വ്യവസായ രംഗത്ത് കമ്പനികള്‍ തമ്മില്‍ കടുത്ത മത്സരം നിലനില്‍ക്കാറുണ്ട്. എതിരാളികള്‍ ഒരുപടി മുന്നേറുന്നത് മറ്റുള്ളവരെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഇപ്പോഴിതാ മുന്‍നിര ഏവിയേഷന്‍ കമ്പനിയായ ബോയിങും അത്തരം ഒരു അവസ്ഥയിലാണ്. ബോയിങ് വികസിപ്പിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നീ ബഹിരാകാശ സഞ്ചാരികളെ തിരികെ എത്തിക്കാന്‍ ബോയിങിന്റെ എതിരാളിയായ സ്‌പേസ് എക്‌സിന്റെ പേടകം ഉപയോഗിക്കാന്‍ പോവുകയാണ് നാസ. സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സഞ്ചാരികളുടെ സുരക്ഷ മുന്‍നിര്‍ത്തി മറ്റൊരു പേടകത്തില്‍ ഇരുവരെയും തിരികെ എത്തിക്കാന്‍ തീരുമാനിച്ചത്.
ഇതേ തുടര്‍ന്ന് പത്ത് ദിവസത്തോളം മാത്രം ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടിയിരുന്ന സുനിത വില്യംസിനും സഹയാത്രികനും എട്ട് മാസത്തോളം നിലയത്തില്‍ തുടരേണ്ടി വരും.
തങ്ങളുടെ പേടകം പരാജയപ്പെട്ട് എതിരാളിയായ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ പേടകം ഉപയോഗിക്കേണ്ടി വന്നതില്‍ ബോയിങ് ജീവനക്കാര്‍ കടുത്ത അപമാനഭാരത്തിലും നാണക്കേടിലുമാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പേര് വെളിപ്പെടുത്താത്ത ഒരു ബോയിങ് ജീവനക്കാരന്‍ പറയുന്നതിങ്ങനെ. ഞങ്ങള്‍ക്ക് വലിയ അപമാനകരമായ സാഹചര്യങ്ങളാണുണ്ടായത്. എല്ലാവരും ഞങ്ങളെ ഉറ്റുനോക്കുന്ന സ്ഥിതി വന്നു. കാര്യങ്ങള്‍ വളരെ മോശമായി മാറി. സ്‌പേസ് എക്‌സിനെ വെറുക്കുന്നവരാണ് ഞങ്ങള്‍. അവരെ എപ്പോഴും കുറ്റപ്പെടുത്താറുണ്ട്. ഇപ്പോള്‍ അവരാണ് ഞങ്ങളെ സഹായിക്കുന്നത്. വളരെ നാണക്കേടാണിത്.
ഞാന്‍ അപമാനിതനാണ്.ഭയം തോന്നുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. തങ്ങളുടെ ആത്മധൈര്യം ചോര്‍ന്നുപോയെന്നും പലരും ഇതിന് നാസയെ കുറ്റപ്പെടുത്തുന്നുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ ആറിനാണ് സ്റ്റാര്‍ലൈനര്‍ പേടകം സഞ്ചാരികളില്ലാതെ നിലയത്തില്‍ നിന്ന് പുറപ്പെടുക.