കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ല. ഏഴ് തവണ മാറ്റി വച്ചശേഷമാണ് ഇന്ന് വിക്ഷേപിച്ചത്. ശുഭാംശു ശുക്ലയും സംഘവും14 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും.
41 വർഷങ്ങൾക്കു ശേഷമുള്ള ബഹിരാകാശ യാത്ര മാത്രമല്ലാ, 700 കോടി രൂപയിലധികം ചിലവ് വരുന്ന ബൃഹദ് പദ്ധതിയും വാണിജ്യപരമായി ഇന്ത്യ ക്രമീകരിക്കുന്ന ആദ്യ സ്പേസ് പര്യവേഷണവുമാണിത്. പോളണ്ട്, ഹംഗറി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചേർന്നുള്ള സംയുക്ത ദൗത്യം, ലൈഫ് സപ്പോർട്ട് സിസ്റ്റത്തി ന് നിർണായകമായ സയനോ ബാക്ടീരിയ പരീക്ഷണം, വാർധക്യത്തെ ചെറുത്തു തോൽപ്പിക്കാനുള്ള പഠനങ്ങളും ദൗത്യത്തിൻ്റെ ഭാഗമാണ്.
യാത്രയുടെ കമാൻഡർ അനുഭവ സമ്പന്നയായ പെഗ്ഗി വിറ്റ്സൻ ആണ്. ഭൂമിയുടെ ഭ്രമണപഥമായ ലിയോയിൽ ശുഭാംശു ശുക്ലയും സംഘവും വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് എത്തുക . ഭ്രമണ പഥത്തിൽ എത്തിക്കഴിഞ്ഞാൽ പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും.
ലിയോയിലെ ഉപഗ്രഹങ്ങളും ബഹിരാകാശ നിലയങ്ങളും സെക്കൻഡിൽ ഏകദേശം 7.8 കിലോമീറ്റർ വേഗത്തിലാണ് ഭൂമിക്ക് ചുറ്റും സഞ്ചരിക്കുക. 14 ദിവസം ഭൂമിയെ ചുറ്റാനുള്ള ദൗത്യമാണ് സംഘത്തിനുള്ളത്.