Saturday, December 7, 2024
Homeഇന്ത്യഅഞ്ചുദിവസത്തിനിടെ 858 കോടിയുടെ വർധനവ്; കുതിച്ചുകയറി ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ സ്വത്ത്.

അഞ്ചുദിവസത്തിനിടെ 858 കോടിയുടെ വർധനവ്; കുതിച്ചുകയറി ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ സ്വത്ത്.

ഹൈദരാബാദ്: ആന്ധ്ര ഭരണം പിടിച്ചതിന് പിന്നാലെ തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) നേതാവ് എൻ. ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ സ്വത്തില്‍ വന്‍ വര്‍ധനവ്. പുതിയ എന്‍.ഡി.എ. സര്‍ക്കാരിന്റെ ‘കിങ് മേക്കറാ’യ ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വത്ത് മൂല്യം കുതിച്ചുകയറിയത്. വെറും അഞ്ചുദിവസം കൊണ്ട് നായിഡുവിന്റെ കുടുംബത്തിന്റെ കൈവശമുള്ള ഓഹരിയുടെ മൂല്യത്തിലാണ്‌ 858 കോടി രൂപയുടെ വര്‍ധന ഉണ്ടായത്.

ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹൈദരാബാദ് ആസ്ഥാനമായ ഹെറിറ്റേജ് ഫുഡ്‌സ് എന്ന പാല്‍ ഉത്പന്നങ്ങളുടെ കമ്പനിയുടെ ഓഹരിമൂല്യത്തിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണം. കഴിഞ്ഞ അഞ്ച് വ്യാപാര ദിവസങ്ങളിലായി 65 ശതമാനത്തിന്റെ വര്‍ധനയാണ് ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരിയിലുണ്ടായത്‌. കഴിഞ്ഞ വെള്ളിയാഴ്ച, അതായത് മേയ് 31-ന് 403 രൂപ മാത്രമുണ്ടായിരുന്ന ഹെറിറ്റേജിന്റെ ഓഹരിയുടെ ഇന്നത്തെ മൂല്യം 662 രൂപയാണ്. 52 ആഴ്ചയ്ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്‌.
ആന്ധ്രപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്ന മേയ് 13-ന് ഒരു ഓഹരിക്ക് 363 രൂപയായിരുന്നു ഹെറിറ്റേജ് ഫുഡ്‌സിന്റെ ഓഹരിമൂല്യം. അവിടെ നിന്നാണ് കേവലം ഒരുമാസത്തില്‍ താഴെ മാത്രം സമയംകൊണ്ട് 989 കോടി (82 ശതമാനം) രൂപ മൂല്യം വര്‍ധിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഹെറിറ്റേജ് ഫുഡ്‌സിന്റെ 35.7 ശതമാനം ഓഹരികളും ചന്ദ്രബാബു നായിഡുവിന്റെ കുടുംബത്തിന്റെ കൈവശമാണ്.

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യ നര ഭുവനേശ്വരിയാണ് ഹെറിറ്റേജ് ഫുഡ്‌സിന്റെ എം.ഡി. കമ്പനിയുടെ 24.4 ശതമാനം ഓഹരികളും ഇവരുടെ പേരിലാണ്. ഇവരുടെ മകന്‍ നര ലോകേഷാണ് രണ്ടാമത്തെ വലിയ ഓഹരിയുടമ. 10.8 ശതമാനം ഓഹരികളാണ് ലോകേഷിന്റെ കൈവശമുള്ളത്. ചന്ദ്രബാബു നായിഡുവിന്റെ മരുമകള്‍ നര ബ്രാഹ്‌മണി (0.5 ശതമാനം), ചെറുമകന്‍ ദേവാംശ് നര (0.1 ശതമാനം) എന്നിവര്‍ ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളുടെ പേരില്‍ കമ്പനിയുടെ ഒരുശതമാനത്തില്‍ താഴെ ഓഹരികളാണ് ഉള്ളത്.
ആന്ധ്രാപ്രദേശിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച മുന്നേറ്റമാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി. നടത്തിയത്. നിയമസഭയില്‍ 135 സീറ്റുകളും ലോക്‌സഭയില്‍ 16 സീറ്റുകളുമാണ് ആന്ധ്രയില്‍ നിന്ന് ടി.ഡി.പി. നേടിയത്. കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം ബി.ജെ.പിയ്ക്ക് ഇല്ലാതായതോടെയാണ് എന്‍.ഡി.എയുടെ ഭാഗമായ ടി.ഡി.പിയുടെ നേതാവ് ചന്ദ്രബാബു നായിഡു കേന്ദ്രത്തിലെ ‘കിങ് മേക്കറാ’യി മാറിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments