Saturday, July 27, 2024
Homeഇന്ത്യഗഗൻയാനിലെ മലയാളി സാന്നിധ്യം, ചരിത്രം തിരുത്തുമോ ഈ നാൽവർ സംഘം.

ഗഗൻയാനിലെ മലയാളി സാന്നിധ്യം, ചരിത്രം തിരുത്തുമോ ഈ നാൽവർ സംഘം.

രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന നാല് പേരുടെ സംഘത്തെ പ്രധാനമന്ത്രി ലോകത്തിന് മുൻപിൽ അവതരിപ്പിച്ചു. മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായർ ഉൾപ്പെടെ നാല് പേരെയാണ് പ്രധാനമന്ത്രി പരിചയപ്പെടുത്തിയത്. പ്രശാന്തിന് പുറമെ ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്‌ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിംഗ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് മറ്റ് മൂന്ന് പേർ.

ദൗത്യ സംഘത്തിന്റെ തലവനായി പ്രശാന്ത് ബാലകൃഷ്‌ണനെ തിരഞ്ഞെടുത്തു. പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത് കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്‌ണന്റെയും മകനാണ്.

സുഖോയ് യുദ്ധവിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷമാണ് പ്രശാന്ത് നായർ വ്യോമസേനയുടെ ഭാഗമായത്. 1999ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയിൽ അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്.

യുഎസ് എയര്‍ കമാന്‍ഡ് ആന്‍ഡ് സ്‌റ്റാഫ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ആളാണ് പ്രശാന്ത് നായർ. 1998ല്‍ ഹൈദരബാദ് വ്യോമസേന അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഓണര്‍ നേടിയിരുന്നു. കഴിഞ്ഞ നാല് വർഷത്തോളമായി ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള പരിശീലനത്തിലായിരുന്നു പ്രശാന്തും മറ്റ് മൂന്ന് പേരും.

അതേസമയം, ബഹിരാകാശ സഞ്ചാരികളെ കാണാന്‍ സാധിച്ചതിലും അവരുമായി സംസാരിക്കാനായതിലും അവരെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഈ നാല് പേർ നാല് മനുഷ്യര്‍ മാത്രമല്ല 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികൾ കൂടിയാണ്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഭാരതീയന്‍ ബഹിരാകാശത്തേക്ക് പോകുകയാണ്. ഇത്തവണ സമയം നമ്മളുടേതാണ്, കൗണ്ട് ഡൗണ്‍ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ്’ പ്രധാനമന്ത്രി പറഞ്ഞു.

ബഹിരാകാശ യാത്രികരുടെ മുന്നില്‍ ഇനിയും ഏറെ പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ടെന്നും സെല്‍ഫിയും ഓട്ടോഗ്രാഫുമായി അവരെ ബുദ്ധിമുട്ടിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വന്തം സ്പേസ് സ്‌റ്റേഷന്‍ 2035ല്‍ യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

അത് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷവും ഇവർക്കുള്ള പരിശീലന പരിപാടികൾ തുടരുന്നുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായുള്ള വ്യോമസേന കേന്ദ്രങ്ങളിലും ഇവര്‍ക്കായി വിവിധ പരിശീലനങ്ങള്‍ നടക്കുന്നു. 2025ല്‍ മൂന്നുപേരെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹിരാകാശത്ത് എത്തിച്ചു മൂന്ന് ദിവസത്തിനുശേഷം തിരികെ ഭൂമിയിലെത്തിക്കുന്നതാണ് ഗഗന്‍യാന്‍ പദ്ധതി.

RELATED ARTICLES

Most Popular

Recent Comments