വാഷിങ്‌ടൺ; ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ അടുത്തയാഴ്‌ച വെടിനിർത്തൽ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. വെടിനിർത്തൽ കരാറിനായി പരിശ്രമിക്കുന്ന ചിലരുമായി സംസാരിച്ചതിനു ശേഷമാണ് താൻ പ്രതീക്ഷ പ്രകടിപ്പിക്കുന്നതെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ഗാസയിൽ വെടിനിർത്തലിനെക്കുറിച്ച് പങ്കിടാൻ തങ്ങൾക്ക് ഒരു വിവരവുമില്ലെന്നാണ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന്റെ ഓഫീസിന്റെ വക്താവ് പ്രതികരിച്ചത്.
ഇസ്രയേലി ആക്രമണത്തിനെതിരെ അന്താരാഷ്‌ട്രതലത്തിൽ വിമർശനം വർധിക്കുന്ന സമയത്താണ് ട്രംപിന്റെ വെടിനിർത്തൽ പ്രവചനം. നേരത്തെ, ഹമാസുമായുള്ള വെടിനിർത്തൽ ഉടമ്പടി മാർച്ചിൽ ഏകപക്ഷീയമായി ലംഘിച്ചാണ് ഗാസയ്‌ക്കെതിരായ ആക്രമണം ഇസ്രയേൽ ശക്തമാക്കിയത്.”