Saturday, July 27, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

*അലക്സി നവൽനിയുടെ മരണം. റഷ്യയിൽ കടുത്ത പ്രക്ഷോഭം. കഴിഞ്ഞ ആഴ്ച മരണപ്പെട്ട വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശകനായ അലക്സി നവൽനിയുടെ മരണത്തിന്റെ കുറ്റവാളികൾ റഷ്യൻ പ്രസിഡന്റ്‌ വ്ലാഡിമിർ പുട്ടിനും കൂട്ടരുമാണെന്ന് നവൽനിയുടെ ഭാര്യ യൂലിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നവൽനിയുടെ മരണാനന്തര ചടങ്ങുകൾ നടത്തുമെന്ന് പ്രഖ്യാപിച്ച റഷ്യൻ ഓർത്തഡോക്സ് ചർച്ചിലെ വൈദികനെ അറസ്റ്റ് ചെയ്തു. എങ്കിലും നവൽനിക്ക് ആദരവർപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. ഫെബ്രുവരി 17ന് യമോല നെനറ്റ്സ് പ്രവിശ്യയിലെ ജയിലിൽ പ്രഭാത സവാരിക്ക് പിന്നാലെ കുഴഞ്ഞുവീണ നവൽനി ഉച്ചയോടെ മരിച്ചതായാണ് ഔദ്യോഗിക വിശദീകരണം. നവൽനിയുടേത് കൊലപാതകമാണെന്നും പിന്നിൽ പുട്ടിൻ ആണെന്നും ഉള്ള കാര്യത്തിൽ ഒരു സംശയവുമില്ലെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
നവൽനിയുടെ മൃതദേഹം വിട്ടുക്കിട്ടാനായി നവൽനിയുടെ മാതാവ് ലുഡ്മിലയുടെ ദിവസങ്ങളായുള്ള ശ്രമത്തിന്റെ ഫലമായി ഇന്നലെ അദ്ദേഹത്തിന്റെ മൃതദേഹം വിട്ടുനൽകി.

* യുദ്ധത്തിൽ പരിക്കേറ്റവർക്കും ഇസ്രായേൽ ആക്രമണം ഭയന്ന് പലായനം ചെയ്യുന്നവർക്കും അഭയ കേന്ദ്രമായിരുന്ന തെക്കൻ ഗാസയിലെ ശേഷിച്ചിരുന്ന ഏറ്റവും വലിയ ആശുപത്രിയും പൂട്ടി. ഖാൻ യൂനീസിൽ ഇസ്രായേൽ സേന കയ്യേറിയ നാസർ ആശുപത്രിയാണ് പ്രവർത്തനം നിർത്തിയത്. ആശുപത്രിയിൽ ശേഷിക്കുന്നവർക്കു ചികിത്സ ലഭ്യമാക്കാൻ ഇനി 25 ജീവനക്കാർ മാത്രമാണുളളതെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേൽ വളഞ്ഞ അൽ അമൽ ആശുപത്രിയിലും സമാനമായ അവസ്ഥയാണ്. ഇതേസമയം ഗാസയിൽ വെടിനിർത്തലിനുള്ള സാധ്യതയും പ്രതീക്ഷയും വീണ്ടും ഉണരുന്നു. ഈജിപ്ത്, യുഎസ്, ഖത്തർ എന്നീ രാജ്യങ്ങൾ മുൻകൈയെടുത്തു നടത്തുന്ന സമാധാന ചർച്ചയിൽ ഹമാസിന്റെ ഉന്നത നേതാവ് ഇസ്മായിൽ ഹനിയ തന്നെ പങ്കാളിയായി. ഈജിപ്തിന്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ അബ്ബാസ് കമാലുമായി ഹനിയ കൂടിക്കാഴ്ച നടത്തി നിർദേശങ്ങളുമായി മടങ്ങി. ഇസ്രയേൽ തടവിലാക്കിയ മുഴുവൻ പലസ്തീൻകാരെയും മോചിപ്പിക്കണമെന്നും സൈനികനടപടി നിർത്തണമെന്നുമാണ് ഹമാസ് ആവശ്യപ്പെടുന്നത്. പകരം ഹമാസ് ബന്ദിയാക്കിയവരിൽ ബാക്കിയുള്ള നൂറോളം പേരെ വിട്ടയയ്ക്കുമെന്നതാണ് പ്രധാന ധാരണ.
യുദ്ധാനന്തര പലസ്തീൻ സംബന്ധിച്ച ഇസ്രയേലിന്റെ നയരേഖ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു മന്ത്രിസഭായോഗത്തിൽ അവതരിപ്പിച്ചു. ജോർദാനു പടിഞ്ഞാറ് ഗാസയും വെസ്റ്റ് ബാങ്കും ഉൾപ്പെടെയുള്ള പ്രദേശം ഇസ്രയേലിന്റെ സുരക്ഷയിലായിരിക്കുമെന്നാണ് ഇതിൽ പറയുന്നത്. പലസ്തീൻകാർക്കു പ്രാതിനിധ്യമുള്ള ഭരണം അനുവദിക്കും. എന്നാൽ, ഹമാസിനോ പലസ്തീൻ അതോറിറ്റിക്കോ പങ്കുണ്ടാവില്ല. യുഎസിന്റെ നിലപാടിനു വിരുദ്ധമാണിത്.

* രാജ്യത്തെ എല്ലാ സ്കൂളുകളിലും മൊബൈൽ ഫോൺ നിരോധിക്കാനൊരുങ്ങി യുകെ. വിദ്യാർഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് തീരുമാനം. ക്ലാസ് മുറികളിൽ വിദ്യാര്‍ഥികൾ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനും പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്നു സർക്കാർ അറിയിച്ചു. ‘സ്കൂളുകൾ കുട്ടികൾക്കു പഠിക്കാനുള്ള സ്ഥലമാണ്. മൊബൈൽ ഫോണുകൾ കാരണം ക്ലാസ് മുറിയിൽ അനാവശ്യമായ അശ്രദ്ധയാണ് കുട്ടികൾക്കുണ്ടാകുന്നത്. കഠിനാധ്വാനികളായ അധ്യാപകർ അവർ ഏറ്റവും നന്നായി ചെയ്യുന്നത് ചെയ്യാൻ അവരെ അനുവദിക്കുക, പഠിപ്പിക്കുക’’– വിദ്യാഭ്യാസ സെക്രട്ടറി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. രാജ്യത്തുടനീളം എല്ലാ ക്ലാസ് മുറികളിലും ഈ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശവും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
നിയമങ്ങൾ ലംഘിക്കുന്ന വിദ്യാർഥികളെ തടങ്കലി‍ൽ വയ്ക്കുകയോ ഫോൺ കണ്ടുകെട്ടുകയോ ചെയ്യാം. മൊബൈൽ ഫോണുകൾ ഒഴിവാക്കുന്നതു കുട്ടികളെയും യുവാക്കളെയും കൂടുതൽ സമയം സജീവമാക്കാനും സമപ്രായക്കാരുമായി മുഖാമുഖം ഇടപഴകാനും സഹായിക്കും. ഇത് അവരുടെ മാനസികാരോഗ്യത്തെ സഹായിക്കുമെന്നു വിശ്വസിക്കുന്നതായും സർക്കാർ പറയുന്നു.

* ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ സഖ്യ സർക്കാരുണ്ടാക്കാൻ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസും (പിഎംഎൽഎൻ) ധാരണയായി. പിഎംഎൽഎൻ പ്രസിഡന്റ്‌ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ വർത്താ സമ്മേളനത്തിൽ പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ പ്രഖ്യാപിച്ചു. പിപിപി കോ ചെയർമാൻ ആസിഫ് അലി സർദാരി പ്രസിഡന്റാവും.
പാക്കിസ്ഥാനിൽ പുതിയ സർക്കാരുണ്ടാക്കാനുള്ള നവാസ് ഷരീഫിന്റെയും ബിലാവൽ ഭൂട്ടോയുടെയും ചർച്ച കഴിഞ്ഞ ദിവസം പൊളിഞ്ഞിരുന്നു.

* ചെങ്കടലിലെ വാണിജ്യകപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം. ആക്രമണത്തെ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. കഴിഞ്ഞ നവംബർ മുതൽ ചെങ്കടലിലെ കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം അഴിച്ചു വിടാറുണ്ടെങ്കിലും ഇതാദ്യമായാണ് ആക്രമണത്തെ തുടർന്ന് കപ്പൽ ഒഴിപ്പിക്കേണ്ടിവരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന വരെ സുരക്ഷിതരായി ഏറ്റവും അടുത്ത തുറമുഖത്തെത്തിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റൂബിമർ എന്ന കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായത്. കപ്പലിന്റെ എൻജിൻ റൂമും മുൻവശവും ആക്രമണത്തിൽ തകർന്നിരുന്നു. ആർക്കും പരിക്കേറ്റതായി വിവരമില്ല.
ഇസ്രയേൽ പാലസ്തീൻ പശ്ചാത്തലത്തിൽ പാലസ്തീന് നീതി ആവശ്യപ്പെട്ടുകൊണ്ട് നവംബർ മുതൽ ചെങ്കടലിൽ ഹൂതികൾ കപ്പലുകൾക്ക് നേരെ മിസൈൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഇസ്രായേൽസ്, യുഎസ്, യുകെ കപ്പലുകളാണ് ഹൂതികളുടെ ലക്ഷ്യം.

* കിം ജോങ്ങിനു പുട്ടിന്റെ വക കാർ സമ്മാനം. കഴിഞ്ഞ സെപ്റ്റംബറിൽ കിം റഷ്യ സന്ദർശിച്ചപ്പോൾ ഓറസ് സെനറ്റ് കമ്പനിയുടെ ലിമോസിൻ കാറിൽ കിമ്മിനെ കയറ്റി പുട്ടിൻ സഞ്ചരിച്ചിരുന്നു. അത് കിമ്മിന് ഇഷ്ടപ്പെട്ടതിനാലാണ് കാർ സമ്മാനമായി എത്തിച്ചത്. കിമ്മിന്റെ സഹോദരി കിം യോ ജോങ് ആണ് കാർ ഏറ്റുവാങ്ങിയത്.

* കമ്പ്യൂട്ടറുകളെ മനുഷ്യമസ്തിഷ്കവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ന്യൂറലിങ്ക് കമ്പനിയുടെ പരീക്ഷണത്തിൽ ശ്രദ്ധേയ മുന്നേറ്റം. തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച ഒരാൾക്ക് മനസ്സുകൊണ്ട് കമ്പ്യൂട്ടർ കഴ്സർ നിയന്ത്രിക്കാൻ സാധിച്ചെന്ന് ന്യൂറലിങ്ക് ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്ക് പറഞ്ഞു. ജനുവരിയിൽ റോബോട്ടിക്ക് ശസ്ത്രക്രിയ വഴിയാണ് തലയിൽ ചിപ്പ് ഘടിപ്പിച്ചത്. ഇദ്ദേഹം സുഖം പ്രാപിച്ചെന്നും മസ്ക് അറിയിച്ചു. ന്യൂറലിങ്കിന്റ 6 വർഷം നീളുന്ന ‘ടെലിപ്പതി’ പദ്ധതിയുടെ ആദ്യഘട്ടമാണ് ഇത്. തലമുടി നാരിനെക്കാൾ നേർത്ത 64 ഇംപ്ലാന്റുകൾ ചേർന്ന ചിപ്പാണ് സ്ഥാപിച്ചത്. തലച്ചോറിൽ നിന്നുമുള്ള സിഗ്നലുകൾ കമ്പ്യൂട്ടർ സർക്യൂട്ടുകൾ പിടിച്ചെടുക്കും. ചലനശേഷി നഷ്ടപ്പെട്ടവർക്കും ശാരീരിക അവശതകളുള്ളവർക്കും പദ്ധതി സഹായകമാകും.

* ടെസ്റ്റ്‌ ട്യൂബുകളിലെ ശീതീകരിച്ച അണ്ഡങ്ങളെ കുട്ടികളായി പരിഗണിക്കണമെന്ന് യുഎസിലെ അലബാമ സംസ്ഥാന സുപ്രീംകോടതി വിധിച്ചു. വന്ധ്യതാചികിത്സയെ കോടതിവിധി എങ്ങനെ ബാധിക്കുമെന്ന ആശയ കുഴപ്പം ഉയരുന്നതിനിടെ, ഗർഭചിദ്ര അവകാശം റദ്ദാക്കിയ യുഎസ് സുപ്രീംകോടതിവിധിക്ക് തുല്യമായ സാമൂഹിക പ്രശ്നങ്ങൾക്ക് ഈ വിധിയും ഇടയാക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി പ്രതികരിച്ചു. കഴിഞ്ഞവർഷം മുതൽ സമ്പൂർണ്ണ ഗർഭചിദ്ര നിരോധനം പ്രാബല്യത്തിലാക്കിയ സംസ്ഥാനമാണ് അലബാമ.♦

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

Most Popular

Recent Comments