നമ്മുടെ ബാല്യകാലത്തെ പല സംഭവങ്ങളും നമ്മുടെ ഓർമ്മയിൽ തങ്ങിനിൽക്കുന്നതും, ചിലത് ഓർത്തെടുക്കാൻ കഴിയുന്നതുമാണ്. ചെറുപ്പകാലത്തെ കൂട്ടുകാരുമായി സംസാരിക്കുമ്പോൾ അവരുമായി പങ്കുവെക്കുന്ന പലതും ഇന്നലെ എന്നവണ്ണം കഴിഞ്ഞതായി തോന്നാം. ഇങ്ങനെ ഓർത്തുവെയ്ക്ക്കാൻ കഴിവുള്ളവരായതു കൊണ്ടാണത്രേ നമുക്ക് മനുഷ്യൻ എന്ന പേരുവന്നത്.
പ്രപഞ്ചത്തിൽ ഒരു ജീവി മാത്രമായ മനുഷ്യൻ, ബുദ്ധിയും, മനസ്സും ഉള്ളതുകൊണ്ട്, മറ്റുള്ളവയിൽ നിന്ന് വേറിട്ട് നിൽക്കുന്നു. മനുഷ്യ ജന്മം ലഭിക്കുക എന്നത് ഭാഗ്യമാണത്രേ. ഈ ഭൂമിയിൽ ജീവിച്ച് മരിച്ചവരുടെ പുനർജന്മങ്ങൾ ആണ് നാമെല്ലാം. അതുകൊണ്ട് മുൻജന്മങ്ങളിൽ നമ്മുടെ ആത്മാവ് സമ്പാദിച്ചുകൂട്ടിയതെല്ലാം ആത്മാവിൽ നിക്ഷേപിച്ചിട്ടുണ്ട്. മുൻ ജന്മങ്ങളിലെ ജീവിതകാലത്തെ സാഹചര്യം കൊണ്ടും, പാരമ്പര്യം കൊണ്ടും, വ്യക്തിത്വം കൊണ്ടും നേടിയതെല്ലാം ഈജന്മത്തിലും കൂടെ ഉണ്ടാകും. ബുദ്ധി അതിലെ പ്രധാന ഘടകമാണ്.
മനസ്സ് നമ്മുടെ ശരീരത്തിൽ അല്ല പിന്നെയോ ബോധ ശക്തിയിലാണ്. അതുകൊണ്ട് മനസ്സിന് മരണവും ഇല്ല, ജനനവും ഇല്ല. കൂടിച്ചേരൽ മാത്രമേ ഉള്ളൂ. നമ്മുടെ മറ്റെല്ലാ അവയവങ്ങളും നമുക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ കഴിയും. എന്നാൽ മനസ്സിനെ കാണിച്ചുകൊടുക്കാൻ കഴിയുകയില്ല. ഓരോ മനസ്സും സ്വതന്ത്രമായി ചിന്തിക്കുന്നവരാണ്. മറ്റൊരു മനസ്സുമായി അതിനെ താരതമ്യം ചെയ്യാൻ കഴിയുകയില്ല. മറ്റൊരു മനസ്സിനെ നമ്മുടെ മനസ്സ് പോലെ ആക്കാനും കഴിയുകയില്ല.
എല്ലാപ്രശ്നങ്ങൾക്കും തുടക്കം സ്വന്തം മനസ്സിൽ നിന്നാണ്. മനസ്സിന്റെ നിയന്ത്രണം ബോധത്തിന് അധിഷ്ഠിതമാണ്. ബോധമില്ലാത്ത അവസ്ഥയിൽ ദുഃഖവും ഇല്ല സന്തോഷവും ഇല്ല. നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ കഴുത്തിൽ കിടക്കുന്ന സ്വർണ്ണ മാല മോഷ്ടിക്കപ്പെട്ടാൽ ആ സമയത്ത് ഒരു ദുഖവും ഉണ്ടാകുന്നില്ല. ഉണർന്നതിനുശേഷം ആണ് അറിയുന്നതും ,ദുഃഖം വരുന്നതും. ബോധ മനസ്സിൽ മാത്രമേ എല്ലാ അനുഭവിക്കാൻ കഴിയൂ.
മുൻ ജന്മങ്ങളിൽ നിന്ന് ഹൃദയത്തിൽ, വികാരം, ബുദ്ധി, ഭാവം, ഓർമ്മ, എന്നീ ചിന്തകൾ വഴി ഒട്ടിപ്പിടിച്ചവയിൽ ദൈവീകവും, ചീത്തയും കാണും. ഉറങ്ങുമ്പോഴും, ഉണർന്നിരിക്കുമ്പോളും ചിന്തകളുടെ ഒരു ഘോഷയാത്ര തന്നെ മനസ്സിൽ കൂടി കടന്നു പോകും, അതിൽ വേണ്ടതും, വേണ്ടാത്തതും കാണും ജ്ഞാനദൃഷ്ടിയോടെ ചിന്തിക്കുന്നത് മാത്രം ബുദ്ധിയിൽ തങ്ങിനിൽക്കും.
ഈ ബുദ്ധി വൈഭവങ്ങൾ ഒക്കെ ഉള്ള മനുഷ്യനെ ദിനംപ്രതി ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു അനുഷ്ഠാനം വഴി, ബലഹീനനാക്കി, ചൂഷണം ചെയ്ത്, പാപികൾ എന്ന് മുദ്രകുത്തി, ചിന്തിക്കാൻ പോലും ഇടനൽകാത്ത വിധം ദുഃഖത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നവരെ ഒഴിവാക്കി സന്തോഷം തരുന്ന മാർഗ്ഗം തിരഞ്ഞെടുക്കുക. നിത്യ ആനന്ദം അനുഭവിക്കാൻ അവനവനിൽ തന്നെയുള്ള ഈശ്വര ചൈതന്യത്തെ ധ്യാനിക്കുക. അതുവഴി മനസുഖവും, ആരോഗ്യവും, ബുദ്ധിയും ലഭിക്കും.
മനസ്സിനെ അറിയാനുള്ള ഒരു മാർഗമാണ് ധ്യാനം. മനസ്സിലെ ഇല്ലായ്മകളും പോരായ്മകളും മനസ്സിലാക്കാൻ അവനവന് മാത്രമേ കഴിയൂ. സുഖ, ദുഃഖങ്ങളുടെ സമിശ്രിതമാണ് ജീവിതം. ജീവിതം ആസ്വദിക്കണമെങ്കിൽ ആത്മീയ അറിവ് നേടണം. അതിന് ധ്യാനമാർഗ്ഗം അഭ്യസിക്കണം.
ധ്യാനിക്കാൻ ഇരിക്കുമ്പോൾ സാക്ഷി ഭാവത്തിലാണ് ഇരിക്കേണ്ടത്. പല ദിവസങ്ങളിലും പല കാഴ്ചകളും അനുഭവങ്ങളും ഉണ്ടായേക്കാം. അതിൽ ശ്രദ്ധിക്കാതെ ഹൃദയത്തിലുള്ള ഈശ്വരനിലേക്ക് ഇറങ്ങിച്ചെന്ന്, ഈശ്വരനെ അനുഭവിക്കുക. ധ്യാനത്തിൽ ലയിക്കുമ്പോൾ സുഖം കിട്ടും, ഇന്ദ്രിയ സുഖത്തിൽ നിന്ന് ആത്മീയ സുഖത്തിലേക്ക് എത്തിച്ചേരും. അത് ആത്മബലത്തിന് കാരണമാകും. ബോധത്തിന് ചിന്തകളെ ഓർത്തു വയ്ക്ക്കാനും, ഉണർത്തുന്നതിനും, അനുഭവിക്കുന്നതിനും കഴിയും.
ധ്യാനം അതൊരു ശീലമാകും. അത് ആസ്വദിച്ച് വരുമ്പോൾ, അതിൽ ആകർഷിച്ച്, ഒരു ആത്മീയ തൃപ്തി വരും. അതിൽ കൂടി, അതൊരു ലഹരിയായി മാറും. ആ ലഹരിയാണ് ഇന്നിന്റെ ആവശ്യം.
mm
ഇന്നിൻ്റെ ആവശ്യം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
മുൻജന്മത്തിലും വരുംജന്മത്തിലും വിശ്വാസമില്ലെങ്കിലും ഈ ജന്മം നന്നായി ജീവിക്കണമെങ്കിൽ ധ്യാനാത്മകത ആവശ്യമാണ് എന്നതിൽ യോജിക്കുന്നു. വിശ്വാസങ്ങളിൽ വ്യത്യസ്തയുണ്ടെങ്കിലും ലേഖനം കൗതുകത്തോടെ വായിച്ചു.
നല്ല അവതരണം