അടുത്തിടെയാണ് വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപഭോക്താക്കള്‍ക്കായി വെരിഫൈഡ് പ്രോഗ്രാം മെറ്റ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ട്. മെറ്റ വെരിഫിക്കേഷന്‍ പ്രോഗ്രാം ഇതുവരെ ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും മാത്രമാണ് ലഭ്യമായിരുന്നത്.
ഇതിന് സമാനമായി വാട്‌സാപ്പ് ബിസിനസ് ആപ്പ് ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിലൂടെ വെരിഫൈഡ് ബാഡ്ജ് സ്വന്തമാക്കാനാവും. വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നത് തടയാന്‍ ഇതുവഴി സാധിക്കും. വെരിഫൈഡ് ചെയ്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് വില്പന നടത്തുന്നതിനായി പ്രത്യേകം വാട്‌സാപ്പ് ചാനലും ലഭിക്കും.
സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് വാട്‌സാപ്പ് ബിസിനസ് അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാം. കൂടാതെ വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന പ്രത്യേകം വെബ് പേജും ആരംഭിക്കാനാവും. ആളുകള്‍ക്ക് വാട്‌സാപ്പ് ബിസിനസ് ഉപഭോക്താക്കളെ കോള്‍ ചെയ്യാനാവുന്ന പുതിയ ഫീച്ചര്‍ ഒരുക്കാനുള്ള ശ്രമവും വാട്‌സാപ്പ് നടത്തുന്നുണ്ട്.
ഇതിന് പുറമെ എ.ഐയുടെ സഹായത്തോടെ ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന സൗകര്യവും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഈ സൗകര്യങ്ങള്‍ക്ക് പക്ഷെ വാട്‌സാപ്പ് നിശ്ചിത തുക ഈടാക്കും.
കൂപ്പണ്‍ കോഡ്, ജന്മദിന ആശംസകള്‍ പോലുള്ളവ ഉപഭോക്താക്കള്‍ക്ക് അയക്കുന്നതിനായി വ്യാപാരികള്‍ക്ക് വാട്‌സാപ്പ് ബിസിനസ് ആപ്പില്‍ പ്രത്യേകം പേഴ്‌സണലൈസ്ഡ് മെസേജിങ് സൗകര്യവും അവതരിപ്പിക്കും. മെറ്റ വെരിഫൈഡ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് മാസം 14 ഡോളറാണ്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വൈകാതെ ഈ സൗകര്യമെത്തും.