ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി 52 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആകെയുള്ള 7 കോടി 89 ലക്ഷം വോട്ടര്‍മാരില്‍ 7 കോടി 16ലക്ഷം വോട്ടര്‍മാരില്‍ നിന്ന് ഫോമുകള്‍ ലഭിച്ചു. അതേസമയം 52 ലക്ഷം വോട്ടര്‍മാരെ അവരുടെ രജിസ്റ്റര്‍ ചെയ്ത വിലാസങ്ങളില്‍ കണ്ടെത്താനായില്ല എന്നാണ് കമ്മീഷന്റെ വിശദീകരണം.
21.36 ലക്ഷം വിതരണം ചെയ്ത അപേക്ഷാ ഫോറങ്ങള്‍ ഇനിയും കമ്മീഷന് തിരികെ ലഭിച്ചിട്ടില്ല. എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാത്തതോ ലിസ്റ്റ് ചെയ്ത വിലാസങ്ങളില്‍ കണ്ടെത്താന്‍ കഴിയാത്തതോ ആയ വോട്ടര്‍മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.
മരണപ്പെട്ട 18 ലക്ഷം വോട്ടര്‍മാരുടെയും മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് താമസം മാറിയ 26 ലക്ഷം പേരുടെയും ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് ലക്ഷം പേരുടെയും വോട്ടുകളാണ്.
അതിനിടെ, ബിഹാറിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ), ഉപരാഷ്ടപതിയുടെ രാജി തുടങ്ങിയ വിഷയങ്ങളിൽ പാർലമെൻറ് ഇന്നും സ്തംഭിച്ചേക്കും. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്നലെ പാർലമെൻറ് കവാടത്തിൽ പ്രതിപക്ഷ ഇന്ത്യ സഖ്യം പ്രതിഷേധം നടത്തിയിരുന്നു.
വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയെങ്കിലും ഇരുസഭകളിലെയും അധ്യക്ഷന്മാർ അനുവദിച്ചില്ല. ഇതോടെ പാർലമെൻറ് നിരവധി തവണ തടസ്സപ്പെട്ടു. ഇന്നും വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയം നോട്ടീസായി നൽകും.