അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാര്‍. ദീപാവലിക്ക് മുന്നോടിയായി ശ്രീരാമന്‍റെ നാടായ അയോധ്യയിൽ കുരങ്ങന്മാർക്ക് ഭക്ഷണം നൽകുന്നതിനായി അക്ഷയ് ഒരു കോടി രൂപ സംഭാവന ചെയ്തു. ഹനുമാന്‍റെ വീര സൈന്യത്തിന്‍റെ പിന്‍ഗാമികളായാണ് അയോധ്യയിലെ വാനരന്‍മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവിടുത്തെ വാനരന്‍മാരെന്നാണ് വിശ്വാസം.
ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ട്രസ്റ്റിന്‍റെ നേതാവായ ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജ് എന്നിവര്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുകയെന്ന ശ്രേഷ്ഠമായ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ അക്ഷയ് കുമാറിനോട് ആവശ്യപ്പെടുകയും നടന്‍ ഉടന്‍ സമ്മതിക്കുകയും ചെയ്തുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. അയോധ്യയിലെ കുരങ്ങുകൾക്ക് ദിവസവും ഭക്ഷണം നല്‍കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. മാതാപിതാക്കളായ ഹരി ഓമിന്റേയും അരുണ ഭാട്ടിയയുടേയും ഭാര്യാപിതാവ് രാജേഷ് ഖന്നയുടേയും പേരിലാണ് അക്ഷയ് കുമാര്‍ പണം സമര്‍പ്പിച്ചതെന്ന് ആഞ്ജനേയ സേവ ട്രസ്റ്റിന്റെ സ്ഥാപക ട്രസ്റ്റി പ്രിയ ഗുപ്ത വ്യക്തമാക്കി.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കഴിച്ചതിന് ശേഷം ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങളാണ് ഈ വാനരക്കൂട്ടത്തിന്‍റെ ഇപ്പോഴത്തെ ഭക്ഷണം. ഈ പശ്ചാത്തലത്തിലാണ് കുരങ്ങുകളെ ഭക്ഷണം നല്‍കി സംരക്ഷിക്കാമെന്ന് അക്ഷയ് കുമാര്‍ ആഞ്ജനേയ സേവാ ട്രസ്റ്റിനെ അറിയിച്ചത്. ഇനി മുതൽ ഞങ്ങൾ കുരങ്ങുകൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരു പൗരനും അസൗകര്യമുണ്ടാകില്ലെന്നും കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിന്‍റെ ഫലമായി അയോധ്യയിലെ തെരുവുകളിൽ മാലിന്യം തള്ളുന്നില്ലെന്നും ഞങ്ങൾ ഉറപ്പാക്കുെമന്നും ട്രസ്റ്റ് വ്യക്തമാക്കി.