റിയാദ് ബത്ഹയിലെ ഒരു ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോൾ രാത്രി ഒരുപാട് വൈകിയിരുന്നു. റൂമിലേക്കുള്ള യാത്ര ഒരു മലയാളിയുടെ ടാക്സിയിലായിരുന്നു റോഡരികിലെ മുത്തുമാലകൾ കൊരുക്കുന്ന വിളക്ക്കാലുകൾ പിന്നിട്ടപ്പോൾ മയക്കം കണ്ണുകളെ മാടിവിളിച്ചുതുടങ്ങി .”.. മലയാളം കാസറ്റ് ഉണ്ടെങ്കിൽ ഒരു പാട്ട് വയ്ക്കാമോ ..?” ഞാൻ ഡ്രൈവറോട് വെറുതേ ചോദിച്ചു .
അയാൾ ചിരിച്ചുകൊണ്ട് സ്റ്റീരിയോയിൽ വിരൽ തൊട്ടു പഴയ നല്ല കുറേ പാട്ടുകളായിരുന്നു അതിൽ നിറയെ. പക്ഷേ പാതിമയക്കത്തിൽ എപ്പോഴോ ഞാൻ കേട്ട ഒരു പഴയ പാട്ട് എന്നെ ഒന്ന് ഞെട്ടിച്ചു ഒരു നിമിഷം മനസ്സും ശരീരവും തരിച്ചുപോയി ., അറിയാതെയറിയാതെ ഓർമ്മപ്പൂമരത്തിൽ നിന്നും കൊഴിഞ്ഞുവീണ ഇലകളും പൂക്കളും നിരത്തി ഞാനാ ഗാനത്തിന് ഹൃദയത്തിലേക്കുള്ള വഴിയൊരുക്കി
. ” …പ്രണയസരോവരതീരം .. പണ്ടൊരു
പ്രദോഷ സന്ധ്യാനേരം ..
പ്രകാശവലയമണിഞ്ഞൊരു സുന്ദരി
പ്രസാദപുഷ്പമായി വിടർന്നു ..എന്റെ
വികാരമണ്ഡലത്തിൽ പടർന്നു …. ”
മനസ്സൊരായിരം കാതങ്ങൾക്കകലെയുള്ള ആ വരണ്ട പാടത്തേക്ക് പറന്നുപോയി . ഒരു മുപ്പത് വർഷങ്ങൾക്കു അപ്പുറമായിരുന്നു ഞാനപ്പോൾ . ഞങ്ങളുടെ ഗ്രാമത്തിലുണ്ടായിരുന്ന ഏക ” ആഡംബരകെട്ടിടസമുച്ചയ” മായിരുന്നു വീട്ടിൽ നിന്നും കഷ്ടിച്ചൊരുകിലോമീറ്റർ അകലെയുണ്ടായിരുന്ന ശ്രീ വേലായുധാടാക്കീസും അതിനോട് ചേർന്നുള്ള സോഡാ നാരങ്ങാവെള്ളം സിനിമാപ്പാട്ടു പുസ്തകം കച്ചവടം ചെയ്യുന്ന ഭാനുവേട്ടന്റെ പെട്ടിക്കടയും . ഫസ്റ്റ് ഷോ വിട്ടുകഴിഞ്ഞഴിഞ്ഞാൽ ഉടനേ ഉച്ചഭാഷിണിയിലൂടെ പാട്ട് വയ്ക്കും, സെക്കന്റ് ഷോ ഉണ്ടെന്നുള്ള അറിയിപ്പ് കൂടിയായിരുന്നു അത് അപ്പോൾ മാത്രമേ ഞാനും എന്റെ സുഹൃത്ത് ലാലും (പേര് സാങ്കൽപ്പികം ) വീടിനുമുന്നിലുള്ള പാടവരമ്പത്തുനിന്നും എഴുന്നേൽക്കാറുള്ളൂ .വൈകുന്നേരം വെയിൽ മങ്ങുന്നതോടെ പാടത്തിനരികിലുള്ള സിമന്റ് വരമ്പിന്റെ ഒരറ്റത്ത് ഞങ്ങളെല്ലാ ദിവസവും ഒത്തുകൂടിയിരുന്നു .. മഴ പെയ്ത് അടുത്ത വിതയ്ക്ക് പാടത്തു വെള്ളം നിറയുന്ന ദിവസം വരെ ഞങ്ങളെന്നും അവിടെ സമ്മേളിക്കും അധികമാരോടും സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല അന്നെനിക്ക് . പക്ഷേ ലാലടുത്തുണ്ടെങ്കിൽ മണിക്കൂറുകളല്ല ഒരുപക്ഷേ ദിവസങ്ങൾ പോകുന്നതുപോലും ഞാനറിയുമായിരുന്നില്ല .അച്ഛനിൽ നിന്നും അമ്മയിൽ നിന്നും പകർന്നു കിട്ടിയ പാടാനുള്ള കഴിവ് ഞങ്ങൾ മൂന്നുമക്കൾക്കും ഉണ്ടായിരുന്നു . ( പുന്നപ്ര വയലാർ സ്വാതന്ത്ര്യസമരസേനാനിയും വിപ്ലവഗായകനുമായിരുന്നു അച്ഛൻ T. M. പ്രസാദ് )
ലാലിനാണെങ്കിൽ പാട്ടെന്നു വച്ചാൽ പ്രാണനും ചിലപ്പോൾ വയലാറിൽ നിന്ന് തുടങ്ങി K P A C യും കടന്ന് ഞങ്ങൾ ചെന്നുനിൽക്കുന്നത് ചൈനയിലെ ടിയനെൻമെൻ സ്ക്വയറിൽ ആയിരിക്കും .അന്ന് സംസാരിക്കാൻ പ്രത്യേകിച്ച് വിഷയങ്ങളൊന്നും ഞങ്ങൾക്ക് വേണ്ടായിരുന്നു.. ഡിഗ്രിയുടെ അവസാനവർഷമായിരുന്നു അത് അക്കാലത്തു ലാലിന്റെള്ളിൽ ഒരു പ്രണയമുണ്ടായിരുന്നു ഒരു കാലത്തും അവന്റെ വീട്ടുകാരോ അവളുടെ ബന്ധുക്കളോ അംഗീകരിച്ചുകൊടുക്കാത്ത ഒരു ബന്ധമായിരുന്നു അത് . രണ്ടു മതങ്ങളിൽ പെട്ടവർ എന്നതിലുപരി മറ്റനേകം പ്രതിബന്ധങ്ങൾ അവർക്കിടയിലുണ്ടായിരുന്നു .ലോകത്തുള്ള സകല ചരാചരങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുമായിരുന്നുവെങ്കിലും സ്നേഹിക്കുന്ന പെൺകുട്ടിയെക്കുറിച്ചുമാത്രം എന്നോടവൻ ഒന്നും പറഞ്ഞിരുന്നില്ല . ഞാനവനോട് ഒന്നും ചോദിച്ചിരുന്നുമില്ല .. എപ്പോഴെങ്കിലും അവന്റെ നാവിൽ നിന്നും അത് പുറത്തുവരട്ടെ എന്ന് ഞാൻ കരുതി . എന്നാൽ അത് മാത്രമുണ്ടായില്ല .
ആ വർഷത്തെ എഴുകോൺ സംസ്കൃതവിദ്യാപീഠത്തിന്റെ യുവജനോത്സവത്തിനാണ് ഞാനാ പാട്ട് പാടിയത് .” ,.പ്രണയസരോവരതീരം ….” അന്ന് ആ പാട്ട് കേൾക്കാൻ സദസ്സിൽ ലാലും ഉണ്ടായിരുന്നു . പതിവുപോലെ ഒരു ദിവസം ഞങ്ങൾ വയൽ വരമ്പത്തു ഒത്തുകൂടി . എന്തുകൊണ്ടോ ലാലന്ന് വല്ലാത്ത മൗനത്തിലായിരുന്നു .എന്ത് ഞാൻ ചോദിച്ചാലും പറഞ്ഞാലും എന്തോ നിസ്സംഗമനോഭാവമായിരുന്നു അവന്. ഒരു തണുത്ത പ്രതികരണം . എല്ലാവരും എപ്പോഴും ഒരേ മാനസികാവസ്ഥയിൽ ആയിരിക്കില്ലല്ലോ .ഞാൻ മനസ്സിൽ കരുതി .പക്ഷേ അൽപ്പം കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു .” എടോ തനിക്കാവുമെങ്കിൽ ആ പ്രണയസരോവരം ഒന്ന് പാട്..” എനിക്ക് സന്തോഷമായി .അവന്റെ മൂഡ് മാറിത്തുടങ്ങിയല്ലോ .ഞാൻ മറുപടിയൊന്നും പറയാതെ പതിയെ ആ പാട്ട് പാടി . പാടിക്കഴിഞ്ഞു കുറേ നേരത്തേക്ക് ഞാനും അവനും വീണ്ടും മൗനത്തിലായി, അഞ്ചു നിമിഷം കഴിഞ്ഞു … ഒന്നുകൂടി പാടാൻ അവനെന്നോട് പറഞ്ഞു .
” ഇനി പാടണമെങ്കിൽ കാശ് തരണം …” ഞാൻ തമാശയ്ക്ക് പറഞ്ഞു “.. കാശൊന്നും എന്റെ കയ്യിലില്ല വേണമെങ്കിൽ തനിക്കു ഞാനൊരു സദ്യ തരാം ..” അവൻ പറഞ്ഞു കിട്ടിയ സന്ദർഭത്തിൽ പിടിച്ചു ഞാനവനോട് ചോദിച്ചു ” ..അപ്പോ തന്റെ കല്യാണം ഉടനെയുണ്ട് … അല്ലേ ? ..”
” സദ്യയുണ്ണാൻ കല്യാണം തന്നെ വേണമെന്നുണ്ടോ ..? ” അത് പറഞ്ഞിട്ടവനും അത് കേട്ട് ഞാനും ചിരിച്ചു .എന്റെ തൊട്ടുമൂത്ത സഹോദരി ലൈല ( റിട്ട : പ്രിൻസിപ്പാൾ , ഗവ : സംസ്കൃതകോളേജ് , തിരുവനന്തപുരം ) മുൻ മന്ത്രി ശ്രീ N E. ബലറാമിന്റെ വീട്ടിൽ നിന്നായിരുന്നു അന്ന് പഠിച്ചുകൊണ്ടിരുന്നത് .അദ്ദേഹത്തിന്റെ മകൾ ശ്രീമതി . N E. ഗീത (പ്രശസ്ത എഴുത്തുകാരിയും രാഷ്ട്രീയ സാമൂഹ്യപ്രവർത്തകയും ) എന്റെ ചേച്ചിയോടൊപ്പമായിരുന്നു പഠിച്ചിരുന്നത് രണ്ടാഴ്ച കൂടുമ്പോൾ ചേച്ചി വീട്ടിൽ വരും .
ഞങ്ങൾ അന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ലൈലച്ചേച്ചി ബസ്സിറങ്ങി പാടവരമ്പത്തുകൂടി വീട്ടിലേക്കു നടന്നുവരുന്നത് ഞാൻ കണ്ടു ചേച്ചിയെ കണ്ടപാടെ ‘ ഞാനിപ്പോൾ വരാം ‘ എന്ന് അവനോട് പറഞ്ഞിട്ട് ഞാൻ ചേച്ചിയുടെ അടുത്തേക്കോടിച്ചെന്ന് തോളിൽ കിടന്ന വലിയ ബാഗ് വാങ്ങിപ്പിടിച്ചു ഒപ്പം വീട്ടിലേക്ക് നടന്നു . ചേച്ചി വരുമ്പോൾ എനിക്കായി മറക്കാതെ കരുതിയിരുന്ന പഫ്‌സോ സമൂസയോ കൈക്കലാക്കാനുള്ള കൊതിയായിരുന്നു ആ പാച്ചിലിന് പിന്നിൽ .. വീട്ടിലെത്തിയ ചേച്ചിയോട് ചെറിയൊരു കുശലാന്വേഷണവും നടത്തി ബാഗിൽ നിന്നെടുത്ത പൊതിയുമായി തിരികെ ലാലിന്റെ അടുത്തേക്ക് പോകാനൊരുങ്ങുമ്പോൾ ആണ് അവൻ എന്നോടൊന്നും പറയാതെ തന്നെ പാടവരമ്പിൽ നിന്നും അപ്രത്യക്ഷനായി എന്ന് ഞാൻ മനസ്സിലാക്കുന്നത്. അപ്പോഴേക്കും ഇരുൾ പരന്നുതുടങ്ങിയിരുന്നു ..
മച്ചിൻപുറത്തെ എലിശല്യം തീർക്കാൻ വേണ്ടി അന്ന് രാത്രി അമ്മ എന്നെക്കൊണ്ട് എലിവില്ല് തൊടുവിച്ചു വച്ചിരുന്നു രാത്രിയിൽ എപ്പോഴോ മുളംതണ്ട് കീറുന്ന പോലെയുള്ള ചേച്ചിയുടെ കരച്ചിൽ കേട്ടാണ് ഞാൻ ഉണർന്നത് .വില്ലിൽ വീണുകിടന്നുപിടയുന്ന എലിയുടെ മരണവെപ്രാളം കേട്ടതായിരുന്നു ആ കണ്ണുനീരിനു കാരണം . പണ്ടേ അങ്ങനെയാണ് ഒരുറുമ്പിനെപ്പോലും ആരും നോവിക്കുന്നത് ചേച്ചി സഹിക്കില്ല ഞാൻ പെട്ടെന്ന് മച്ചിൻപുറത്തു കയറി എലിവില്ലുമായി താഴെ ഇറങ്ങി ,അപ്പോഴും ഒരെലി പ്രാണനുവേണ്ടി അതിൽ കിടന്നു പിടയുന്നുണ്ടായിരുന്നു ,ചേച്ചിയെ കാണിക്കാതെ അച്ഛന്റെ ടോർച്ചുമായി ആ എലിയെ താഴെ പാടവരമ്പിൽ ചെന്ന് അകലേക്ക് വലിച്ചെറിയാനായി ഞാൻ നടന്നു അപ്പോഴാണ് ഞങ്ങൾ ഇരുന്നിരുന്ന പാടത്തെ സിമന്റ് വരമ്പിൽ ” .. Good bye Joy… for ever…” എന്ന് പച്ചില കൊണ്ട് എഴുതി വച്ചിരിക്കുന്നത് ഞാൻ കാണുന്നത് .
അപ്പോൾ രാത്രി പതിനൊന്നുമണി ആയിട്ടുണ്ടാകും ആ വാക്കുകൾ കണ്ട് എന്റെ മനസ്സൊന്നു പതറി .ആ ” ..for ever ..” ൽ എന്തോ അപകടം മണക്കുന്നതുപോലെ എനിക്ക് തോന്നി . തിരികെ വന്നു കിടക്കുന്നതായി മറ്റുള്ളവരെ ബോധ്യപ്പെടുത്തിയിട്ട് ഞാൻ ശരം തൊടുത്തപോലെ അവന്റെ വീട്ടിലേക്കു പാഞ്ഞു . എൻറെ വീട്ടിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു അവന്റെ വീട്ടിക്ക്. ..റയിൽവേപ്പാതയും വയലും പിന്നിട്ട് ഞാനോടി അവിടെ എത്തുമ്പോഴേക്കും ശ്വാസമെടുക്കാൻ പോലുമാകാതെ ഞാൻ നന്നേ കിതച്ചിരുന്നു…വിയർപ്പിൽ കുളിച്ചിരുന്നു
ചൂട് കാരണം എന്നും ജനാല തുറന്നിട്ട് അതിനരികിലുള്ള കട്ടിലിൽ കിടന്നുറങ്ങിയിരുന്ന അവന്റെ ജ്യേഷ്ഠനെ ഞാൻ ജനാലയിലൂടെ കയ്യിട്ട് തട്ടി വിളിച്ചു ആ വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു, . പിന്നെ കേട്ടത് ഒരു കൂട്ടനിലവിളിയായിരുന്നു .വായിൽ നിന്നൊലിച്ചിറങ്ങിയ നുരയും പതയുമായി ലാൽ തറയിൽ കമഴ്ന്നു കിടപ്പുണ്ടായിരുന്നു .. പ്രതീക്ഷ കൈവിടാതെ അവനെയും ചുമന്നുകൊണ്ട് ഞാനും അവന്റെ ജ്യേഷ്ഠനും കൂടി ഹോസ്പിറ്റലിലേക്ക് പാഞ്ഞു .
“…. സദ്യയുണ്ണാൻ കല്യാണം തന്നെ വേണമെന്നുണ്ടോ ?…”
തോളിൽ കിടന്നുകൊണ്ട് അവൻ പലവട്ടം എന്നോട് ചോദിക്കുന്നത്പോലെ എനിക്ക് തോന്നി ഇന്നത്തെപ്പോലെ ഓട്ടോയോ ടാക്സിയോ ഒന്നും സുലഭമല്ലാതിരുന്ന ആ രാത്രിയിൽ എങ്ങനെയൊക്കെയോ എട്ടു കിലോമീറ്റർ അകലെയുള്ള ആസ്പത്രിയിൽ ഞങ്ങളവനെ എത്തിച്ചു ….മരണത്തിന്റെ തണുപ്പിൽ നിന്നും ജീവിതത്തിന്റെ തുടിപ്പിലേക്കു അവൻ എത്തിച്ചേരാൻ പിന്നെയും എത്രയോ ദിവസങ്ങൾ വേണ്ടി വന്നു
…” ..ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും ..
മറുപകുതി പ്രജ്ഞയിൽ കരി പൂശിയ രാവും ..”
ഈയൊരവസ്ഥ ചങ്ങമ്പുഴയ്ക്കു മാത്രമല്ല ഏതൊരു പച്ചമനുഷ്യനും സംഭവിക്കാവുന്നതാണ് .ദൈവം തന്ന വരദാനമാണ് ഈ മനുഷ്യജന്മം .അത് തിരിച്ചെടുക്കാൻ ദൈവത്തിന് മാത്രമേ അർഹതയുള്ളൂ .ഒന്നിൽ നിന്നുമുള്ള ഒളിച്ചോട്ടമാകരുത് മരണം . ജീവിതത്തെ ഉറച്ച മനസോടെ നേരിടാൻ നമുക്കാവണം .നിമിഷ നേരത്തെ വൈകാരികസമ്മർദ്ദങ്ങൾക്കു വശംവദരായി ഈശ്വരൻ വച്ചുനീട്ടിയ ഈ മനുഷ്യജന്മം താഴെ വീണുടയാതെ ഒരു പളുങ്കുപാത്രം പോലെ കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിയണം .
അന്ന് ആ കുഞ്ഞെലി പിടഞ്ഞില്ലായിരുന്നുവെങ്കിൽ ….
അത് കേട്ട് എന്റെ ചേച്ചി കരഞ്ഞില്ലായിരുന്നുവെങ്കിൽ …
ഞാനാ രാത്രി ഉണർന്നില്ലായിരുന്നുവെങ്കിൽ ..
എന്റെ പ്രിയപ്പെട്ട ലാൽ എന്നെന്നേക്കുമായി ഉറങ്ങിപ്പോകുമായിരുന്നു ..!
അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഇന്ന് ഏറ്റവും ഊർജ്ജസ്വലനും കർമ്മനിരതനുമായ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ കേരളത്തിന് നഷ്ടപ്പെടുമായിരുന്നു . !
നല്ല എഴുത്ത്
ഏറെ നന്ദി . വായനയ്ക്കും മറുകുറിപ്പിനും
രസകരമായ എഴുത്ത്
ഏറെ നന്ദി .. വായനയ്ക്കും മറുകുറിപ്പിനും
മികച്ച വായനാനുഭവം!അത് ആരാണ് ആ പോലീസുകാരൻ
വായനയ്ക്കും മറുകുറിപ്പിനും ഒരുപാട് നന്ദിയും സ്നേഹവും . ആ പോലീസ് ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ എനിക്ക് ചില പരിമിതികളുണ്ട് . ക്ഷമിക്കുമല്ലോ .
മികച്ച എഴുത്ത്