Saturday, December 7, 2024
Homeകേരളംലോകസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ പ്രധാന അറിയിപ്പുകള്‍ ( 30/03/2024 )

ലോകസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ടയിലെ പ്രധാന അറിയിപ്പുകള്‍ ( 30/03/2024 )

പത്തനംതിട്ട ലോക്‌സഭാ മണ്ഡലം: ആദ്യനാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്ക് പത്തനംതിട്ടയില്‍ ആദ്യ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ശനിയാഴ്ച (30) രാവിലെ 11 ന് കളക്ടറേറ്റില്‍ എത്തി ജില്ലാ വരണാധികാരിയായ കളക്ടര്‍ എസ് പ്രേം കൃഷ്ണന് മുമ്പാകെയാണ് മൂന്നു സെറ്റ് പത്രിക സമര്‍പ്പിച്ചത്.

തുടര്‍ന്ന് കളക്ടറുടെ മുന്നില്‍ സത്യപ്രസ്താവനയും നടത്തി. കെട്ടിവയ്ക്കാനുള്ള 25,000 രൂപ പണമായി നല്‍കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ അഡ്വ. മാത്യു ടി. തോമസ്, അഡ്വ. പ്രമോദ് നാരായണ്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പം എത്തിയിരുന്നു.

പരിശോധനകള്‍ കര്‍ശനമാക്കണം :ചെലവ് വിഭാഗം നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണ ഐആര്‍എസ്

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ സ്‌ക്വാഡുകള്‍ നടത്തുന്ന പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് ചെലവ് വിഭാഗം നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണ ഐആര്‍എസ് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. പൊതുജനങ്ങളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണമെന്നും അദേഹം പറഞ്ഞു.

പൊതുവേ സമാധാനപരമായ അന്തരീക്ഷമാണ് ജില്ലയില്‍ നിലവിലുള്ളത്. എങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ല. ഫ്‌ളയിങ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും ജാഗ്രത പുലര്‍ത്തണം. പെരുമാറ്റചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജില്‍ ആപ്ലിക്കേഷന്‍ മുഖേനയോ നിരീക്ഷനെ നേരിട്ടോ വിവരം അറിയിക്കാം.

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ എക്‌സ്‌പെന്‍ഡിച്ചര്‍ പരിശോധന വിഭാഗം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പരിശോധനകളുടെ ഫോട്ടോ, വീഡിയോ റെക്കോര്‍ഡുകള്‍ കൃത്യമായി സൂക്ഷിക്കണം. പത്ര, ദൃശ്യ, നവ മാധ്യമങ്ങളിലെ പെയ്ഡ് വാര്‍ത്തകളും തെരഞ്ഞെടുപ്പ് വിഷയങ്ങളും മാധ്യമവിഭാഗം പ്രത്യേകം നിരീക്ഷിക്കണമെന്നും അദേഹം പറഞ്ഞു.

സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ഡ്യൂട്ടി സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരിക്കണമെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ മികച്ച രീതിയിലാണെന്നും അദേഹം പറഞ്ഞു.

യാഗത്തില്‍ ജില്ലാ പോലീസ് മേധാവി വി. അജിത്ത്, സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രകുറുപ്പ്, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ കെ. അനില്‍കുമാര്‍, ജില്ലാ ലോ ഓഫീസര്‍ കെ. സോണിഷ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സത്യവാങ്മൂലം ആര്‍ക്കും പരിശോധിക്കാം: ജില്ലാ കളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലവും മറ്റ് അനുബന്ധ വിവരങ്ങളും ജനങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാണെന്ന് ജില്ലാ കളക്ടറും വരണാധികാരിയുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു.

അഫിഡവിറ്റ് പോര്‍ട്ടല്‍ മുഖേനയാണ് പൊതുജനങ്ങള്‍ക്കായുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷം ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ പോര്‍ട്ടലില്‍ ഡാറ്റ അപ്ലോഡ് ചെയ്യും. ഇതോടെ ഫോട്ടോയും സത്യവാങ്മൂലവും അടങ്ങിയ സമ്പൂര്‍ണ്ണ കാന്‍ഡിഡേറ്റ് പ്രൊഫൈല്‍ പോര്‍ട്ടലില്‍ ദൃശ്യമാകും. ജനങ്ങള്‍ക്ക് https://affidavit.eci.gov.in/ എന്ന വെബ്സൈറ്റിലൂടെ ഈ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഹരിതചട്ടം പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടിലും കൈപുസ്തകവും നല്‍കി

ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ ഹരിതചട്ടത്തിന്റെ ഭാഗമായി പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടില്‍ നല്‍കി ജില്ലാ കളക്ടര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യ പത്രിക സമര്‍പ്പിച്ച ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഡോ. ടി എം തോമസ് ഐസക്കിനാണ് തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ബോട്ടില്‍ നല്‍കിയത്.

ഹരിതതെരഞ്ഞെടുപ്പിനെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികള്‍ക്ക് സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ നല്‍കുന്നത്. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികള്‍ അറിഞ്ഞിരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകവും പത്രിക സമര്‍പ്പണത്തിനുശേഷം നല്‍കും.

മാര്‍ച്ച് 31 ഏപ്രില്‍ 1 പത്രിക സമര്‍പ്പണം ഇല്ല

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം പൊതു അവധി ദിനങ്ങളായ (മാര്‍ച്ച് 31) നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരമുള്ള അവധിയായ (ഏപ്രില്‍ 1) പത്രിക സ്വീകരിക്കില്ല.

സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് പത്രികാ സമര്‍പ്പണത്തിനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിക്കാണ് നല്‍കേണ്ടത്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന്. പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ട്.

നീക്കം ചെയ്ത സ്ഥാനത്ത് പോസ്റ്ററുകള്‍ പതിക്കരുത്; ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ നിയമസഭാ നിയോജക മണ്ഡങ്ങളില്‍ പോസ്റ്ററുകള്‍/ പരസ്യം/ ചുമരെഴുത്ത് എന്നിവ നീക്കം ചെയ്ത സ്ഥാനത്ത് വീണ്ടും പതിക്കുന്നതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് .

ഒരു സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച തീയതി മുതല്‍ തെരഞ്ഞെടുപ്പു ചെലവുകള്‍ നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിറ്റി, എഫ്എസ്, എസ്എസ്റ്റി, എഡിഎസ് തുടങ്ങിയ ടീമുകളെ ചുമതലപ്പെടുത്തിയിരിക്കുന്നതിനാല്‍ പൊതുയിടങ്ങളില്‍ പതിക്കുന്ന/എഴുതുന്ന/ചുമരെഴുത്തുകള്‍ /തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ എന്നിവ ഈ ടീമുകള്‍ നീക്കം ചെയ്യും. ഇതിന്റെ ചെലവ് അതാത് സ്ഥാനാര്‍ഥികളുടെ ചിലവില്‍ ഉള്‍പ്പെടുത്തും.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ വിദ്യാലയ ഗ്രൗണ്ടുകളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാകണം. സ്‌കൂള്‍ കോളേജുകളിലെ അക്കാദമിക്ക് കലണ്ടറനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലും തടസമാകരുത്.

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷനില്‍ നിന്നും, വിദ്യാലയങ്ങളുടെ മാനേജ്മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ആദ്യമെത്തുന്ന അപേക്ഷകര്‍ എന്ന മാനദണ്ഡം അനുസരിച്ച് അനുമതി നല്‍കാം. സ്ഥിരമായി ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമായി ഗ്രൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ പാടില്ല. ഉപയോഗശേഷം കേടുപാടുകള്‍ കൂടാതെയാണ് ഗ്രൗണ്ട് തിരികെ കൈമാറേണ്ടത്. അല്ലാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാര തുക അതത് രാഷ്ട്രീയ കക്ഷികള്‍ ഒടുക്കുവരുത്തണം.മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന് ജില്ലാതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

പെയ്ഡ് ന്യൂസിനെതിരെ നടപടിയെടുക്കും: ജില്ലാ കളക്ടര്‍

ലോക സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം/പ്രക്ഷേപണം നടത്തുകയോ ചെയ്യരുതെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഇതിനായി പ്രത്യേക മാധ്യമ നിരീക്ഷണ സംവിധാനം ജില്ല തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരത്തില്‍ കണ്ടെത്തുന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ പെയ്ഡ് ന്യൂസുകള്‍ കണക്കിലെടുക്കും. മാധ്യമ നിരീക്ഷണ സമിതി കണ്ടെത്തുന്ന പെയ്ഡ് ന്യൂസുകളില്‍ റിട്ടേണിംഗ് ഓഫീസര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ 96 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയില്‍ നിന്ന് വിശദീകരണം തേടുകയോ അവരുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യും. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥിയോ പാര്‍ട്ടിയോ വിശദീകരണം നല്‍കണം.

ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെയോ ഒരു പാര്‍ട്ടിയെയോ പ്രശംസിക്കുന്ന വാര്‍ത്താ ലേഖനങ്ങള്‍/റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന സമാനമായ വാര്‍ത്താ ലേഖനങ്ങള്‍/ റിപ്പോര്‍ട്ടുകള്‍ പെയ്ഡ് ന്യൂസായി പരിഗണിക്കപ്പെടും. വ്യത്യസ്ത ലേഖകരുടെ പേരില്‍ വിവിധ പത്രങ്ങളിലും മാസികകളിലും അടുത്തടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഒരേതരത്തിലുള്ള ലേഖനങ്ങളും ഇതില്‍ പരിഗണിക്കപ്പെടും.

പണമടച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ശരിയായ അഭിപ്രായങ്ങള്‍ രൂപീകരിക്കാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ അവസരം മാര്‍ച്ച് 25 വരെ അപേക്ഷിച്ചവര്‍ക്ക്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമുള്ളത് മാര്‍ച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചവര്‍ക്കാണെന്ന് തെരഞ്ഞെടുപ്പു വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഈ അപേക്ഷകളില്‍ ഉദ്യോഗസ്ഥ തല പരിശോധന നടത്തി അര്‍ഹരായവരെ ഉള്‍പെടുത്തി ഏപ്രില്‍ നാലിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.പുതുതായി പേര് ചേര്‍ത്തവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം.

ഏപ്രില്‍ നാലുവരെ അപേക്ഷിക്കുന്നവര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടാകുമെന്ന തെറ്റായ സന്ദേശം വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം തെറ്റായ പ്രചാരണങ്ങളാല്‍ വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അറിയിപ്പ് നല്‍കുന്നതെന്നു കളക്ടര്‍ അറിയിച്ചു.

ഇലക്ഷന്‍ കമ്മീഷന്‍ പാസ് നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ വോട്ടിന് അവസരം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിന് ഇലക്ഷന്‍ കമ്മീഷന്‍ പാസ് നല്‍കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ വോട്ടിന് അവസരം ഉണ്ടായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ദിവസം ജോലി ചെയ്യുന്ന പിആര്‍ഡിയുടെ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അവസരം നല്‍കുന്നതിന് പുറമേയാണിത്. ഇത് സംബന്ധിച്ച് പിആര്‍ഡി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. അവശ്യസര്‍വീസ് വിഭാഗത്തില്‍ പെടുന്നവര്‍ പോസ്റ്റല്‍ വോട്ട് ചെയ്യുന്ന രീതിയില്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാനാവുക.

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ മാര്‍ച്ച് 31 ന് 

പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ റാന്റമൈസേഷന്‍ മാര്‍ച്ച് 31 ന് രാവിലെ 11ന് കളക്ടറേറ്റില്‍ നടക്കും. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാര്‍ക്കുള്ള പോസ്റ്റിംഗ് ഓര്‍ഡര്‍ ഓണ്‍ലൈനായി ഇന്നു മുതല്‍ സ്ഥാപനമേധാവികള്‍ക്ക് ലഭ്യമാകും.

പോസ്റ്റിംഗ് ഓര്‍ഡര്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയര്‍ മുഖേന ഡൗണ്‍ലോഡ് ചെയ്ത് ഉടന്‍ തന്നെ അതത് ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികള്‍ ഓര്‍ഡര്‍ സോഫ്‌റ്റ്വെയറില്‍ അപ്ഡേറ്റ് ചെയ്യണം.

പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്ക് ഏപ്രില്‍ രണ്ടു മുതല്‍ നാലുവരെ വിവിധ സെന്ററുകളില്‍ പരിശീലനം നല്‍കും. ജോലി ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പരിശീലന ക്ലാസുകളിലാണ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടത്. പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ പരിശീലന ക്ലാസില്‍ നല്‍കും. ക്ലാസിനെത്തുന്ന ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും കൊണ്ടുവരണം.

പരിശീലന ക്ലാസുകള്‍ നടക്കുന്ന സ്ഥാപന വിവരങ്ങള്‍

തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്

റാന്നി: സെന്റ് തോമസ് കോളജ് റാന്നി ആറന്മുള: കാതലിക്കേറ്റ് കോളജ് പത്തനംതിട്ട

കോന്നി: എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി

അടൂര്‍ : അടൂര്‍ ബിഎഡ് സെന്റര്‍, അടൂര്‍ ബോയ്സ് ഹൈസ്‌കൂള്‍

പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കാം

രണ്ടും മൂന്നും പോളിംഗ് ഓഫീസര്‍മാര്‍ ഏപ്രില്‍ രണ്ടു മുതല്‍ നാലുവരെ രാവിലെ അവര്‍ ജോലി ചെയുന്ന അസംബ്ലി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചുവടെ പറയുന്ന സ്ഥാപനങ്ങളിലെത്തി പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ നല്‍കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വോട്ട് ചെയ്യുന്ന അസംബ്ലി മണ്ഡലത്തിലെ പോളിംഗ് ബൂത്ത് നമ്പര്‍, ക്രമനമ്പര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ കൊണ്ടുവരണം. ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ പോസ്റ്റിങ് ഓര്‍ഡറിനൊപ്പം അയച്ചിട്ടുണ്ട്.

സ്ഥാപന വിവരങ്ങള്‍

തിരുവല്ല: തിരുവല്ല സെന്റ് മേരീസ് വിമന്‍സ് കോളജ്

റാന്നി: സെന്റ് തോമസ് കോളജ് റാന്നി

ആറന്മുള: കാതലിക്കേറ്റ് കോളജ് പത്തനംതിട്ട

കോന്നി: എസ് എന്‍ പബ്ലിക് സ്‌കൂള്‍ കോന്നി

അടൂര്‍ : അടൂര്‍ ബിഎഡ് സെന്റര്‍, അടൂര്‍ ബോയ്സ് ഹൈസ്‌കൂള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments