Sunday, April 21, 2024
Homeഅമേരിക്ക'കുരിശിലെ മൊഴികൾ ' (കവിത) ✍മേരി അലക്സ് (മണിയ)

‘കുരിശിലെ മൊഴികൾ ‘ (കവിത) ✍മേരി അലക്സ് (മണിയ)

മേരി അലക്സ് (മണിയ)

കുരിശിന്റെ വഴികൾ പതിനാലെങ്കിലോ
കുരിശിലെ മൊഴികളതിൻ പാതിയാണ്.
ക്രൂരരാം പീഠകർ താഡിച്ചും ഭേദിച്ചും
കിരീടം മുള്ളിനാൽ
മെനഞ്ഞാശിരസ്സിലും
കുരിശൊന്നു തോളിലേറ്റിക്കൊടുത്തും
കാൽവരി മലമേലെത്തിച്ച
ക്രിസ്തുവോ
കാൽ വഴുതി വീണുപോയ്
മൂന്നിടത്തായ്
കുമ്പിട്ടു മുത്തുന്നാ
മൂന്നിടങ്ങളിന്നുമായിരം
ഇസ്രായേൽ യാത്രയിൽ
വിശ്വാസപൂർവം.
തരുവിനാൽ തീർത്തൊരാ ക്രൂശതിൽ
ഇരു കരങ്ങളും വിരിച്ചാ വെള്ളയിൽ,
ഇരുകാൽകൾ പിണച്ചതിൻ മേലും
കാരിരുമ്പാണികൾ മൂന്നു തറച്ചവർ
തരുവതു നാട്ടിയുയർത്തി ദയാലേശം
അർദ്ധനഗ്നനായതിൽ യേശു പാവം!
ക്രൂശിൽക്കിടന്നവൻ ചൊന്നതാം
മൊഴികളോരൊന്നും ഇന്നിതായെൻ
അറിവിന്നനുസൃതം ഞാൻ പങ്കിടുന്നു
ആദ്യമൊഴിയായിട്ടവൻ ചൊന്നതോ
അവർക്കായ് പിതാവാം ദൈവത്തൊട്,
“ഇവർ ചെയ്
വതെന്തെന്നറിയായ്കയാൽ
ഇവരോട് ക്ഷമിക്കേണമേ”എന്നത്രേ
ഇവരെന്നാലവനെ ക്രൂശിലേറ്റിയവർ.
ഇനിയുള്ളതാകട്ടെ വലത്തെ കള്ളനായ്
“ഇന്നു നീ എന്നോടുകൂടി
പറുദീസയിലാകും,”
ഇടത്തെ കള്ളനോ
അനുതപിക്കായ്കിൽ
അവനെ കൈക്കൊണ്ടതില്ല താനും.
അടുത്തതോ
“ഇതാ നിന്റെ മകനെന്നു
അമ്മക്കൊരു മകനേയും,ഇതാ
നിന്റ അമ്മയെന്നരുമശിഷ്യനാം
യോഹന്നാനും”
ഏൽപ്പിക്കുന്നതാം കരുതലിൻ
മൊഴിയും
എന്റെ ദൈവമേ!എന്റെ ദൈവമേ!
എന്നെ നീ കൈവിട്ടതെന്തെന്നർത്ഥമാം
“ഏലോഹി ഏലോഹി ശബക്താനി
എന്നതാം നാലാം മൊഴിയിലൂടവൻ
എന്തുകൊണ്ടെന്ന ചോദ്യം
പിതാവിനോടും
“എനിക്കു ദാഹിക്കുന്നു”എന്നു
പടയാളികളോടും ചൊല്ലി.
എന്നാലവനവർ പുളിവീഞ്ഞ്
നൽകിയല്ലോ !
അഞ്ചാം മൊഴിയിൽ മനുഷ്യസഹജമാം
അനുഭൂതികളവനിൽ വിശപ്പും
ദാഹവും,
അത്ഭുതങ്ങൾ പ്രവർത്തിപ്പോനെങ്കിലും
അവനിലെ ദൈവത്വം,മനുഷ്യത്വവും
സമാസമ സമ്മേളനം പ്രകടമാക്കിടുന്നു
“സകലവും നിവർത്തിയായി” എന്നതോ
സർവലോകത്തോടും വിജയ
പ്രഖ്യാപനം
സർവരും ഭൂമിയിൽ പിറക്കുന്നതെന്തിന്
എന്നറിയുവാനീ ആറാം മൊഴി
തന്നുവല്ലോ
ഏഴാം മൊഴിയായ്
“പിതാവേ തൃക്കരങ്ങളിൽ
എന്റെ ആത്മാവിനെ ഞാൻ ഞാൻ
ഭരമേൽപ്പിക്കുന്നു ” ഏകപിതാവാം
ത്രീത്വത്തിൽ ചേർന്നിടാൻ.
നമുക്ക് ലഭ്യമായങ്ങനെ ഏഴു മൊഴികൾ
നല്ലൊരു വെള്ളിയാഴ്ചയാമിന്നത്
നന്നായ് മനസ്സിൽ ഉൾക്കൊള്ളുകിൽ
നാമും നിത്യതയിൽ ചേർന്നിടുവാൻ
നമുക്കും കൈവന്നിടും ഭാഗ്യമതറിയു
നാൾ തോറും അതിനായ് ശ്രമിച്ചീടണം
നന്മതിന്മകൾ തിരിച്ചറിഞ്ഞു ജീവിതം
നയിക്കുകിൽ ലഭ്യമത് സുനിശ്ചയം.

മേരി അലക്സ് (മണിയ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments