ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സംഗീതനിശക്കിടെ നൈറ്റ് ക്ലബിന്റെ മേൽക്കൂര തകർന്നു വീണ് 79 പേർ മരിച്ചു. മരിച്ചവരിൽ മുൻ ഫുട്ബോൾ താരം ഒക്ടാവിയോ ഡോട്ടലും ഉൾപ്പെടുന്നുണ്ട്. ദേശീയ നിയമസഭാംഗമായ ബ്രേ വർഗാസ് ഉൾപ്പെടെ 170ലധികം പേർക്ക് അപകടത്തിൽ പരുക്കുണ്ട്. നിരവധി പേർ മേൽക്കൂരാ വശിഷ്ടങ്ങൾക്ക് അടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
തലസ്ഥാന നഗരമായ സാന്റോ ഡോമിങ്ങോ യിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഒരു നിലയുള്ള ജെറ്റ് സെറ്റ് നിശാക്ലബ്ബിലാണ് അപകടം ഉണ്ടായത്.
സംഭവം നടക്കുമ്പോൾ പ്രമുഖ രാഷ്ട്രീയ പ്രവർത്തകർ, അത്ലറ്റുകൾ അടക്കം നിരവധി പേർ നൈറ്റ് ക്ലബ്ബിൽ ഉണ്ടായിരുന്നു.
അപകടം നടന്ന് 12 മണിക്കൂർ പിന്നിടുമ്പോഴും 400 ഓളം രക്ഷാപ്രവർത്തകർ ഇപ്പോഴും സംഭവസ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം.
മുൻ ഫുട്ബോൾ താരം ഡോട്ടലിനെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നുമാണ് കണ്ടെത്തിയത്. തുടർന്ന് രക്ഷാ പ്രവർത്തക ർ അദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മേൽക്കൂര തകർന്നുവീണ സമയത്ത് സംഗീത പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്ന മെറെൻഗ് ഗായകൻ റൂബി പെരെസിനെ രക്ഷപ്പെടുത്തിയതായി ബന്ധുക്കൾ ആദ്യം പറഞ്ഞിരുന്നു. എന്നാൽ ഇത് സത്യമല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.ഗായകനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് രക്ഷാപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.