അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജാരിമാർ പാലിക്കേണ്ട പുതിയ നടപടിക്രമങ്ങൾ പുറത്തിറക്കി അധികൃതർ. മഞ്ഞനിറത്തിലുള്ള പുതിയ വസ്ത്രത്തിലായിരിക്കും ഇനി പൂജാരിമാർ എത്തുക. ക്ഷേത്രത്തിൻെറ നടത്തിപ്പിൻെറ ചുമതല വഹിക്കുന്ന ശ്രീ രാം ജൻമഭൂമി തീർഥ് ക്ഷേത്രയാണ് പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചത്. പരമ്പരാഗത കാവി വസ്ത്രത്തിന് പകരം കടും മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ധോത്തിയും കുർത്തയുമാണ് പൂജാരിമാർ ധരിക്കേണ്ടത്.
പൂജകൾ നടക്കുന്ന ശ്രീകോവിൽ അടക്കമുള്ള പവിത്രമായ ഇടങ്ങളിൽ ഇനി സ്മാർട്ട്ഫോൺ അനുവദിക്കില്ല. നിരവധി പുതിയ പരിഷ്ടാരങ്ങളാണ് നടപ്പിലാക്കുന്നത്. പൂജാരിമാർക്ക് എല്ലാവർക്കും ഒരുപോലുള്ള വസ്ത്രം വേണമെന്നതിനാലും ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരായി പെട്ടെന്ന മനസ്സിലാക്കാനും വേണ്ടിയാണ് പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചിരിക്കുന്നത്.
രാമക്ഷേത്രത്തിലെ പൂജാരിമാർക്ക് പുതിയ ഡ്രസ് കോഡ് നിശ്ചയിച്ചിരിക്കുകയാണ്. മുഖ്യ പൂജാരി, നാല് മുഖ്യ സഹ പൂജാരിമാർ, 20 സഹ പൂജാരിമാർ എന്നിവർ മഞ്ഞ നിറത്തിലുള്ള ശിരോവസ്ത്രവും ഫുൾ സ്ലീവ് കുർത്തയും ദോത്തിയുമാണ് ധരിക്കേണ്ടത്,” രാമക്ഷേത്രത്തിലെ മുഖ്യ സഹ പൂജാരിമാരിൽ ഒരാളായ സന്തോഷ് കുമാർ തിവാരി പറഞ്ഞു.
നേരത്തെ ക്ഷേത്രത്തിലുണ്ടായിരുന്ന ഭൂരിപക്ഷം പൂജാരിമാരും കാവി നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ചില പൂജാരിമാർ മഞ്ഞ വസ്ത്രവും ധരിച്ച് എത്തിയിരുന്നു. എന്നാൽ ആ സമയത്ത് ഡ്രസ് കോഡ് നിർബന്ധമാക്കിയിരുന്നില്ല,” തിവാരി കൂട്ടിച്ചേർത്തു.
സനാതന ധർമം പറയുന്നത് പൂജാരിമാർ തലയും കൈകളും മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നാണ്. പുതിയ ഡ്രസ് കോഡ് നിശ്ചയിച്ചിരിക്കുന്നത് ഇത് പ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രത്തിലെ ഗർഭഗൃഹ പരിസരത്ത് സ്മാർട്ട്ഫോൺ കൊണ്ടുവരുന്നതിനും ട്രസ്റ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് സ്മാർട്ട്ഫോൺ നിരോധിച്ചതെന്നാണ് വിശദീകരണം. എന്നാൽ ക്ഷേത്രത്തിലെ വെള്ളം ചോരുന്നതുമായി ബന്ധപ്പെട്ടാണ് ഫോൺ നിരോധിച്ചതെന്നും റിപ്പോർട്ടുണ്ട്.