തിരുവനന്തപുരം :- വിദേശത്തുനിന്ന് അയച്ച വില കൂടിയ ആഡംബര സമ്മാനത്തിന് നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടി. തിരുവനന്തപുരം വെള്ളായണിയിലെ 35 കാരിക്കാണ് ദുരനുഭവം. സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട അജ്ഞാതരാണ് തട്ടിപ്പ് നടത്തിയത്.
അമേരിക്കക്കാരന്‍ അയച്ച ഗിഫ്റ്റ് എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2024 ഫെബ്രുവരി 20നാണ് തട്ടിപ്പിന്റെ തുടക്കം. ഡോ. ഡേവിഡ് വില്യംസ് എന്നയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് തുടക്കം.
അമേരിക്കയില്‍ പ്രശസ്ത ഡോക്ടറാണെന്ന് അവകാശപ്പെട്ടായിരുന്നു ചാറ്റിന്റെ തുടക്കം. മലയാളികളോടും കേരളക്കാരോടും ഏറെ പ്രിയമാണെന്ന് ഇയാള്‍ പറഞ്ഞു വിശ്വസിപ്പിച്ചു. സുഹൃത്തുക്കളായതോടെ നിറംപിടിപ്പിച്ച ധാരാളം കഥകള്‍ ഇയാള്‍ പറയുകയും അതെല്ലാം ഈ സ്ത്രീ വിശ്വസിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഒരു കോടി രൂപയുടെ ആഡംബര വാച്ചുകളടക്കമുള്ള സമ്മാനങ്ങള്‍ അയച്ചെന്ന് പറഞ്ഞത്. ഇത് ഇന്ത്യയില്‍ ലഭിക്കാന്‍ നികുതി അടക്കമണമെന്ന് ആവശ്യപ്പെട്ടാണ് പല തവണകളിലായി 20 ലക്ഷം രൂപ ഇയാള്‍ അടിച്ചെടുത്തത്.