മുതിര്‍ന്ന ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. മുന്‍ വ്യോമയാന മന്ത്രി പുസപതി അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവര്‍ണര്‍. അല്‍പസമയം മുമ്പാണ് രാഷ്ട്രപതി ഭവനില്‍ നിന്ന് ഇതുസംബന്ധിച്ച് ഉത്തരവ് വന്നത്.ഹരിയാനയിലെ പുതിയ ഗവര്‍ണറായി അസിം കുമാര്‍ ഘോഷിനെയും ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി കബീന്ദ്ര സിങ്ങിനെയും നിയമിച്ചിട്ടുണ്ട്.
അതേസമയം, ശ്രീധരന്‍ പിള്ളക്ക് പകരം നിയമനം നല്‍കിയിട്ടില്ല. മിസോറം ഗവര്‍ണറായും ശ്രീധരന്‍ പിള്ള സേവനമനുഷ്ടിച്ചിരുന്നു. അതിനു ശേഷമാണ് ഗോവയിലേക്ക് മാറിയത്.മോദി സര്‍ക്കാറിന്റെ കാലത്തെ മുന്‍ സിവില്‍ വ്യോമയാന മന്ത്രിയായിരുന്നു(2014 മുതല്‍ 2018വരെ) ഗജപതി രാജു.
ചൈന്നൈയാണ് അശോക് ഗജപതിയുടെ ജന്‍മദേശം. 25 വര്‍ഷത്തിലേറെയായി ആന്ധ്രപ്രദേശ് നിയമസഭാംഗമായിരുന്നു. 13 വര്‍ഷം ആന്ധ്രപ്രദേശ് സര്‍ക്കാറില്‍ മന്ത്രി സ്ഥാനവും വഹിച്ചു.
വാണിജ്യ നികുതി, എക്‌സൈസ്, നിയമ നിര്‍മാണ കാര്യം, ധനകാര്യം, ആസൂത്രണം, റവന്യൂ എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. 1978ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. വിജയനഗരം വിധാന്‍ സഭാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1982 ല്‍ തെലുങ്കുദേശം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അതില്‍ ചേരുകയും 1983, 1985, 1989, 1994, 1999, 2009 വര്‍ഷങ്ങളിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചെയ്തു. 2014ല്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.