണൂർ— എം. വിജിൻ എംഎൽഎയും കണ്ണൂര്‍ ടൗൺ പോലീസും തമ്മിലുള്ള തര്‍ക്കത്തിൽ എസ്ഐ ഷമീലിന് തെറ്റ് പറ്റിയെന്ന് എസിപിയുടെ റിപ്പോര്‍ട്ട്. എം.വിജിൻ എംഎൽഎയാണെന്ന് മനസിലായശേഷവും എസ്ഐ മോശമായി പെരുമാറിയെന്നും കളക്ട്രേറ്റ് ഗേറ്റിൽ സുരക്ഷ ഒരുക്കാത്തതും വീഴ്ചയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
കെജിഎൻഎ കണ്ണൂര്‍ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് വിവാദ സംഭവം ഉണ്ടായത്. കളക്ട്രേറ്റ് വളപ്പിൽ കടന്നവർക്കെതിരെ കേസെടുക്കുമെന്ന് എസ്ഐ നിലപാട് ഏടുക്കുകയും കല്യാശേരി എംഎൽഎ വിജിൻ ഇത് ചോദ്യം ചെയ്യുകയും ചെയ്തതോടെ തർക്കമുണ്ടാവുകയായിരുന്നു.
പ്രകടനമായെത്തിയ നഴ്സുമാർ കളക്ട്രേറ്റിന് അകത്തുകയറിയത് തടയാൻ പോലീസ് ഉണ്ടായിരുന്നില്ല. അതിനാൽ വീഴ്ച പോലീസിനാണെന്നും പിന്നെ എന്തിനാണ് കേസെന്നുമായിരുന്നു എംഎൽഎയുടെ ചോദ്യം. പ്രോട്ടോകോൾ പാലിക്കാതെയാണ് എസ്ഐ ഷമീൽ പെരുമാറിയതെന്നും സ്ഥിതി വഷളാക്കിയത് എസ്ഐയുടെ പെരുമാറ്റമാണെന്നും എസിപിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു.
ഇതോടെ എസ്ഐക്കെതിരെ നടപടി ഉറപ്പായി. എം. വിജിൻ എംഎൽഎ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസിപി രത്നകുമാറാണ് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി.
➖️➖️➖️➖️➖️➖️➖️