മലയാളി മനസ്സ് ൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ പത്താം ഭാഗത്തിലേയ്ക്ക് സ്വാഗതം 🙏🙏
മലയാളത്തിലെ മഹാകവിയും ഗദ്യകാരനുമായിരുന്ന ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ള യെ കുറിച്ചാണ് ‘മലയാള സാഹിത്യ ത്തിലെ നക്ഷത്രപ്പൂക്കൾ’ എന്ന പംക്തിയിലൂടെ ഇന്ന് പരിചയപ്പെടുത്തുന്ന നക്ഷത്രപ്പൂവ് .
ചങ്ങമ്പുഴ കൃഷ്ണപിള്ള (1️⃣0️⃣)
മലയാളത്തിൻ്റെ കാല്പനിക കവി ചങ്ങമ്പുഴ കൃഷ്ണപിള്ള എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലുള്ള ചങ്ങമ്പുഴ തറവാട്ടിൽ 1911 ഒക്ടോബർ പത്താം തീയതി ജനിച്ചു . അച്ഛൻ തേക്കടത്ത് വീട്ടിൽ നാരായണമേനോൻ , അമ്മ ചങ്ങമ്പുഴ പാറുക്കട്ടിയമ്മ. ദാരിദ്ര്യം നിമിത്തം ചങ്ങമ്പുഴയുടെ ബാല്യകാല വിദ്യാഭ്യാസം പോലും ക്ലേശകരമായിരുന്നു . ഇടപ്പള്ളി മലയാളം പ്രൈമറി സ്ക്കൂൾ, രാമവർമ്മ സ്ക്കൂൾ ,ആലുവ സെൻ്റ് മേരീസ് സ്ക്കൂൾ , എറണാള്ളം സെൻ്റ് ആൽബർട്ട്സ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം.
എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം ആർട്സ് കോളേജിലും പഠിച്ച് ബി.എ. ഓണേഴ്സ് ബിരുദം നേടി . കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ ചങ്ങമ്പുഴ അറിയപ്പെടുന്ന കവിയായി മാറിയിരുന്നു .
‘ആ പൂമാല ‘ തുടങ്ങി ‘വൃണിത ഹൃദയത്തിൽ ‘ ഒടുങ്ങുന്ന 53 കവിതകളുടെ സമാഹാരമായ ‘ബാഷ്പാഞ്ജലി ‘ അദ്ദേഹത്തിൻ്റെ 23ാം വയസ്സിൽ പ്രസിദ്ധീകരിച്ചു . 1940 ൽ പഠനം പൂർത്തിയാകുന്നതിന് മുൻപുതന്നെ തൻ്റെ ഗുരുനാഥൻ കൂടിയായ ശ്രീ. രാമൻ മേനോൻ്റെ പുത്രിയായ ശ്രീദേവിയമ്മയെ അദ്ദേഹം വിവാഹം ചെയ്തു .
അധ്യാപകനാവുക ചങ്ങമ്പുഴയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു ആ മോഹത്തോടെയാണ് 1939 ൽ അദ്ദേഹം തിരുവനന്തപുരം ആർട്സ് കോളേജിൽ ബി.എ. ഓണേഴ്സിന് ചേർന്നത് . എന്നാൽ ഫലം നിരാശാജനകമായിരുന്നു. ഒരുവിധം നന്നായി പരീക്ഷയെഴുതിയെങ്കിലും വെറും മൂന്നാം ക്ലാസ്സ് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്ന അദ്ദേഹത്തിന് ഗവേഷണ പഠനത്തിന് സൗകര്യം ലഭിച്ചില്ല . ഈ ദുഃഖം കോളേജിലെ തൻ്റെ അഭിവന്ദ്യ ഗുരുനാഥനായ ഡോ. ഗോദവർമ്മയ്ക്ക് എഴുതിയ സുദീർഘമായ കത്തിൽ വെളിവാക്കുന്നുണ്ട്.
1942 ൽ കായംകുളത്ത് എക്സൽസിയ ടൂട്ടോറിയലിൽ പ്രൊഫ. എസ് . ഗുപ്തൻ നായർ ,മാത്യു ഇടിക്കുള , ഇഗ്നേഷ്യസ് എന്നിവരോടൊപ്പം മലയാളം അധ്യാപകനായി . പ്രഗത്ഭനായ ഒരു ഭാഷാധ്യാപകൻ്റെ കഴിവുകളിലൂടെ ചങ്ങമ്പുഴ കുട്ടികളുടെ സ്നേഹവും ആദരവും പിടിച്ചു പറ്റി . അവിശ്രമമായ ഒരു പ്രയത്നമായിരുന്നു അദ്ദേഹത്തിൻ്റെ അധ്യാപനം!
സാമ്പത്തിക പ്രശ്നങ്ങൾ വഴളായി കൊണ്ടിരുന്നപ്പോഴാണ് അദ്ദേഹം സൈന്യത്തിൽ ചേർന്നത് . കാൽപനികതയും കേരളത്തിലെ നീലനിലാവും , നീലാകാശവും വെള്ളി മേഘങ്ങളും മലരണിക്കാടുകളും ഭാവനയിൽ ഒഴുകി നടന്നിരുന്നതിനാൽ തൻ്റെ വിരലുകൾക്ക് തോക്കുകൾ അധികപ്പറ്റായി മാറി . സൈന്യത്തിൽ നിന്ന് രാജിവെച്ച് മദ്രാസ് ലോ കോളേജിൽ ചേർന്നെങ്കിലും പഠനം മുഴുമിപ്പിക്കാതെ നാട്ടിലേയ്ക്കു മടങ്ങി .
നിരവധി കവിതാസമാഹാരങ്ങൾ, ഖണ്ഡകാവ്യങ്ങൾ, പരിഭാഷകൾ, നോവൽ എന്നിങ്ങനെ അൻപത്തിയേഴ് കൃതികൾ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട് . ചങ്ങമ്പുഴ മലയാളമുള്ളിടത്തോളം കാലം ജീവിക്കുന്ന അനശ്വരമായ ആ കാവ്യപ്രപഞ്ചത്തിൻ്റെ ദൈർഘ്യം 1931 മുതൽ 1948 വരെ പതിനേഴു വർഷം കൊണ്ട് പരിസമാപ്തിയായി.ഇരുപത്തിമൂന്നാമത്തെ വയസ്സിൽ പുറത്തിറങ്ങിയ ബാഷ്പാഞ്ജലി മുതൽ 06/06/1948 ൽ പുറത്തുവന്ന “നീറുന്ന തീച്ചൂള” എന്ന അവസാനത്തെ സമാഹാരം വരെയുള്ള 57 കൃതികൾ ഓരോന്നും പുറത്തിറങ്ങിയ കാലത്ത് ഓരോ സംഭവമായിരുന്നു .
ഇതിൽ 25ാം ത്തെ വയസ്സിൽ പുറത്തിറക്കായ രമണൻ എന്ന മലയാളത്തിലെ ആദ്യ നാടകീയ വിലാപകാവ്യം ചങ്ങമ്പുഴയുടെ മാസ്റ്റർപീസായും മലയാള കാവ്യരംഗ തെ ഒരു അത്ഭുത പ്രതിഭാസമായും ഇന്നും കണക്കാക്കുന്നു ! അദ്ദേഹത്തിൻ്റെ ആത്മമിത്രമായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ സ്മാരകമുദ്ര യായിട്ടാണ് ‘രമണൻ ‘ സമർപ്പിച്ചിട്ടുള്ളത് . ആഹ്ലാദപൂർണ്ണമായ മനസ്സോടെ ഒരു കാലഘട്ടത്തിലെ മലയാളി ഇത്രയേറെ ഹൃദത്തിലേറ്റിയ ഒരു കാവ്യസൃഷ്ടി വേറെയില്ല എന്നു തന്നെ പറയാം .
പിന്നീട് ഇതേ പേരിൽ ചലച്ചിത്രഭാഷ്യം ഇറങ്ങിയതോടെ അതിലെ ശ്രുതിമധുരമായ ഗാനങ്ങളും പ്രേക്ഷകർ ഹൃദയപൂർവ്വം സ്വകരിച്ചു! രക്തപുഷ്പങ്ങൾ, പാടുന്ന പിശാച് , ദേവഗീതം (ജയദേവൻ്റെ ഗീതാഗോവിന്ദത്തിൻ്റെ ശ്രദ്ധേയമായ പരിഭാഷ), സ്പന്ദിക്കുന്ന അസ്ഥിമാടം, സ്വരരാഗസുധ എന്നീ സമാഹാരങ്ങളും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.
അന്യഭാഷ രചനകൾ ചങ്ങമ്പുഴ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട് . അദ്ദേഹത്തിൻ്റെ മൊഴിമാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ജയദേവ കവിയുടെ ഗീതാഗോവിന്ദത്തിൻ്റെ വിവർത്തനമായ ദേവഗീതയും, സോളമൻ്റെ ഭാഷാന്തരമായ ദിവ്യഗീതവുമാണ് . ഇന്ത്യൻ സാഹിത്യത്തിൽ നിന്ന് കാളിദാസൻ , ടാഗോർ , സരോജിനി നായിഡു , ഹരീന്ദ്രനാഥ ചതോപാദ്ധ്യായ എന്നിവരുടെ കൃതികളാണ് അദ്ദേഹം പ്രധാനമായും വിവർത്തനം ചെയ്തത്. പൗരസ്ത്യ മേഖലയിൽ അദ്ദേഹം ഏറെയും തിരഞ്ഞെടുത്തിട്ടുള്ളത് ജാപ്പനീസ് കവിതകളാണ് . പാശ്ചാത്യ സാഹിത്യ ചക്രവാളത്തിൽ നിന്നാണ് ചങ്ങമ്പുഴ ഏറെയും നക്ഷത്രങ്ങൾ പെറുക്കിയെടുത്തത് . ഷേക്സ്പിയറും , കീറ്റ്സും, ഷെല്ലിയും , ഷില്ലറും , ഗോയ്ഥേയും അണിനിരന്ന വൻതാരനിരയെയാണ് ചങ്ങമ്പുഴ അണി നിരത്തിയത് .
അതിഹൃസ്വമായിരുന്ന ഒരായുസ്സിൻ്റെ പുസ്തകം മുഴുവൻ വേദനയുടെ ലഹരി പിടിപ്പിക്കുന്ന വരികളെഴുതിയാണ് ചങ്ങമ്പുഴ വിടവാങ്ങിയത് . ചിത്ത മുരളി തകർന്നു പോയപ്പോഴും കഷ്ടം, കൊതിയുണ്ട് പാടുവാൻ എന്നു പാടി മലയാളികളെ പ്രേമിക്കാൻ പഠിപ്പിച്ചു . ശൃംഗാരത്തിൽ നിന്നും അശ്ലീലത്തിൽ നിന്നും പ്രേമത്തെ സംരക്ഷിച്ചു നിർത്തി ! ആപാദചൂഡം കവിയായിരുന്ന ചങ്ങമ്പുഴ പോയിടത്തെല്ലാം കാവ്യദേവതയും കൂടെപ്പോയി . ഇടപ്പള്ളിയിൽ, തിരുവനന്തപുരം, പൂന,മദ്രാസ്, തൃശൂർ വീണ്ടും ഇടപ്പള്ളി യിൽ .
കവിതയിലേ വൃത്തം തികഞ്ഞിരുന്നുള്ളൂ. ജീവിതം
മുക്തഛന്ദസ്സായിരുന്നു. ഇരിക്കപ്പൊറുതിയില്ലാത്ത കവിജന്മത്തിൻ്റെ അലച്ചിലുകളിലൊന്നിലും കാവ്യദേവത പിണങ്ങി പോയില്ല .
ചങ്ങമ്പുഴയെപ്പോലെ കാവ്യപ്രചോദനമുണ്ടായ കവികൾ മലയാളത്തിലെന്നല്ല ലോകകവിതയിൽ തന്നെ കുറവായിരിക്കും.
കേരളക്കരയെ മുഴുവൻ ദുഃഖത്തിലാഴ്ത്തി 1948 ജൂൺ 17 ന് തൃശ്ശൂരിലെ മംഗളോദയം നേഴ്സിംഗ് ഹോമിൽ വെച്ച് ക്ഷയരോഗബാധ ചികിത്സയ്ക്കിടയിൽ അദ്ദേഹം മുപ്പത്തിയേഴാമത്തെ വയസ്സിൽ നിര്യാതനായി 🙏
അദ്ദേഹത്തിനോടുള്ള ആദരസൂചകമായിഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാഹിത്യ സാംസ്കാരി കസമിതി പ്രവർത്തിക്കുന്നു.
അദ്ദേഹം വിടവാങ്ങിയിട്ട് നീണ്ട എഴുപത്തിയാറു വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള മലയാളികളുടെ ഹൃദയങ്ങളിൽ തൻ്റെ കവിതകളിലൂടെ അനശ്വരനായി തന്നെ വാഴുന്നു …
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕