🔹തൃശൂര്‍ പൂരം നടത്തിപ്പിലെ വീഴ്ചയില്‍ തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിനെയും അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും മാറ്റും. പൊലീസ് ഇടപെടലില്‍ പൂരം അലങ്കോലമായതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടുള്ള അടിയന്തര നടപടി. പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.
🔹ജീവിച്ചിരിക്കുന്ന 14 പേരെ മരിച്ചെന്ന കാരണം കാണിച്ച് കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ സംഭവത്തില്‍ ബിഎല്‍ഒ യെ സസ്പെന്റ് ചെയ്തു. വെസ്റ്റ് എളേരിയിലെ 51 -ാം നമ്പര്‍ ബൂത്തിലെ ബിഎല്‍ഒ സീന തോമസിനെയാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സസ്പെന്റ് ചെയ്തത്.
🔹കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദര്‍ശനം റദ്ദാക്കിയെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണാര്‍ത്ഥം ചാവക്കാട്, കുന്നത്തൂര്‍ , ആലപ്പുഴ എന്നിവിടിങ്ങളിലാണ് രാഹുല്‍ ഇന്ന് പ്രചരണം നടത്താനിരുന്നത്. ഇന്നലെ ഝാര്‍ഘണ്ഡിലെ ഇന്ത്യ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് രാഹുല്‍ വിട്ടുനിന്നിരുന്നു. റാലി തുടങ്ങാന്‍ അല്‍പസമയം മാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ആണ് റാലിയില്‍ ശാരീരികമായി സുഖമില്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത്.
🔹പത്തനംതിട്ടയില്‍ മരിച്ച സ്ത്രീയുടെ വോട്ട് മരുമകള്‍ രേഖപ്പെടുത്തിയെന്ന പരാതിയിന്‍മേല്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. രണ്ട് പോളിംഗ് ഓഫീസര്‍മാരെയും ബിഎല്‍ഒയെയും ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തു. ബിഎല്‍ഒ അമ്പിളി, പോളിംഗ് ഓഫീസര്‍മാരായ ദീപ, കല എസ് തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. രേഖപ്പെടുത്തിയ വോട്ട് അസാധുവായി കണക്കാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
🔹106 വയസുളള വയോധികയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാരോപിച്ച് യുഡിഎഫ് നല്‍കിയ പരാതികള്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ തളളി. വീട്ടിലെ വോട്ടില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ പയ്യന്നൂരിലും പേരാവൂരിലും വീഴ്ചയില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ടിടത്തും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നാണ് അന്വഷണ റിപ്പോര്‍ട്ടിലുളളത്.
🔹എടപ്പാള്‍: തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ വോട്ടറുടെ സീരിയല്‍ നമ്പറടക്കമുള്ളവ രേഖപ്പെടുത്തിയ ബൂത്ത് സ്ലിപ്പ് ഇനി ഫോണിലെത്തും. ആദ്യകാലത്ത് രാഷ്ട്രീയ പ്രതിനിധി കളാണ് വീടുകളില്‍ വിതരണം ചെയ്തിരുന്നത്. പിന്നീട് ഇത് ബി.എല്‍.ഒമാര്‍ നേരിട്ട് വീട്ടിലെത്തിച്ചു നല്‍കിയിരുന്നു.
🔹തൃശൂര്‍ പൂരത്തിന് ആനകള്‍ക്ക് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോക് തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പട്ടയുമായെത്തിയവരോട് കമ്മിഷണര്‍ അങ്കിത് അശോക് കയര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതിനു പിന്നാലെ കുടമാറ്റത്തിനായി കൊണ്ടു വന്ന കുടകള്‍ പൊലീസ് തടയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേര്‍ അകത്തു കടക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞത് എന്നാണ് കമ്മീഷണറുടെ വിശദീകരണം. പൂരം പ്രതിസന്ധിയില്‍ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.
🔹മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം ചൊവ്വാഴ്ച നടക്കും. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ കാതല്‍ മേഖലയിലാണ് ക്ഷേത്രം. ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍നിന്നും തീര്‍ഥാടകര്‍ക്ക് പാസ് ലഭിക്കും.
രാവിലെ ആറു മുതല്‍ 2.30 വരെ കുമളി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്ന് ജീപ്പുകള്‍ സര്‍വീസ് നടത്തും. മോട്ടോര്‍ വാഹന വകുപ്പ്, വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ചശേഷമായിരിക്കും പാസ് നല്‍കുക. പാസുള്ള വാഹനങ്ങള്‍ മാത്രമേ ചെക്ക് പോസ്റ്റിലൂടെ കടത്തിവിടൂ. വനമേഖലയായതിനാല്‍ ഉച്ചഭാഷിണിയോ ലൗഡ് സ്പീക്കറുകളോ പാടില്ല. പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണമുണ്ട്. ഭക്ഷണം ഇലയിലോ കടലാസിലോ മാത്രമേ കൊണ്ടുവരാവൂ. വനമേഖലയില്‍ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ അനുവദിക്കില്ല.
പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളം കൊണ്ടുപോകരുത്. ആവശ്യമെങ്കില്‍ അഞ്ചുലിറ്റര്‍ ക്യാനുകള്‍ ഉപയോഗിക്കാം. ഉത്സവദിവസം വിവിധ സ്ഥലങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഉള്‍പ്പെടെ ആരോഗ്യവകുപ്പ് സജ്ജമാക്കും.
🔹ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് വാങ്ങിയ പതിനാലാമത് ബോട്ടിന്റെയും ടിക്കറ്റിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയല്‍ റണ്‍ പൂര്‍ത്തിയായതോടെയാണ് ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് ഇന്നലെ മുതല്‍ സര്‍വ്വീസ് ആരംഭിച്ചതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു.
🔹കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും, 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയില്‍ മദ്യം സൂക്ഷിച്ചതിനുമാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുവാന്‍ പാടുള്ളൂവെന്ന ഗതാഗത വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.
🔹ആലപ്പുഴയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍, കേരള അതിര്‍ത്തിയിലെ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളില്‍ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങള്‍ തിരിച്ചയ്ക്കാനാണ് നിര്‍ദേശം. കേരള അതിര്‍ത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണത്തിനായി വെറ്ററിനറി ഡോക്ടര്‍, ഇന്‍സ്പെക്ടര്‍ അടക്കം അഞ്ച് പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു.
🔹സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ പിടിയിലായ പ്രതി മുമ്പും കേരളത്തില്‍ വലിയ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ്. കര്‍ണാടകയില്‍ വച്ച് പിടിയിലായ ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എന്ന പ്രതി നേരത്തെ പ്രമുഖ ജ്വല്ലറിയുടെ ഉടമസ്ഥന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
🔹കണ്ണൂര്‍ ആറളത്തും അനധികൃത മരംമുറി. ആനമതില്‍ നിര്‍മ്മാണത്തിന്റെ മറവില്‍ അനധികൃതമായി മരം മുറിച്ചെന്നാണ് പരാതി. വന്യജീവി സങ്കേതത്തിനകത്തെ മരങ്ങളും മുറിച്ചു എന്നാണ് നിഗമനം. വിഷയത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു.
🔹ഈ മാസം 25 വരെ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെഎത്തുമെന്ന് റിപ്പോര്‍ട്ട്. പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🔹തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പത്തൊൻപതുകാരൻ മരിച്ചു. പെരുങ്ങുഴി പൊന്നുകൂട്ടി വിളാകം സ്വദേശി ഇന്ദ്രജിത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് മംഗലപുരം ശാസ്തവട്ടത്തായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് മതിലിലും പോസ്റ്റിലും ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മെഡി. കോളേജിലെത്തിച്ചെങ്കിലും മരിച്ചു. മംഗലപുരം പോലീസ് അപകടത്തിൽ കേസെടുത്തു.
🔹ദില്ലി: വാർത്താ വായനയ്ക്കിടെ ബോധംകെട്ടു വീണ സംഭവത്തിൽ പ്രതികരണവുമായി അവതാരക ലോപമുദ്ര സിൻഹ. ദൂരദർശൻ്റെ കൊൽക്കത്ത ബ്രാഞ്ചിലെ അവതാരകയായ ലോപാമുദ്ര സിൻഹയാണ് വാർത്ത വായിക്കുന്നതിനിടയിൽ ബോധരഹിതയായത്. വ്യാഴാഴ്‌ച രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നിരുന്നു.
കടുത്ത ചൂട് മൂലവും രക്തസമ്മർദ്ദം പെട്ടെന്ന് താഴ്ന്നതിനാലുമാണ് താൻ ബോധരഹിതയായതെന്ന് സിൻഹ പറഞ്ഞു. കൂളിംഗ് സിസ്റ്റത്തിലെ ചില തകരാർ കാരണം സ്റ്റുഡിയോയ്ക്കുള്ളിൽ കടുത്ത ചൂടായിരുന്നുവെന്നും അവതാരക പറഞ്ഞു. ചുട്ടുപൊള്ളുന്ന ചൂടിനിടയിൽ ജനങ്ങൾ മുൻകരുതലുകൾ എടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
🔹 മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ സ്വകാര്യ കോച്ചിംഗ് സെൻ്ററിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. 50 ലധികം വിദ്യാർത്ഥികളെയാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെയാണ് സംഭവമുണ്ടായത്. അതേസമയം, വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.
ഖേഡ് താലൂക്കിലെ സ്വകാര്യ കേന്ദ്രത്തിലാണ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ 500-ലധികം വിദ്യാർത്ഥികളാണ് താമസിച്ചു വരുന്നത്. ജോയിൻ്റ് എൻട്രൻസ് എക്സാം (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയ്‌ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് കോച്ചിംഗ് നൽകുന്ന സ്ഥാപനമാണിത്. വെള്ളിയാഴ്ച രാത്രി കോച്ചിംഗ് സെൻ്ററിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം 50 ലധികം വിദ്യാർത്ഥികൾക്ക് വയറുവേദനയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
🔹ശ്രീലങ്കന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന മോട്ടോര്‍ സ്പോര്‍ട് പരിപാടിക്കിടെ കാണികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി ഏഴ് പേര്‍ മരിച്ചു. 21 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
🔹ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ദുബൈ പൊലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും മലയാളികളടക്കമുള്ള നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു. രാത്രി 8.30ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
🔹ജപ്പാനില്‍ നിരീക്ഷണ പറക്കലിന് ഇറങ്ങിയ നാവിക സേനാ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു ഏഴുപേരെ കാണാതായി. ശനിയാഴ്ച രാത്രി നിരീക്ഷണ പറക്കല്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറുകളില്‍ നിന്നുള്ള ഒരാളുടെ മൃതദേഹം ഇതിനോടകം കണ്ടെത്തിയതായി ജപ്പാന്‍ ആഭ്യന്തര മന്ത്രി വിശദമാക്കി.
🔹ഐപിഎല്ലില്‍ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒരു റണ്ണിന്റെ നാടകീയ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചാലഞ്ചേഴ്‌സ് 20-ാം ഓവറിലെ അവസാന പന്തില്‍ 221 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്ന 21 റണ്‍സിലേക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ മൂന്ന് സിക്‌സ് പറത്തി കരണ്‍ ശര്‍മ്മ ഞെട്ടിച്ചുവെങ്കിലും മത്സരാന്ത്യം കൊല്‍ക്കത്ത 1 റണ്ണിന് വിജയിക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. 18 പന്തില്‍ 36 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയുടെ ഫിനിഷിംഗിലാണ് ഗുജറാത്ത് ടൈറ്റന്‍സ് വിജയമുറപ്പിച്ചത്.
🔹ഫഹദ് നായകനായി എത്തിയ പുതിയ ചിത്രം ‘ആവേശം’ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം ആവേശം 31 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ദുല്‍ഖറിന്റെ വമ്പന്‍ ഹിറ്റായ കുറുപ്പിന്റെ കളക്ഷന്‍ കേരളത്തില്‍ ഫഹദിന്റെ ആവേശം മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റാണ് കുറുപ്പ്. ആഗോളതലതത്തില്‍ കുറുപ്പ് നേടിയത് 81 കോടി രൂപയാണ്. കേരളത്തിലെ മാത്രമല്ല ആഗോളതലത്തിലെയും കുറിപ്പിന്റെ കളക്ഷന്‍ വൈകാതെ ഫഹദിന്റെ ആവേശം മറികടക്കും. ഇതിനകം ഫഹദിന്റെ ആവേശം 74 കോടി രൂപയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാമും.