Thursday, December 26, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

* ഇസ്രയേലിൽനിന്നു ഹമാസ് പിടികൂടി ബന്ദികളാക്കിയവരിൽ 2 പേർ ഗാസയിലെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 8 പേരുടെ നില ഗുരുതരം. ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നതിനിടെ ഇവർക്കു വേണ്ട ചികിത്സ നൽകാൻ കഴിയുന്നില്ലെന്ന് ഹമാസ് സൈനികവിഭാഗം അറിയിച്ചു. ഗാസയിൽ തുടർച്ചയായി ബോംബിടുന്ന ഇസ്രയേലിന് ബന്ദികളുടെ ക്ഷേമം ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ഓർമിപ്പിച്ചു. ഒക്ടോബർ 7ന് ഇസ്രയേലിൽ കടന്നു കയറി ഹമാസ് ബന്ദികളാക്കിയവരിൽ നൂറിലേറെ പേരെ മോചിപ്പിച്ചിരുന്നെങ്കിലും ഇനിയും 136 പേർ കൂടി ഗാസയിലുണ്ടെന്ന് ഇസ്രയേൽ പറയുന്നു. ഇതിനിടെ തെക്കൻ ഗാസയിലെ റഫയിൽ 2 ബന്ദികളെ മോചിപ്പിക്കാനായി ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 67 പലസ്തീൻകാർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ 3 മുസ്​ലിം പള്ളികളും 14 വീടുകളും തകർന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം നൂറിലേറെ വരുമെന്ന് ഹമാസ് പറഞ്ഞു. അർജന്റീനിയൻ പൗരത്വം കൂടിയുള്ള ഫെർണാണ്ടോ സിമൻ മർമൻ (60), ലൂയിസ് ഹാരെ (70) എന്നിവരെയാണ് പുലർച്ചെ നടത്തിയ ആക്രമണത്തിലൂടെ മോചിപ്പിച്ചത്. ഒക്ടോബർ 7ന് ഹമാസ് തട്ടിക്കൊണ്ടുപോയ 250 പേരിൽ ഉൾപ്പെട്ടവരാണ് ഇവർ.

ഹമാസിന്റെ അവസാനത്തെ ശക്തികേന്ദ്രമായ റഫയിൽ കൂടുതൽ ആക്രമണങ്ങൾക്കാണ് ഇസ്രയേൽ പദ്ധതിയിടുന്നത്. 14 ലക്ഷത്തോളം ആളുകൾ അഭയം പ്രാപിച്ചിട്ടുള്ള ഇവിടെ സൈനിക നീക്കം നടത്തുന്നത് കനത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

* ഗാസയിൽ ആറാഴ്ച വെടിനിർത്തൽ നീക്കത്തിന് ഇസ്രായേലും ഹമാസും തമ്മിൽ ചർച്ചകൾ പുരോഗമിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. . ഖത്തർ, യുഎസ്, ഈജിപ്ത് എന്നീ രാജ്യങ്ങൾ മുൻകയ്യെടുത്താണ് അനുരഞ്ജന നീക്കം നടത്തിയത്. നേരത്തേ ഇതിനായി നടത്തിയ ശ്രമങ്ങൾ ഇസ്രയേലിന്റെയും ഹമാസിന്റെയും കടുംപിടിത്തം കാരണം പരാജയപ്പെട്ടിരുന്നു. ഇതോടെ ഈജിപ്ത് അതിർത്തി നഗരമായ റഫ ഇസ്രയേൽ ആക്രമണഭീതിയിലായി. റഫയിലെ ജനവാസകേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിക്കാനും തീവ്രവാദികളെ പിടികൂടാനുമായി ശക്തമായ നടപടി ഉടൻ ആരംഭിക്കുമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ആശ്വാസം തേടി 10 ലക്ഷത്തിലേറെ പലസ്തീൻകാരാണ് റഫയിൽ അഭയം തേടിയിരിക്കുന്നത്. ജനനിബിഡമായ ഇവിടെ ആക്രമണം വൻദുരന്തമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ആക്രമണം ഉണ്ടായാലും അഭയാർഥികൾക്കായി അതിർത്തി തുറക്കില്ലെന്ന് ഈജിപ്ത് അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ആയിരക്കണക്കിനു പലസ്തീൻകാർ അഭയം തേടിയ ദക്ഷിണ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസർ ആശുപത്രിയിൽ ഇസ്രയേൽ സൈന്യം കടന്ന് തിരച്ചിൽ ആരംഭിച്ചു. ആശുപത്രിയിലുള്ളവർക്ക് ഒഴിഞ്ഞുപോകാൻ അനുവദിച്ച സമയം തീർന്നയുടൻ ആയിരുന്നു റെയ്ഡ്. ഹമാസ് പ്രവർത്തകർക്കും അവർ ബന്ദിയാക്കി ഇവിടെ ഒളിപ്പിച്ച ഇസ്രയേൽക്കാർക്കും വേണ്ടിയാണ് തിരച്ചിൽ. 72 ദിവസമായി നാസർ ആശുപത്രി ഇസ്രയേൽ സേനയുടെ ഉപരോധത്തിലായിരുന്നു.

* പാക്കിസ്ഥാനിൽ നവാസ് ഷരീഫ് പക്ഷത്തിന് പിന്തുണ നൽകി സൈന്യം. കൂടാതെ സഖ്യകക്ഷി സർക്കാരുണ്ടാക്കാൻ സ്വതന്ത്രരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമം മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാർട്ടി പാക്കിസ്ഥാൻ മുസ്​ലിം ലീഗ് നവാസ് (പിഎംഎൽ– എൻ) തുടങ്ങി. ഇമ്രാൻ ഖാന്റെ പാർട്ടി പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ)യുടെ പിന്തുണയോടെ വിജയിച്ച വസിം ഖ്വാദിറിനെ ഒപ്പം കൂട്ടുന്നതിൽ വിജയിച്ചു. പിഎംഎൽ– എന്നിനൊപ്പം ചേർന്നതായി വസിം പരസ്യമായി പ്രഖ്യാപിച്ചു. കൂടുതൽ സ്വതന്ത്രരുടെ പിന്തുണ ആർജിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. ബിലാവൽ ഭൂട്ടോ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) പിന്തുണയോടെ സർക്കാരുണ്ടാക്കാനുള്ള ശ്രമമാണു നവാസ് ഷരീഫിന്റെ നേതൃത്വത്തിൽ നടക്കുന്നത്. പാക്കിസ്ഥാൻ മുസ്​ലിം ലീഗ് നവാസ് (പിഎംഎൽ– എൻ) പ്രസിഡന്റും നവാസിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ് പിപിപി നേതാക്കളായ ആസിഫലി സർദാരിയുമായും ബിലാവലുമായും ചർച്ച നടത്തി. ആരുമായും സഖ്യമുണ്ടാക്കാൻ വാതിൽ തുറന്നിട്ടിരിക്കുന്നതായാണ് ബിലാവൽ ഭൂട്ടോ പ്രതികരിച്ചത്. പിപിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ തയാറാണെങ്കിലും പ്രധാനമന്ത്രി സ്ഥാനം വിട്ടുകൊടുക്കാൻ താൽപര്യമില്ലെന്നാണ് നവാസ് പക്ഷം വ്യക്തമാക്കുന്നത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരി പ്രധാനമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറി. രാജ്യതാൽപര്യം മാനിച്ച് പിഎംഎൽ–എൻ സർക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുമെങ്കിലും ഭാവിയിൽ ഓരോ വിഷയത്തിലും പ്രത്യേകം തീരുമാനം എടുക്കുമെന്നും ബിലാവൽ വ്യക്തമാക്കി. നേരത്തെ, മുൻപു 3 തവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫ് നാലാമതും അധികാരത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ സഹോദരൻ ഷഹബാസിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കുകയുണ്ടായി. അങ്ങനെ പാക്കിസ്ഥാനിൽ പിഎംഎൽ–എൻ പ്രസിഡന്റ് ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകും എന്നുറപ്പായി.

* യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സേന ഉപയോഗിക്കുന്നത് മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ്. സൈനിക അധിനിവേശത്തിലൂടെ റഷ്യ പിടിച്ചെടുത്ത മേഖലകളിൽ യുഎസ് ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം വ്യാപകമായതായി യുക്രെയ്ൻ സേനയുടെ രഹസ്യാന്വേഷണ റിപ്പോർട്ട്. നേരത്തേ യുക്രെയ്ൻ സേനയാണ് സ്റ്റാർലിങ്കിന്റെ ഇത്തരം ടെർമിനലുകൾ യുദ്ധനീക്കങ്ങൾക്കായി പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാൽ റഷ്യൻ സർക്കാരുമായോ അവരുടെ സൈന്യവുമായോ ഒരു തരത്തിലുമുള്ള ബിസിനസ് ഇടപാടുകളുമില്ലെന്ന് സ്റ്റാർലിങ്ക് വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കൻ‌ യുക്രെയ്നിലെ ഡോണെട്സ്കിലുള്ള ക്ലിഷ്ചിവ്ക, ആന്ദ്രിവ്ക തുടങ്ങിയ മേഖലകളിലാണു റഷ്യൻ സേന സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത്. സ്റ്റാർലിങ്ക് ടെർമിനൽ വിന്യസിക്കുന്നതു സംബന്ധിച്ച് 2 റഷ്യൻ സൈനികർ തമ്മിൽ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖയും തെളിവായി പുറത്തുവിട്ടു.

* 2020-21 വർഷം രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ച കർഷക പ്രക്ഷോഭത്തിന്റെ രണ്ടാം പതിപ്പിന് ചൊവ്വാഴ്ച ഡൽഹി അതിർത്തിയിൽ തുടക്കമായി. തിങ്കളാഴ്ച രാത്രി സർക്കാരുമായി കർഷക സംഘടനകളുടെ പ്രതിനിധികൾ നടത്തിയ ചർച്ച ഫലം കാണാതെ അവസാനിച്ചതോടെ കർഷകർ ട്രാക്ടറുകളുമായി റോഡിലിറങ്ങി. തങ്ങളുടെ അധ്വാനത്തിനും ഉൽപാദിപ്പിക്കുന്ന വിളകൾക്കും അർഹമായ പ്രതിഫലം ഉറപ്പാക്കാൻ, താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ നല്‍കുക എന്നതാണ് കര്‍ഷകർ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. ഇതിനു പുറമെ വിള ഇൻഷുറൻസ്, കർഷകരുടെ കടം എഴുതിത്തള്ളൽ, പെൻഷൻ, 2020ലെ പ്രക്ഷോഭ സമയത്ത് കർഷകർക്ക് നേരെ ചുമത്തിയ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രക്ഷോഭകർ മുന്നോട്ടു വയ്ക്കുന്നു.

തിരഞ്ഞെടുപ്പ് വർഷം തലസ്ഥാനത്ത് ഇത്തരമൊരു പ്രക്ഷോഭം അരങ്ങേറുമ്പോൾ അതിന് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം എന്ന ബോധ്യം സർക്കാരിനുമുണ്ട്. അതിനാൽ സമരം അധികനാൾ നീളില്ല എന്ന് കരുതാം. അതേസമയം കർഷക സമരം അരങ്ങേറുന്നത് ഇന്ത്യയിൽ മാത്രമല്ല എന്നത് ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ഇറ്റലി, ബെൽജിയം, ഗ്രീസ്, തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും കർഷക പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. ഓരോ രാജ്യത്തെയും ആവശ്യങ്ങൾ വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപരമായി കർഷകക്ഷേമം എന്നതു തന്നെയാണ് എല്ലായിടത്തുമുള്ള പ്രതിസന്ധി.

* റഷ്യ-യുക്രൈൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പരാജയപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ഇലോൺ മസ്ക്. യുക്രെയ്‌ന് വേണ്ടിയുള്ള യുഎസിന്റെ ആയുധ വിതരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്ന്‍ ഫണ്ടിങ് ബില്ലുമായി ബന്ധപ്പെട്ട് എക്സ് സ്പേസിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മസ്ക്.
യുക്രെയ്‌ന് വേണ്ടി ചെലവാക്കുന്ന പണം അവരെ സഹായിക്കാൻ പോകുന്നില്ല. യുദ്ധം നീളുന്നതും അവർക്കു സഹായകമാകില്ല.’’ മസ്ക് പറഞ്ഞു. യുക്രെയ്‌ന്റെ വിജയം ആഗ്രഹിക്കുന്നവർ കാൽപനിക ലോകത്താണെന്ന റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസന്റെ പ്രസ്താവനയെ ശരിവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം അവസാനിപ്പിക്കാൻ പുട്ടിനു മേൽ സമ്മർദമുണ്ടെന്നും യുക്രെയ്‌നിൽനിന്നു പിന്മാറിയാൽ ഒരുപക്ഷേ പുട്ടിൻ വധിക്കപ്പെട്ടേക്കാമെന്നും മസ്ക് അഭിപ്രായപ്പെട്ടു. റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയപ്പോൾ രാജ്യത്തിന്റെ ആശയവിനിമയം നിർണായകമായതിനാൽ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം റഷ്യയ്ക്കു നൽകിയതിനെ കുറിച്ചും റഷ്യയുടെ ബഹിരാകാശ വിക്ഷേപണ മേഖലയിലെ സ്പേസ് എക്സിന്റെ പങ്കാളിത്തം അവസാനിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

* പാക്കിസ്ഥാനിൽ ഈയിടെ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണം ശക്തമായിരിക്കെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയെ തോൽപിക്കാനായി ക്രമക്കേടിലൂടെ തന്നെ ജയിപ്പിച്ചതായി ആരോപിച്ച് പ്രവിശ്യാ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടയാൾ രാജിവച്ചു. കറാച്ചി 129 പ്രവിശ്യാ സീറ്റിൽ 26,000 വോട്ടിന് ജയിച്ച ജമാഅത്തെ ഇസ്‍ലാമിയുടെ ഹാഫിസ് നയീമുർ റഹ്മാനാണ് അസംബ്ലി അംഗത്വം ഉപേക്ഷിച്ചത്. ആരോപണം അധികൃതർ നിഷേധിച്ചെങ്കിലും അവരെ പ്രതിരോധത്തിലാക്കുന്നതാണിത്. പിടിഐ സ്ഥാനാർഥിക്കു ലഭിച്ച 31,000 വോട്ട് 11,000 ആയി കുറച്ചാണ് തന്നെ വിജയിയായി പ്രഖ്യാപിച്ചതെന്ന് റഹ്മാൻ പറയുന്നു.

ഇമ്രാന്റെ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) പാർട്ടിയെ അധികാരത്തിൽ നിന്നകറ്റി നിർത്താൻ അധികൃതർ എല്ലാ കളികളും കളിച്ചതായി ആരോപണമുണ്ട്. ഇമ്രാനെയും പ്രധാന നേതാക്കളെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും പാർട്ടിയെ നിരോധിക്കുകയും ചിഹ്നം പിൻവലിക്കുകയും ചെയ്തിട്ടും പിടിഐ പിന്തുണയുള്ള സ്വതന്ത്രർ ദേശീയ അസംബ്ലിയിൽ 101 സീറ്റുമായി ഒന്നാമതെത്തുകയും ഖൈബർ പഖ്തൂൺക്വ പ്രവിശ്യാ അസംബ്ലിയിൽ തനിച്ചു ഭൂരിപക്ഷം നേടുകയും ചെയ്തത് എതിരാളികളെ അമ്പരപ്പിച്ചിരുന്നു. പിടിഐക്ക് അനുകൂലമായ ജനവിധി തട്ടിയെടുത്താണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ പിഎംഎൽ–എൻ അധ്യക്ഷൻ ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി സഖ്യ സർക്കാരിന് ശ്രമിക്കുന്നതെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു.

* അർബുദ ചികിത്സാരംഗത്ത് വൻമുന്നേറ്റത്തിനൊരുങ്ങി റഷ്യ. അർബുദ ചികിത്സയ്ക്കായുള്ള ‌വാക്സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ് റഷ്യൻ ശാസ്ത്രജ്ഞരെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പറഞ്ഞു.
എന്നാൽ, ഏതുതരം അർബുദത്തെ ചികിത്സിക്കാനായുള്ള വാക്സിനാണ് ലബോറട്ടറിയിൽ ഒരുങ്ങുന്നതെന്ന് പുട്ടിൻ വ്യക്തമാക്കിയിട്ടില്ല. അർബുദ പ്രതിരോധ വാക്സിന്റെയും ഇമ്യുണോമോഡുലേറ്ററി മരുന്നുകളുടെയും നിർമാണത്തിന്റെ അവസാനഘട്ടത്തിൽ റഷ്യ എത്തിക്കഴിഞ്ഞു

നിലവിൽ വിവിധ രാജ്യങ്ങളും മരുന്നുകമ്പനികളും അർബുദത്തെ പ്രതിരോധിക്കാനുള്ള വാക്സിൻ നിർമാണ പരീക്ഷണങ്ങളിലേർപ്പെട്ടിട്ടുണ്ട്. വ്യക്തിഗത ചികിത്സകൾ ലഭ്യമാക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിനായി ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബയോഎൻടെക്കുമായി യുകെ സർക്കാർ കഴിഞ്ഞ വർഷം കരാറിൽ ഒപ്പുവെച്ചിരുന്നു. 2030 ആകുന്നതോടെ പതിനായിരം രോഗികളിലേക്ക് എത്താനാകുമെന്നാണ് യുകെയുടെ കണക്കുകൂട്ടൽ.

* റഷ്യൻ പ്രതിപക്ഷനേതാവും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ നിരന്തര വിമർശകനുമായ അലക്സി നവൽനി(48) അന്തരിച്ചു. 19 വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. ആർക്ടിക് പ്രിസൺ കോളനിയിലായിരുന്നു ജയിൽ വാസം. നടക്കുമ്പോൾ പെട്ടെന്നു ബോധരഹിതനായി വീഴുകയായിരുന്നുവെന്നും മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും ജയിൽ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
1976 ജൂൺ 4ന് ജനിച്ച നവൽനി റഷ്യൻ പ്രതിപക്ഷത്തിന്റെ കരുത്തനായ നേതാവും പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ മുഖ്യ രാഷ്‌ട്രീയ പ്രതിയോഗിയുമാണ്. 2021 ഫെബ്രുവരിയിൽ അറസ്റ്റിലായ അദ്ദേഹം വിവിധ കേസുകളുടെ പേരിൽ, മോസ്കോയിൽനിന്ന് 235 കിലോമീറ്റർ അകലെ മെലെഖോവിൽ തടവിൽ കഴിയുകയാണ്. അഴിമതിവിരുദ്ധപോരാട്ടത്തിലൂടെ റഷ്യയിൽ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിച്ച അദ്ദേഹത്തെ ‘പുട്ടിൻ ഏറ്റവും ഭയക്കുന്ന ആൾ’ എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചത്.

* ക്വാഡ്: ബില്ലിന് യുഎസ് സഭയുടെ അംഗീകാരം. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തുന്ന ക്വാഡ് ബില്ലിന് യുഎസ് ജനപ്രതിനിധി സഭ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം നൽകി.

ആരോഗ്യം, സൈബർ സുരക്ഷ, കാലാവസ്ഥ, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണത്തിനായി രൂപീകരിച്ച ചതുർരാഷ്ട്ര സഖ്യമാണ് ക്വാഡ്. ഇതിനായി 24 അംഗങ്ങളിൽ കൂടാതെയുള്ള പാർലമെന്ററി വർക്കിങ് ഗ്രൂപ്പിന് രൂപം നൽകാനും യുഎസ് സർക്കാരിന് ജനപ്രതിനിധി സഭ നിർദേശം നൽകി. 39ന് എതിരെ 379 വോട്ടിനാണ് ബിൽ പാസാക്കിയത്. ഈ മേഖലകളിലെ ചൈനയുടെ മേധാവിത്വം തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്വാഡ് സഖ്യത്തിന് രൂപം നൽകിയിട്ടുള്ളത്.

RELATED ARTICLES

Most Popular

Recent Comments