ദില്ലി: അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്ന 50 വര്‍ഷത്തെ പലിശരഹിത വായ്‍പ ഒരു വര്‍ഷം കൂടി തുടരുമെന്ന് ബുധനാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ധനകാര്യ മന്ത്രി വ്യക്തമാക്കി. ഏതാണ്ട് 1.3 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം താത്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഈ പണത്തില്‍ വലിയൊരു ശതമാനവും ചെലവഴിക്കാമെങ്കിലും ഇക്കാര്യത്തില്‍ ചില നിബന്ധനകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കും.
കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പലിശരഹിത വായ്‍പാ തുക ചെലവഴിക്കുന്നതിന് ചില അടിസ്ഥാന സൗകര്യ വികസന മേഖലകളെയും ബജറ്റ് പ്രസംഗത്തില്‍ നിര്‍ണയിച്ചിട്ടുണ്ട്. പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റുന്നത്, നഗരാസൂത്രണവും അതുമായി ബന്ധപ്പെട്ട നടപടികളും, മുനിസിപ്പില്‍ ബോണ്ടുകള്‍ എടുക്കാന്‍ യോഗ്യരാക്കുന്ന തരത്തില്‍ നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന സാമ്പത്തിക നവീകരണം, പൊലീസ് സ്റ്റേഷനുകള്‍ക്ക് അനുബന്ധമായി പൊലീസുകാര്‍ക്ക് സജ്ജീകരിക്കുന്ന താമസ സൗകര്യം തുടങ്ങിയവയാണ് ഇവയില്‍ പ്രധാനം.