Friday, December 27, 2024
Homeഅമേരിക്കഫാമിലി & യൂത്ത് കോൺഫറൻസിൽ ഹൃദ്യമായ ആരാധനാ സംഗീതവുമായി ഗായക സംഘം സജ്ജമായി.

ഫാമിലി & യൂത്ത് കോൺഫറൻസിൽ ഹൃദ്യമായ ആരാധനാ സംഗീതവുമായി ഗായക സംഘം സജ്ജമായി.

-ഉമ്മൻ കാപ്പിൽ

ജൂലൈ രണ്ടാം വാരം നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൽ ഒരു മികച്ച ആത്മീയ അനുഭവം പകർന്നു നൽകുന്നതിനായി കോൺഫറൻസ് ഗായകസംഘം സജ്ജമായി.

വിശ്വാസികളുടെ പങ്കാളിത്തം ഓർത്തഡോക്സ് ആരാധനയുടെ മുഖമുദ്രയാണ്. പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവും പ്രചോദനവും നൽകുവാൻ ഗായകസംഘത്തിന്റെ നേതൃത്വം സഹായകരമാവും. ഒരു ഗായകസംഘം നൽകുന്ന സംഗീതത്തിൻ്റെ ശക്തി, ആരാധനയ്ക്കും പ്രബോധനത്തിനുമുള്ള ഒരു സുപ്രധാന ഉപകരണമായി മാറും.

സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, സഫേൺ, ന്യൂയോർക്ക്, സെൻ്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച്, ഓറഞ്ച്ബർഗ്, ന്യൂയോർക്ക് എന്നീ ഇടവകകളിലെ അംഗങ്ങൾ അടങ്ങുന്ന ഒരു സംഘം ഫാ. ഡോ. രാജു വർഗീസ് (വികാരി, സെൻ്റ് മേരീസ്, സഫേൺ), ബെറ്റി സക്കറിയ (ക്വയർ മാസ്റ്റർ) എന്നിവരുടെ നേതൃത്വത്തിൽ തയ്യാറെടുക്കുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സുറിയാനി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കാനാണ് ഈ മുപ്പതംഗ സംഘം പദ്ധതിയിടുന്നത്.

2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

കുടുംബാരാധനയും ബന്ധങ്ങളും ശക്തിപ്പെടുന്നതിന് സമഗ്രമായ പരിപാടികളാണ് കോൺഫറൻസിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

-ഉമ്മൻ കാപ്പിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments