സാന്ത്വനപരിചരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന ബോധ്യമുണ്ടായാൽ മാത്രമേ ഇടപെടലുകൾ പൂർണവിജയത്തിലെത്തൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതിയും കേരള കെയർ പാലിയേറ്റീവ് ഗ്രിഡിന്റെ പ്രവർത്തനവും കളമശേരിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അർഹരായ ഒരാളും സാന്ത്വനപരിചരണം ലഭിക്കാതെ വിഷമിക്കരുത് എന്നുറപ്പാക്കാൻ സമൂഹം ഇടപെടണം. സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതി ആരോഗ്യരംഗത്ത് കേരളത്തിന്റെ പുതുമാതൃകയാണ്. സാന്ത്വനപരിചരണം സമൂഹമനസ്ഥിതിയാകണം. അത്തരം പൊതുബോധത്തിലേക്ക് സമൂഹം ഉയരണം. സർക്കാർ ചെയ്യുന്ന കാര്യങ്ങളിൽ സമൂഹമാകെ നല്ല പങ്കുവഹിക്കണം. സമൂഹത്തിന്റെ ഉത്തരവാദിത്വമാണിതെന്ന ബോധ്യം സൃഷ്ടിക്കാൻ രാഷ്ട്രീയപാർടികൾ, ബഹുജന–-സാമൂഹ്യ സംഘടനകൾ, കൂട്ടായ്‌മകൾ എല്ലാം മുൻകൈയെടുക്കണം–- മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. ആരോഗ്യമന്ത്രി വീണാ ജോർജ് പാലിയേറ്റീവ് കെയർ ഗ്രിഡ് പ്രവർത്തന മാർഗരേഖ പ്രകാശിപ്പിച്ചു. ഓപ്പൺ ഹെൽത്ത് കെയർ നെറ്റ്‌വർക് ടീമിനുള്ള ഉപഹാരം വീണാ ജോർജും എം ബി രാജേഷും നൽകി. വ്യവസായമന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി, പി വി ശ്രീനിജിൻ എംഎൽഎ, കലക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, തദ്ദേശഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഡോ. എസ് ചിത്ര എന്നിവർ പങ്കെടുത്തു.



