ഒരു വേനലിന്റെ ചുട്ടുപൊള്ളുന്ന സമയമായിരുന്നു അന്നും ആ തെരഞ്ഞുടുപ്പുമാമാങ്കം. ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായ ഒരു വ്യക്തിയുടെ അതിദാരുണമായ ഒരു അന്ത്യത്തിന്റെ അലയൊലികൾക്കിടയിൽ കടന്നുവന്ന ഒരു ഇലക്ഷൻ കാലം . ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഞാനന്ന് സജീവമായി പ്രവർത്തിച്ചിരുന്ന ചോരത്തിളപ്പിന്റെ കാലം . പാർലമെന്റ് ഇലെക്ഷൻ ആയിരുന്നതുകൊണ്ട് പ്രവർത്തനമണ്ഡലം വളരെ വലുതായിരുന്നു . രാവിലെ 8 മണിക്ക് ജീപ്പിൽ കയറിയിരുന്നാൽ രാത്രി 12 മണിയെങ്കിലുമാകും വീട്ടിൽ ചെന്നുകയറുവാൻ . ഓരോ യോഗസ്ഥലങ്ങളിലും സ്ഥാനാർത്ഥി എത്തുന്നതിനുമുമ്പുള്ള അഞ്ചോ പത്തോ മിനിറ്റ് നേരത്തെ പ്രസംഗം … അതായിരുന്നു എനിക്കുണ്ടായിരുന്ന ചുമതല. കൊടും ചൂടിലെ ജീപ്പുയാത്രയും ഉഷ്ണക്കാറ്റും പൊടിപടലവും കൊണ്ട് പെറ്റമ്മ പോലും കണ്ടാൽ തിരിച്ചറിയാത്ത കോലത്തിലാവും പ്രസംഗവേദിയിൽ നിൽക്കുക . ഇന്നത്തെപ്പോലെ ഗ്രാമീണറോഡുകൾ ടാർ ചെയ്തിരുന്ന സമയമായിരുന്നില്ല അത് . പൊടിപൂരം എന്നൊക്കെ പാഞ്ഞുകേട്ടിട്ടല്ലേയുള്ളു . പൊടിയുടെ പൂരം കണ്ടും അനുഭവിച്ചുമറിഞ്ഞ നാളുകൾ ..
ഒരുച്ചനേരം . ഞങ്ങൾക്കെല്ലാമാഹാരം ഒരു പ്രവർത്തകന്റെ വീട്ടിലായിരുന്നു . റോഡിൽ വണ്ടി നിർത്തിയാൽ കുത്തനെയുള്ള ഒരു കയറ്റം കയറി വേണം ആ വീട്ടിലെത്തുവാൻ . വീടെന്നു പറയാനാവില്ല . മുളംകാലുകളിൽ വലിച്ചുകെട്ടിയ ഒരു നാലുകാലോലക്കുടിൽ . ! സ്ഥാനാര്ഥിയുൾപ്പെടെ ഞങ്ങൾ പതിനാലുപേരായിരുന്നു അന്നവർ നൽകിയ കപ്പപ്പുഴുക്കും കാന്താരിമുളക് ചമ്മന്തിയും നാട്ടരിയുടെ കഞ്ഞിയും മേമ്പൊടിക്ക് അവർ നൽകിയ സ്നേഹത്തിന്റ കണ്ണിമാങ്ങയും ചേർത്തു മനസ്സുനിറയെ കഴിച്ചത് .
അര മണിക്കൂർ വിശ്രമം കഴിഞ്ഞു മടങ്ങാൻ തുടങ്ങുമ്പോഴാണ് അവിടുത്തെ വീട്ടുമുറ്റത്തും പരിസരത്തും എന്റെ പ്രസ്ഥാനത്തിന്റെ കൊടിയും പിടിച്ചു രണ്ടു കുഞ്ഞിക്കാലുകൾ ഓടിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് . പൊന്നുഷസ്സിന്റെ പൂമുഖമുള്ളൊരു കൊച്ചു തമ്പുരാട്ടി. .
ഏറിയാൽ മൂന്നുവയസ് പ്രായം കാണും . മുറ്റത്തുകൂടി ഓടുന്നതിനിടയിൽ ഒരുവട്ടം അരികിലൂടെപ്പോയപ്പോൾ ഞാനവളെ വാരിയെടുത്തു. അപരിചിതത്വത്തിന്റെ വിഹ്വലതകളില്ലാതെ അവളെന്റെ കയ്യിലിരുന്നു ചിരിച്ചുകൊണ്ട് ആ കൊടി വശങ്ങളിലേക്ക് വീശിപ്പറപ്പിച്ചുകൊണ്ടിരുന്നു
” വാവേടെ പേരെന്താ ..? ഞാനവളോട് ചോദിച്ചു . അവൾ ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരുന്നു . ” മോളെ അങ്കിൾ കൊണ്ടുപോട്ടെ ?” .. ഞാൻ പിന്നെയും ചോദിച്ചു . നിശ്ശബ്ദമായി അവൾ ചിരിച്ചുകൊണ്ടിരുന്നു . പെട്ടെന്ന് അവളുടെ ‘അമ്മ വന്നു അവളെ എന്റെ കയ്യിൽനിന്നും വാങ്ങി .
” അവൾ സംസാരിക്കില്ല സർ കേൾക്കാനും കഴിയില്ല “അവർ അത് പറഞ്ഞിട്ട് വേദനയോടെ എന്നെയൊന്നു നോക്കി . ആ കണ്ണുകൾ നിറഞ്ഞിരുന്നു .
താഴെ എനിക്കുവേണ്ടി ജീപ്പ് ഡ്രൈവർ ഹോൺ മുഴക്കിത്തുടങ്ങി . എന്റെ നെഞ്ചിനുമുകളിലേക്കു ഒരു നൂറുകിലോ ഭാരമുള്ളൊരു കല്ല് കയറ്റിവച്ചപോലെ . അവളുടെ കുഞ്ഞുവിരലുകളിൽ ഒരുമ്മ കൊടുത്തിട്ട് ഞാൻ താഴേക്ക് നടന്നു . ജീപ്പിലിരിക്കുമ്പോഴെല്ലാം ഞാനവളെക്കുറിച്ചു ഓർക്കുകയായിരുന്നു . അന്നന്നത്തെ അന്നത്തിനുപോലും ബുദ്ധിമുട്ടുന്ന അവർക്കു അവൾക്കൊരു നല്ല ട്രീറ്റ്മെന്റ് നല്കാൻ കഴിയില്ലെന്ന് എനിക്കറിയാമായിരുന്നു .. ഹൃദയം താളം തെറ്റി മിടിച്ചുകൊണ്ടിരുന്നു .അടുത്ത യോഗസ്ഥലത്തേക്കോ അവിടെ സംസാരിക്കേണ്ട കാര്യങ്ങളെക്കുറിച്ചോ ഞാൻ മറന്നു . മനസ്സിൽ ആ കുഞ്ഞുപുഞ്ചിരിയുടെ നൈർമല്യവും ആ അമ്മയുടെ മുഖത്തെ നിസ്സഹായതയും മാത്രമായിരുന്നു . വണ്ടി അടുത്ത യോഗസ്ഥലത്തു എത്തിച്ചേർന്നതറിഞ്ഞില്ല . സ്വാഗതപ്രസംഗത്തിനുശേഷം ഞാൻ മൈക്ക് കയ്യിലെടുത്തു . പക്ഷെ എന്റെ തൊണ്ടയിൽ നിന്നും ഒരുവാക്കുപോലും പുറത്തുവരുന്നില്ല . ഞാൻ എനിക്കാവും വിധമെല്ലാം ശബ്ദിക്കാൻ ശ്രമിച്ചു . പക്ഷെ കഴിയുന്നില്ല . ഇതെല്ലം കണ്ടുകൊണ്ടുനിന്ന സഹപ്രവർത്തകർ ഓടിവന്നെന്നെ താങ്ങി അടുത്തുള്ള കടയുടെ തിട്ടയിൽ കൊണ്ടിരുത്തി . പിന്നെ ശബ്ദങ്ങളില്ലാത്ത ഒരു ലോകത്തിലൂടെ എന്റെ നിഴൽ നടന്നുനീങ്ങുന്നത് ഞാൻ നോക്കിക്കിടന്നു ..
ഇലക്ഷൻറെ ഫലമറിഞ്ഞു . കൂടുതൽ വോട്ടും കൂടുതൽ സീറ്റും നേടിയവർ അധികാരത്തിൽ വന്നു . തിരക്കൊഴിഞ്ഞ ഒരു സായാഹ്നത്തിൽ ഞാൻ ആ കുട്ടിയുടെ വീട്ടിലേക്കു നടന്നു . വാളകത്തുള്ള Deaf and dump Care insitution ലേക്ക് അവളെ ചേർക്കാൻ വേണ്ട ഉപദേശങ്ങൾ നൽകി . admission നു വേണ്ടി അവർക്കൊപ്പം ഞാനും പോയിരുന്നു . അവിടെനിന്നും അവൾക്ക് മികച്ച പരിശീലനം ലഭിച്ചു . ഹൈദരാബാദിൽ ഏറ്റവും മികച്ച ഒരു പരിശീലനകേന്ദ്രം ഉണ്ടെന്നറിഞ്ഞു ഞങ്ങൾ ആ.വഴിയിലൂടെ നീങ്ങി . അവിടെ അവൾക്ക് അഡ്മിഷൻ കിട്ടാൻ എന്റെ പ്രസ്ഥാനത്തിന്റെ സാങ്കേതികസഹായവും അവർക്കുണ്ടായി,
കബനിപ്പുഴയിലൂടെ വെള്ളം കിഴക്കോട്ട് കുത്തിയൊലിച്ചുപോയി .. ഒരുപാട് വർഷങ്ങൾ .. ഞാനതൊക്കെ മറന്നു . അവളെ മറന്നു .. അന്നവൾ പിടിച്ചിരുന്ന കൊടിയെ മറന്നു ..! കുടുംബം .. ജീവിതം … മറ്റൊന്നും ഓർക്കുവാനുള്ള സാവകാശം എന്റെ ജീവിതയാത്രയിൽ ഉണ്ടായിരുന്നില്ല .
ഒരുച്ചകഴിഞ്ഞ നേരം . രണ്ടുപേർ താഴെ തൊടിയിലെ തൈവാഴകൾക്കിടയിലൂടെ വീട്ടുമുറ്റത്തേക്കു നടന്നുവന്നു . ഒന്ന് ഒരു യുവതിയായിരുന്നു . കൂടെയുള്ളത് അച്ഛനെന്നു ഞാൻ അനുമാനിച്ചു . ഞാൻ മുറ്റത്തേക്കിറങ്ങിച്ചെന്നു . അദ്ദേഹം കൈകൂപ്പി . ഞാനും . അപ്പോഴേക്കും അവൾ അരികിലെത്തി . എന്റെ കയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് ഏറെക്കുറെ സ്പഷ്ടമായ വാക്കുകളിൽ എന്നോട് പുഞ്ചിരിയോടെ ചോദിച്ചു ..Uncle..Do you remember me.. ? മനസ്സിലൂടെ തുലാവർഷാചന്ദ്രിക പെയ്തിറങ്ങിയ നിമിഷങ്ങൾ . ഹൈദരാബാദിൽ തന്നെ അവൾ അഗ്രിക്കൾചർ ഡിപ്പാർട്മെന്റിൽ ജോലിയും നേടിയിരിക്കുന്നു . ഞാൻ ഒരു നിമിഷം അറിയാതെ അവളുടെ കയ്യിലേക്ക് നോക്കി . അന്നവൾ വീശിനടന്ന കൊടി അപ്പോഴും അവളുടെ കയ്യിലുണ്ടോ എന്ന വിഡ്ഢിത്തതോടെ . പക്ഷെ എനിക്ക് തെറ്റിയില്ല . ആ കൊടിയുടെ നിറത്തിൽ അവളുടെ കയ്യിൽ ഒരു നീണ്ട കവർ ഉണ്ടായിരുന്നു . അതവളുടെ വിവാഹക്ഷണപത്രികയായിരുന്നു .!
നന്നായിട്ടുണ്ട്
നന്ദി .. സ്നേഹം .. ഈ നല്ല വാക്കുകൾക്ക്
മികച്ച വായനാനുഭവം
നന്ദി , സ്നേഹം .. ഈ നല്ല വാക്കുകൾക്ക്
Oh….nice
നന്ദി , സ്നേഹം .. ഈ നല്ല വാക്കുകൾക്ക്
കണ്ണുകൾ നനഞ്ഞു പോകുന്ന അനുഭവം
സ്നേഹം , സന്തോഷം , ഈ നല്ലവാക്കുകൾ കേൾക്കുമ്പോൾ .
മനോഹരം
നന്ദി , സ്നേഹം , ഈ നല്ല വാക്കിന്